കേരളത്തില്‍ റിട്ടേണ്‍ സമര്‍പ്പിച്ച ഭൂരിപക്ഷം പേര്‍ക്കും നികുതി ബാധ്യത ഇല്ല

കേരളത്തില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണം കഴിഞ്ഞ 4 വര്‍ഷത്തിനിടെ 19.16% വര്‍ധിച്ചു. 2019-20 ല്‍ 16.56 ലക്ഷം പേരാണ് സംസ്ഥാനത്ത് റിട്ടേണ്‍ ഫയല്‍ ചെയ്തത്. 2020-21ല്‍ ഇത് 17.08 ലക്ഷവും 2021-22ല്‍ ഇത് 17.95 ലക്ഷവുമായി ഉയര്‍ന്നു. 2022-23 ല്‍ ഇതുവരെ 19.73 ലക്ഷം പേര്‍ കേരളത്തില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 10.81 ലക്ഷം പേര്‍ക്ക് നികുതി ബാധ്യതയില്ല.

മുന്നില്‍ മഹാരാഷ്ട്ര

രാജ്യത്താകെ ഈ കാലയളവില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തിലെ വര്‍ധന 6.18% ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.4 കോടി പേരാണ് രാജ്യത്താകെ ആദായനികുതി റിട്ടേണ്‍ നല്‍കിയത്. 1.13 കോടിയോടെ ഏറ്റവും കൂടുതല്‍ റിട്ടേണുകള്‍ മഹാരാഷ്ട്രയില്‍ നിന്നാണ്.

നികുതി ബാധ്യതയില്ലത്തവര്‍ ഇവിടെ

രാജ്യത്ത് ഏറ്റവും കുറവ് ആദായനികുതിദായകരുളളത് ലക്ഷദ്വീപില്‍ ആണ്. നികുതി ബാധ്യതയില്ലത്തവര്‍ കൂടുതലുള്ളതും ഇവിടെ തന്നെ. അതായത് ഒരു സാമ്പത്തിക വര്‍ഷം 2. 5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള നികുതിദായകര്‍ ആദായനികുതി അടയ്ക്കേണ്ടതില്ലെങ്കിലും റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. ഇവരാണ് നികുതി ബാധ്യതയില്ലത്തവര്‍. ലക്ഷദ്വീപില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത 4,454 പേരില്‍ 1,761 റിട്ടേണുകള്‍ക്ക് (40%) നികുതി ബാധ്യതയില്ല.

അവസാന തീയതി

2022-23 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ആദായ നികുതി വകുപ്പിന്റെ നിയമങ്ങള്‍ അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961-ലെ സെക്ഷന്‍ 234 എയിലെ വ്യവസ്ഥകള്‍ അനുസരിച്ച് മറ്റ് പിഴകള്‍ക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം.

Related Articles
Next Story
Videos
Share it