ബജറ്റ്: സ്‌ളാബ് മാറ്റത്തിലൂടെ 7 ലക്ഷം വരെ വരുമാനത്തിന് നികുതിയിളവ് പ്രതീക്ഷ

7-10 ലക്ഷം രൂപ വരെ വരുമാനത്തിന് 10 ശതമാനമെന്നും സൂചന

Corporate Tax
Image credit: Freepik.com
-Ad-

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ വ്യക്തിഗത ആദായ നികുതി നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചന ശക്തം. നികുതി സ്‌ളാബുകളിലും സമഗ്ര മാറ്റം പ്രതീക്ഷിക്കുന്നവരുമുണ്ട്. നിലവില്‍ രണ്ടര ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി ബാധ്യയതയില്ല.

രണ്ടര ലക്ഷത്തിനുമേല്‍ അഞ്ചു ലക്ഷം രൂപ വരെ വരുമാനക്കാര്‍ക്ക് അഞ്ചു ശതമാനം നികുതിയുണ്ട്. എന്നാല്‍, ഇവരെ 100 ശതമാനം റിബേറ്റിലൂടെ നികുതി ബാധ്യയതയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ ഏഴു ലക്ഷം രൂപവരെയുള്ളവരെയും ഈ സ്‌ളാബില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് പേരു വെളിപ്പെടുത്താത്ത ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍ബിസി ആവാസിന്റെ മനീഷ് ദേശായി റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ അഞ്ചുലക്ഷം മുതല്‍ 10 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ 20 ശതമാനം നികുതി നല്‍കണം. പുതിയ ബജറ്റില്‍ സ്ലാബ് മാറ്റമുണ്ടായാല്‍ ഒട്ടേറെ ഇടത്തരം വരുമാനക്കാര്‍ക്ക് നേട്ടമാകും. ഒരുപക്ഷേ, 100 ശതമാനം റിബേറ്റ് അനുവദിച്ചാല്‍ സമ്പൂര്‍ണ നികുതി ഇളവ് തന്നെ ഇവര്‍ക്ക് ലഭിച്ചേക്കാം.

-Ad-

ഏഴു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 10 ശതമാനം നികുതിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ 20 ശതമാനവും. 20 ലക്ഷം മുതല്‍ 10 കോടി രൂപ വരെ 30 ശതമാനം ആയിരിക്കാം നികുതി നിരക്ക്. 10 കോടിക്കും അതിന് മുകളിലുള്ളതിനും 35 ശതമാനം വരാം. യഥാക്രമം 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം രൂപ സമ്പാദിക്കുന്ന വ്യക്തികള്‍ക്ക് ഇതിലൂടെ വരുന്ന നികുതിയിളവ് യഥാക്രമം 60,000, 1.1 ലക്ഷം, 1.6 ലക്ഷം രൂപ.

2018-19  അസസ്‌മെന്റ് വര്‍ഷത്തില്‍ നികുതി വകുപ്പിനു ലഭ്യമായ ഡാറ്റ പ്രകാരം വ്യക്തികള്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, വ്യക്തികളുടെ കൂട്ടായ്മകള്‍ എന്നിവയുള്‍പ്പെടെ എല്ലാ നികുതിദായകരും ചേര്‍ന്ന് റിപ്പോര്‍ട്ടു ചെയ്ത മൊത്തം വരുമാനത്തില്‍ ഏകദേശം 40% ആണ് ശമ്പളക്കാരുടെ പങ്ക്. നികുതി വരുമാനത്തിനായി ഈ ഒരു വിഭാഗത്തെ അമിതമായി ആശ്രയിക്കുന്നത് ശരിയായ  നയമല്ലെന്ന അഭിപ്രായം ശക്തമായി വരുന്നു.

സര്‍ക്കാരിന്റെ സാമ്പത്തിക പരിമിതികള്‍ക്കിടയിലും, ശമ്പളക്കാര്‍ക്ക് ഉള്‍പ്പെടെ ആദായനികുതി ആശ്വാസം ഉണ്ടാകുമെന്ന പ്രതീക്ഷ വളര്‍ന്നിരിക്കുന്നത് ഇതിനാലാണ്. ‘നികുതി സ്ലാബുകള്‍ ബജറ്റില്‍ കൂടുതല്‍ യുക്തിസഹമാക്കുമെന്നു കരുതാം. ഇത് നികുതിദായകര്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യും. മാത്രമല്ല കൂടുതല്‍ പണം ആളുകളുടെ കൈയില്‍ ചെലവഴിക്കാന്‍ ലഭിക്കുകയും ചെയ്യും,’ പിഡബ്ല്യുസി ഇന്ത്യയുടെ കുല്‍ദീപ് കുമാര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here