ജി.എസ്.ടി കോമ്പോസിഷന്‍ സ്‌കീമിന് 31 വരെ അപേക്ഷിക്കാം

2024-25 സാമ്പത്തിക വര്‍ഷം മുതല്‍ പുതുതായി ജി.എസ്.ടി കോമ്പോസിഷന്‍ സ്‌കീം തിരിഞ്ഞെടുക്കുന്ന വ്യാപാരികള്‍ മാര്‍ച്ച് 31ന് മുമ്പ് അപേക്ഷിക്കണമെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചു. നിലവില്‍ കോമ്പോസിഷന്‍ സ്‌കീമിലുള്ളവര്‍ പുതുതായി ഓപ്ഷന്‍ നല്‍കേണ്ടതില്ല. എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ യൂണീക്ക് ആയ തുടര്‍ സീരീസില്‍ ഉള്ള ടാക്‌സ് ഇന്‍വോയ്‌സുകള്‍ ഉപയോഗിക്കണം.

അഞ്ച് കോടി രൂപയിലേറെ വിറ്റുവരവുള്ള വ്യാപാരികള്‍ ഏപ്രില്‍ ഒന്നു മുതല്‍ ഇ-ഇന്‍വോയ്‌സ് നിര്‍ബന്ധമായി പാലിക്കണം. ഇല്ലെങ്കില്‍ ഇന്‍പുട്ട് ടാക്‌സ് ആനുകൂല്യം കിട്ടില്ല. കൂടാതെ ശിക്ഷാനടപടിയും നേരിടേണ്ടി വരും.

മൂന്ന് മാസത്തിലൊരിക്കല്‍ മാത്രം നികുതി റിട്ടേണ്‍ നല്‍കാനാഗ്രഹിക്കുന്നവരും ഏപ്രില്‍ ഒന്നിന് മുമ്പ് ഓപ്ഷന്‍ തിരഞ്ഞെടുക്കണം. നിലവില്‍ ത്രൈമാസ റിട്ടേണ്‍ നല്‍കുന്നവര്‍ക്ക് പ്രതിമാസ റിട്ടേണിലേക്ക് മാറാനും സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ അപേക്ഷിക്കണം.

ഐ.ജി.എസ്.ടി അടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ സെസ് യൂണിറ്റുകളിലേക്കോ സാധനങ്ങളോ സേവനങ്ങളോ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ എല്ലാ സാമ്പത്തിക വര്‍ഷവും ഇടപാടിന് മുന്‍പായി നിശ്ചിത ഫോറത്തില്‍ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് കമ്മിഷ്ണര്‍ മുമ്പാകെ ഫയല്‍ ചെയ്യണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു. വരുന്ന സാമ്പത്തിക വര്‍ഷത്തേക്ക് ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് നല്‍കാനുള്ള സൗകര്യം ഏപ്രില്‍ ഒന്നു മുതല്‍ ജി.എസ്.ടി പോര്‍ട്ടലില്‍ ലഭിക്കും.

Related Articles
Next Story
Videos
Share it