പൂജ്യം! തുടർച്ചയായ രണ്ടാം വർഷവും ആമസോൺ നൽകിയ നികുതി 

800 ബില്യൺ ഡോളറിന്റെ ഒരു കമ്പനി പടുത്തുയർത്തുക. പിന്നീട് ഒറ്റ രൂപ പോലും നികുതി അടക്കാതിരിക്കുക. പറഞ്ഞുവരുന്നത് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ആമസോണിനെക്കുറിച്ചാണ്.

2018-ൽ യുഎസ് വിപണയിൽ ആമസോണിന്റെ ലാഭം മുൻവർഷത്തിന്റെ ഇരട്ടിയായിരുന്നു, 11.2 ബില്യൺ ഡോളർ. എന്നിട്ടും കോർപ്പറേറ്റ് ടാക്സ് ഇനത്തിൽ കമ്പനിയ്ക്ക് ഒറ്റ രൂപ പോലും നൽകേണ്ടി വന്നിട്ടില്ല. എന്നാൽ ഇത് നിയമ വിരുദ്ധമൊന്നുമല്ല കേട്ടോ!

ഭരണകൂടത്തിന്റെ വ്യവസായ സൗഹൃദ നികുതി നിയമങ്ങൾ അനുസരിച്ച് ലഭിക്കുന്ന നികുതി ഇളവുകൾ കാരണമാണ് വൻകിട കമ്പനികൾക്കു പോലും നികുതി അടക്കേണ്ടി വരാത്തതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷൻ ആൻഡ് ഇക്കണോമിക് പോളിസി പറയുന്നു.

ഏറ്റവും പുതിയ ഫയലിംഗിൽ 129 മില്യൺ ഡോളറിന്റെ ഫെഡറൽ ടാക്സ് റീഫണ്ട് ഉണ്ടെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ആമസോൺ നൽകിയ നികുതി പൂജ്യത്തിന് താഴെ (-1) ആയി മാറി. ഇതാദ്യമായല്ല ആമസോണിന് പൂർണ നികുതിയൊഴിവ് ലഭിക്കുന്നത്. 2017ലും മുഴുവൻ തുകയും റീഫണ്ട് ആയി ലഭിച്ചു.

യുഎസിലെ നിയമപ്രകാരം എക്സിക്യൂട്ടീവ് സ്റ്റോക്ക് ഓപ്‌ഷനുകൾക്ക് ലഭിക്കുന്ന ടാക്സ് ക്രെഡിറ്റുകളും ടാക്സ് ബ്രേക്കുകളുമാണ് ഈ നേട്ടം കമ്പനിക്കുണ്ടാക്കിക്കൊടുക്കുന്നത്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റ് നേതാവ് ജോ ബിഡനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ട്രംപിന്റെ ട്വീറ്റിന് പിന്നാലെ കമ്പനിയുടെ ഷെയറുകൾ 9 ശതമാനം ഇടിയുകയും ചെയ്തിരുന്നു.

കോടിക്കണക്കിന് ലാഭം നേടുന്ന ഒരു കമ്പനി, രാജ്യത്തെ ടീച്ചർമാരെക്കാളും അഗ്നിശമനസേനാംഗങ്ങളെക്കാളും കുറവ് നികുതി നൽകുന്നത് ശരിയായ കാര്യമല്ലെന്നായിരുന്നു ജോ ബിഡൻ പറഞ്ഞത്.

ബിഡന്റെ ട്വീറ്റിന് ആമസോൺ നൽകിയ മറുപടി ഇതായിരുന്നു: "ഞങ്ങൾ നേടുന്ന ഓരോ നാണയത്തിനും നികുതി നൽകുന്നുണ്ട്. അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ വീണ്ടും നിക്ഷേപം നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് യുഎസ് കോൺഗ്രസ് നികുതി നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. 2011 മുതൽ കമ്പനി 200 ബില്യൺ ഡോളർ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. 3,00,000 തൊഴിലുകളും സൃഷ്ടിച്ചിട്ടുണ്ട്. ഞങ്ങൾക്കെതിരെയല്ല, ടാക്സ് കോഡിനെതിരെയാണ് ബിഡൻ പരാതിയുന്നയിച്ചിരിക്കുന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു."

വ്യവസായ സൗഹൃദ നികുതി നിയമങ്ങൾ കാരണമാണ് ഇത്തരത്തിലുള്ള വൻ നികുതി ഇളവുകൾ കോർപറേറ്റുകൾക്ക് ലഭിക്കുന്നത്. 2017 ൽ രാജ്യത്തെ കോർപറേറ്റ് നികുതി നിരക്ക് 35 ശതമാനത്തിൽ നിന്ന് 21 ശതമാനമായി കുറക്കുകയും ചെയ്തിരുന്നു. മാത്രമല്ല, യുഎസിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്കുള്ള നികുതി ഇളവുകൾ വളരെ ഉയർന്നതുമാണ്.

ഇക്കാരണം കൊണ്ട് ആമസോൺ മാത്രമല്ല, നെറ്റ്ഫ്ലിക്സ്, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് എന്നിങ്ങനെയുള്ള കമ്പനികൾക്കും നികുതി നൽകേണ്ടി വരുന്നില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it