അഡ്വാന്‍സ് ടാക്‌സില്‍ വര്‍ധന; ബജറ്റ് ലക്ഷ്യത്തിന്റെ 80% നേടി പ്രത്യക്ഷ നികുതി

രാജ്യത്തെ അഡ്വാന്‍സ് ടാക്‌സ് (മുന്‍കൂര്‍ നികുതി) പിരിവ് 12.83 ശതമാനം ഉയര്‍ന്ന് 5.21 ട്രില്യണ്‍ രൂപയായതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4.62 ട്രില്യണ്‍ രൂപയായിരുന്നു. 2022 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 17 വരെയുള്ള കാലയളവിലെ കോര്‍പ്പറേഷന്‍ അഡ്വാന്‍സ് ടാക്‌സ് മൊത്തത്തില്‍ 3.97 ട്രില്യണ്‍ രൂപയായിരുന്നു. ഇതില്‍ വ്യക്തിഗത അഡ്വാന്‍സ് ടാക്‌സ് പിരിവ് 1.23 ലക്ഷം കോടി രൂപയും.

റീഫണ്ടുകള്‍ക്ക് ശേഷം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അറ്റ പ്രത്യക്ഷ നികുതി പിരിവ് ഇതുവരെ 19.81 ശതമാനം വര്‍ധിച്ച് 11.35 ട്രില്യണ്‍ രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 9.47 ട്രില്യണ്‍ രൂപയായിരുന്നു. നിലവിലെ കണക്ക് മുഴുവന്‍ വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 80 ശതമാനമാണ്. 14.2 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 6.06 ട്രില്യണ്‍ രൂപയുടെ കോര്‍പ്പറേഷന്‍ നികുതി പിരിവും, 5.26 ട്രില്യണ്‍ രൂപയുടെ വ്യക്തിഗത ആദായനികുതിയും ഉള്‍പ്പെടുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൊത്തം നികുതി ശേഖരണം 25.9 ശതമാനം ഉയര്‍ന്ന് 13.63 ട്രില്യണ്‍ രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10.83 ട്രില്യണ്‍ രൂപയായിരുന്നു. മൊത്തം നികുതി ശേഖരത്തില്‍ 5.21 ട്രില്യണ്‍ രൂപ മുന്‍കൂര്‍ നികുതിയും, 6.44 ട്രില്യണ്‍ രൂപ ടിഡിഎസും, 1.4 ട്രില്യണ്‍ സെല്‍ഫ് അസസ്മെന്റ് ടാക്സും, 46,244 കോടി രൂപ റെഗുലര്‍ അസസ്മെന്റ് ടാക്സും, 11,237 കോടി രൂപ മൂല്യമുള്ള മറ്റ് മൈനര്‍ ഹെഡുകള്‍ക്ക് കീഴിലുള്ള നികുതിയും ഇതില്‍ ഉള്‍പ്പെടുന്നു.

Related Articles
Next Story
Videos
Share it