ഐടിആര്‍ മറക്കല്ലേ; ന്യൂഇയര്‍ ആഘോഷങ്ങളിലേക്ക് കടക്കും മുമ്പ് ഫയല്‍ ചെയ്യൂ
2021-22 സാമ്പത്തിക വര്‍ഷത്തെ വൈകിയതും പുതുക്കിയതുമായ ആദായ നികുതി റിട്ടേണുകള്‍ (ITRs) ഫയല്‍ ചെയ്യാനുള്ള അവസാന തീയതി 2022 ഡിസംബര്‍ 31 ആണ്. ആദായനികുതി നിയമങ്ങള്‍ പ്രകാരം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി നഷ്ടമായ ഒരു വ്യക്തിക്ക് വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യാം. അതിനാല്‍ 2022 ജൂലൈ 31-നോ അതിനുമുമ്പോ, 2021-22 കാലയളവിലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലാത്ത ഒരാള്‍ക്ക് 2022 ഡിസംബര്‍ 31-നോ അതിനുമുമ്പോ വൈകിയുള്ള ഐടിആര്‍ ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്.
അതുപോലെ, യഥാര്‍ത്ഥ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തുകൊണ്ട് നികുതിദായകന് അത് തിരുത്താനുള്ള അവസരമുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതിയും 2022 ഡിസംബര്‍ 31 ആണ്. ഒരു നികുതിദായകന് 2022 ഡിസംബര്‍ 31-നകം വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള ഓപ്ഷനുണ്ട്.
2022ലെ ബജറ്റിലാണ് സര്‍ക്കാര്‍ ഈ പുതിയ ഓപ്ഷന്‍ പ്രഖ്യാപിച്ചത്. ഒരു വ്യക്തിക്ക് ഒരു യഥാര്‍ത്ഥ ഐടിആര്‍ ഫയല്‍ ചെയ്തിട്ടുണ്ടോ, കാലതാമസം വരുത്തിയിട്ടുണ്ടോ അല്ലെങ്കില്‍ പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്തിട്ടുണ്ടോ, അല്ലെങ്കില്‍ ഒരു പ്രത്യേക സാമ്പത്തിക വര്‍ഷത്തില്‍ ഫോം ഫയല്‍ ചെയ്യുന്നത് പൂര്‍ണ്ണമായും നഷ്ടമായിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ പുതുക്കിയ ഐടിആര്‍ (ഐടിആര്‍-യു) ഫയല്‍ ചെയ്യാം. നിങ്ങള്‍ പുതുവത്സര ആഘോഷങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ്, നിങ്ങളുടെ ആദായ നികുതിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂര്‍ത്തിയായെന്ന് ഉറപ്പാക്കുക.