ഈ വഴികള്‍ സ്വീകരിച്ചാല്‍ ആദായനികുതി ലാഭിക്കാം

ഈ സാമ്പത്തിക വര്‍ഷം (2023-2024) ആദായനികുതി ഇളവിനായി നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള അവസരം മാര്‍ച്ച് 31ഓടെ അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇതുവരെ നിക്ഷേപങ്ങള്‍ നടത്താത്ത നികുതിദായകരും ഏതാനും നിക്ഷേപം മാത്രം നടത്തിയവരും ഈ സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം കണക്കാക്കി ആവശ്യമായ നിക്ഷേപങ്ങള്‍ നടത്തി അര്‍ഹതപ്പെട്ട നികുതി ഇളവുകള്‍ നേടിയെടുക്കാന്‍ ശ്രദ്ധിക്കണം.

പലപ്പോഴും ജോലിത്തിരക്കുകളിലും മറ്റും പെട്ട് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താത്തത് മൂലം കൂടുതല്‍ തുക നികുതിയായി അടയ്ക്കേണ്ടി വരുന്ന സ്ഥിതി പലര്‍ക്കുമുണ്ട്. കുറച്ച് സമയം കണ്ടെത്തി കാര്യങ്ങള്‍ അറിഞ്ഞ് ആവശ്യമായ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഒരു രൂപ പോലും നികുതി നല്‍കാതെയിരിക്കാനും ആയേക്കാം.

നികുതി കണക്കാക്കുന്ന ഘടനയില്‍ കാതലായ മാറ്റം 2020ലെ ബജറ്റിലാണ് ധനമന്ത്രി ആദ്യമായി അവതരിപ്പിച്ചത്. ഇത് പ്രകാരം നികുതി കണക്കാക്കുന്നതിനായി ഒരു പുതിയ രീതികൂടി വന്നു. ആവശ്യമായ നിക്ഷേപങ്ങള്‍ നടത്തി നികുതി ഇളവിന് അവസരം ലഭിച്ചിരുന്ന സ്ഥാനത്ത് പുതിയ നികുതി ഘടനയില്‍ പ്രധാന ആകര്‍ഷണം ലഭിക്കുന്ന വരുമാനത്തിന് മുഴുവന്‍ കുറഞ്ഞ നിരക്കില്‍ നികുതി കണക്കാക്കുക എന്നതായിരുന്നു.

എന്നാല്‍ ഈ രീതി തിരഞ്ഞെടുക്കുന്ന നികുതിദായകരുടെ എണ്ണം വിരളമായതോടെ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി 2023ലെ ബജറ്റില്‍ കാര്യമായ മാറ്റങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കൊണ്ടുവരികയായിരുന്നു. ഈ മാറ്റങ്ങള്‍ വന്ന ശേഷമുള്ള ആദ്യത്തെ സാമ്പത്തിക വര്‍ഷമായതുകൊണ്ട് ഏത് രീതി തിരഞ്ഞെടുക്കണം എന്ന ഒരു ആശയക്കുഴപ്പം നികുതിദായകരുടെ ഇടയില്‍ ഉണ്ടായിട്ടുണ്ട്. പഴയ രീതിയോ പുതിയ രീതിയോ നികുതിദായകര്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം എന്നുള്ളതുകൊണ്ട് തന്നെ കൂടുതല്‍ മെച്ചം ലഭിക്കുന്ന രീതി തിരഞ്ഞെടുത്ത് നികുതി ലാഭിക്കാവുന്നതാണ്.

നിക്ഷേപം നടത്തുക

പഴയ രീതി പ്രകാരം ഇ.എല്‍.എസ്.എസ്, പി.പി.എഫ്, ഇ.പി.എഫ്, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, സ്‌കൂള്‍ ഫീസ്, ഭവനവായ്പയിലെ മുതലിലേക്കുള്ള തിരിച്ചടവ്, സുകന്യ സമൃദ്ധിയോജന, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, എന്‍.പി.എസ് എന്നിങ്ങനെ വിവിധ നിക്ഷേപങ്ങള്‍ നടത്തി ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം 1,50,000 രൂപ വരെ നികുതി ഇളവിനായി വിനിയോഗിക്കാവുന്നതിനോടൊപ്പം നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ (എന്‍.പി.എസ്) നിക്ഷേപിക്കുന്ന 50,000 രൂപ കൂടി 80CCD(1) പ്രകാരം നികുതി ഇളവിനായി പ്രയോജനപ്പെടുത്താം.

അതുപോലെ തന്നെ സ്വന്തം പേരിലോ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയോ അടയ്ക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 25,000 രൂപ വരെയും (മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപ വരെ) 80D പ്രകാരം നികുതിയിളവ് നേടാനാകും. മാതാപിതാക്കള്‍ക്ക് വേണ്ടി അടയ്ക്കുന്ന പ്രീമിയത്തിലും ഇതേ ഇളവ് നേടാം.

വീട് എന്ന സ്വപ്നം സഫലമാക്കുന്നതിനായി ഭവനവായ്പയെ ആശ്രയിക്കാത്തവര്‍ വിരളമായിരിക്കും. ഇതിലേയ്ക്ക് അടയ്ക്കുന്ന പലിശയില്‍ രണ്ട് ലക്ഷം രൂപ വരെ നികുതിയിളവിനായി വിനിയോഗിക്കാം എന്നത് വലിയ തുക പലിശയായി നല്‍കുന്നവര്‍ക്ക് ചെറിയൊരു ആശ്വാസം നല്‍കുന്ന കാര്യമാണ്.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിവൈകല്യം എന്നിവ ബാധിച്ച ആശ്രിതരുടെ ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വരുന്ന തുകയില്‍ 75,000 രൂപ വരെ 80DD പ്രകാരം കിഴിവ് ലഭിക്കും. 80 ശതമാനത്തിലധികമാണ് വൈകല്യമെങ്കില്‍ 1,25,000 രൂപ വരെ കിഴിവ് ലഭിക്കും. അതുപോലെ തന്നെ ചില അസുഖങ്ങള്‍ക്കുള്ള ചികിത്സാ ചെലവ് 80DDB പ്രകാരം 60 വയസില്‍ താഴെ ആണെങ്കില്‍ 40,000 രൂപയും മറ്റുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ വരെയും ഇളവിനായി ഉപയോഗിക്കാം.

ഭവന വായ്പ പോലെ തന്നെ ഇന്ന് സാധാരണമാണ് വിദ്യാഭ്യാസ വായ്പയും. നിങ്ങളുടെയോ പങ്കാളിയുടെയോ മക്കളുടെയോ ഉന്നത വിദ്യാഭ്യാസത്തിനായി എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് 80E പ്രകാരം കിഴിവ് ലഭിക്കും. ഒരു സാമ്പത്തിക വര്‍ഷം മുഴുവന്‍ അടച്ച പലിശ തുകയ്ക്കും ഇളവ് ലഭിക്കും എന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്.

80G, 80GGC എന്നീ വകുപ്പുകള്‍ പ്രകാരം യഥാക്രമം റിലീഫ് ഫണ്ടുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവന എന്നിവ കിഴിവിനായി ഉപയോഗിക്കാം. നികുതി ഇളവിനായി ചെയ്യുന്ന നിക്ഷേപങ്ങള്‍, സംഭാവന, ചെലവുകള്‍ എന്നിവ പണമായി നല്‍കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാനകാര്യം. പണമായി നല്‍കിയാല്‍ നികുതിയിളവിനായി അത് വിനിയോഗിക്കാന്‍ സാധിക്കില്ല.

വൈദ്യുത കാര്‍, ബൈക്ക് എന്നിവ വായ്പയെടുത്ത് വാങ്ങിയവര്‍ക്ക് 80EEB പ്രകാരം അടയ്ക്കുന്ന പലിശയ്ക്ക് 1,50,000 രൂപ വരെ നികുതി ഇളവിനായി ഉപയോഗിക്കാം. ഈ വായ്പ 2019 ഏപ്രില്‍ ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ അനുവദിച്ചതായിരിക്കണം എന്ന നിബന്ധന കൂടിയുണ്ട്.

വീട്ട് വാടക നല്‍കുന്നവര്‍ക്ക് ചില നിബന്ധനയ്ക്ക് വിധേയമായി ഇളവ് നേടാം. HRA സാലറിയുടെ ഭാഗമായി വരുന്നവര്‍ക്ക് താഴെ പറയുന്നവയില്‍ ഏതാണോ കുറവ് അതനുസരിച്ച് ഇളവ് ലഭിക്കും.

1. HRA ആയി ലഭിക്കുന്ന തുക.

2. അടിസ്ഥാന ശമ്പളവും ഡി.എയും ചേര്‍ന്നുള്ള തുകയുടെ 50 ശതമാനം മെട്രോ നഗരത്തില്‍ താമസിക്കുന്നവര്‍ക്കും 40 ശതമാനം അല്ലാത്തവര്‍ക്കും.

3. അടിസ്ഥാന ശമ്പളവും ഡി.എയും ചേര്‍ന്നുള്ള തുകയുടെ പത്ത് ശതമാനത്തേക്കാള്‍ കൂടുതല്‍ നല്‍കിയ വാടക.

ഇനി HRA സാലറിയുടെ ഭാഗമായി ചേര്‍ത്തിട്ടില്ല എങ്കിലും പരമാവധി 60,000 രൂപയോ ആകെ വരുമാനത്തിന്റെ 25 ശതമാനമോ അല്ലെങ്കില്‍ ആകെ വരുമാനത്തിന്റെ 10 ശതമാനത്തിലധികം കൊടുത്ത വാടക-ഇവയില്‍ ഏതാണോ കുറവ്, ആ തുക 80GG പ്രകാരം ഇളവിനായി പരിഗണിക്കാം.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം

നികുതിദായകന് 40 ശതമാനത്തിന് മുകളില്‍ വൈകല്യമുണ്ടെങ്കില്‍ 75,000 രൂപ വരെയും 80 ശതമാനത്തില്‍ അധികമാണ് എങ്കില്‍ 1,25,000 രൂപ വരെയും 80U വകുപ്പ് വഴി കിഴിവ് നേടാം. ചികിത്സയ്ക്കായി പണം ചെലവഴിക്കണം എന്ന് നിര്‍ബന്ധമില്ലെന്നതാണ് 80U വകുപ്പ് നല്‍കുന്ന പ്രധാന ആനുകൂല്യം.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍.പി.എസ്) തൊഴിലുടമ അടയ്ക്കുന്ന വിഹിതത്തിന് നികുതിയിളവില്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ആദായ നികുതി വകുപ്പിലെ 80CCD (2) പ്രകാരമാണ് കിഴിവിന് അര്‍ഹത ലഭിക്കുന്നത്. സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളവും ഡി.എയും ചേര്‍ന്ന തുകയുടെ 10 ശതമാനം തുക വരെ ഇളവ് ലഭിക്കും. 80CCD (1) പ്രകാരം ലഭിക്കുന്ന ഇളവിന് പുറമേയാണിത്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് വിഭാഗത്തില്‍ ചീഫ് മാനേജരാണ് ലേഖകന്‍)



Related Articles
Next Story
Videos
Share it