ഏപ്രില്‍ ഒന്നു മുതല്‍ ആദായനികുതി വ്യവസ്ഥകളില്‍ മാറ്റം

2023 ലെ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആദായനികുതി സ്ലാബുകളില്‍ മാറ്റം വരുത്തിയിരുന്നു. അതായത്, 2020-21 സാമ്പത്തിക വര്‍ഷം മുതല്‍, ലളിതമാക്കിയ വ്യക്തിഗത നികുതി വ്യവസ്ഥ എന്നറിയപ്പെടുന്ന പുതിയ നികുതി വ്യവസ്ഥ (NTR) നടപ്പിലാക്കി. 2023 ഏപ്രില്‍ 1 മുതല്‍ പുതിയ നികുതി സമ്പ്രദായത്തില്‍, യോഗ്യരായ ആളുകള്‍ക്ക് ചില കിഴിവുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

നികുതി ഇളവുകള്‍

1. ശമ്പളമുള്ള വ്യക്തികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍:

ഒരു സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ എന്നത് അടിസ്ഥാനപരമായി വ്യക്തി ഏറ്റെടുത്തിട്ടുള്ള നിക്ഷേപമോ ചെലവോ പരിഗണിക്കാതെ അനുവദനീയമായ ഒരു നികുതി കിഴിവാണ്. ഈ തരത്തിലുള്ള ആദായനികുതി സ്റ്റാന്‍ഡേര്‍ഡ് കിഴിവ് ഒരു സാധാരണ നിരക്കില്‍ അനുവദനീയമാണ്, അതിനാല്‍ ഈ കിഴിവ് ലഭിക്കാന്‍ വെളിപ്പെടുത്തലുകളോ നിക്ഷേപ തെളിവുകളോ ബില്ലുകളോ ആവശ്യമില്ല.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്ന പുതിയ നികുതി സമ്പ്രദായത്തിന് കീഴില്‍, ശമ്പളം വാങ്ങുന്ന നികുതിദായകര്‍ ഇപ്പോള്‍ 2000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് അര്‍ഹരാണ്. പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കാന്‍ ശമ്പളമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്, സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആനുകൂല്യം പുതിയ നികുതി സമ്പ്രദായത്തിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ബുദ്ധിപരമായ തീരുമാനമെടുത്തു എന്നുതന്നെ പറയാം.

2. പുതിയ പെന്‍ഷന്‍ സമ്പ്രദായത്തിലേക്കുള്ള തൊഴിലുടമയുടെ സംഭാവന:

ശമ്പളമുള്ള ഒരു ജീവനക്കാരന്‍ എന്ന നിലയില്‍, നിങ്ങളുടെ കമ്പനി നിങ്ങളുടെ എന്‍പിഎസ് അക്കൗണ്ടിലേക്ക് സംഭാവനകള്‍ നല്‍കിയാല്‍ മൊത്തവരുമാനത്തില്‍ നിന്നുള്ള സംഭാവനയ്ക്ക് കിഴിവ് ക്ലെയിം ചെയ്യാന്‍ നിങ്ങള്‍ക്ക് യോഗ്യതയുണ്ട്. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80CCD (2) പ്രകാരം, ഈ കിഴിവ് ലഭിക്കും.

3. അഗ്നിവീര്‍ കോര്‍പ്പസ് ഫണ്ടിലേക്ക് സംഭാവന നല്‍കിയത്:

അഗ്നിപഥ് സ്‌കീം, 2022 ല്‍ രജിസ്റ്റര്‍ ചെയ്ത അഗ്നിവീര്‍ കോര്‍പ്പസ് ഫണ്ട് സംഭാവന എന്നിവ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അഗ്നിവീര്‍ അംഗങ്ങള്‍ക്ക് അവരുടെ സേവാ നിധിയിലേക്ക് നല്‍കുന്ന സംഭാവനകള്‍ അവരുടെ മൊത്തവരുമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ അനുവദിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

2023-24 സാമ്പത്തിക വര്‍ഷത്തിലെ മാറ്റങ്ങള്‍

87എ റിബേറ്റ് ലഭിക്കുന്നതിനുള്ള നികുതി വിധേയമായ വരുമാന പരിധി നികുതി സമ്പ്രദായത്തിനു കീഴില്‍ 5 ലക്ഷത്തില്‍ നിന്ന് 7 ലക്ഷമായി ഉയര്‍ത്തി. പുതിയ നികുതി സമ്പ്രദായത്തിനു കീഴില്‍ സ്ലാബ് നിരക്കുകള്‍ പുതുക്കി. 5 കോടിയില്‍ കൂടുതലുള്ള വരുമാനത്തിനുള്ള സര്‍ചാര്‍ജ് 37% ല്‍ നിന്ന് 25% ആയി കുറച്ചു. 50,000 രൂപ ശമ്പള വരുമാനത്തിന് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഏര്‍പ്പെടുത്തി.

മറ്റു പ്രധാന മാറ്റങ്ങള്‍

ഏപ്രില്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന സ്വര്‍ണത്തിന് എച്ച് യു ഐ ഡി (Hallmark Unique Identification) ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കി. കേരളത്തില്‍ പെട്രോളിനും ഡീസലിനും 2 രൂപ വീതം ഇന്ധന സെസ് ഏര്‍പ്പെടുത്തി. ബജറ്റില്‍ പ്രഖ്യാപിച്ച മഹിള സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് പദ്ധതിക്കു തുടക്കം (വിജ്ഞാപനം ആയിട്ടില്ല).

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it