നിങ്ങളുടെ വാഹനത്തിന് 'ഗ്രീന്‍ ടാക്‌സ്' കൊടുക്കേണ്ടി വരുമോ?

പഴക്കം ചെന്ന വാഹനങ്ങള്‍ക്കുമേല്‍ ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു. ഇതിനായുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അനുമതി നല്‍കി.

എട്ട് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്ന സമയത്ത് ഗ്രീന്‍ ടാക്‌സ് ഈടാക്കും. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ 15 വര്‍ഷത്തിനുശേഷം രജിസ്‌ട്രേഷന്‍ പുതുക്കുമ്പോള്‍ ഗ്രീന്‍ ടാക്‌സ് നല്‍കണം. പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലേ നികുതി ഈടാക്കുകയുള്ളൂ.

മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളെ നിരത്തില്‍ നിന്നൊഴിവാക്കി പ്രകൃതിയെ ശുചീകരിക്കുകയെന്നതാണ് ലക്ഷ്യം. ഗ്രീന്‍ ടാക്‌സിലൂടെ ശേഖരിക്കുന്ന വരുമാനം മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.

സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാനായി കേന്ദ്രം നിര്‍ദ്ദേശം അയച്ചിരിക്കുകയാണ്. ഈ പ്രക്രിയ പൂര്‍ത്തിയായശേഷമാകും ഔദ്യോഗികമായി ഈ നികുതി പ്രഖ്യാപിക്കുക.

പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്തുകയും മലിനീകരണം കുറഞ്ഞ പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായി, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും ഉപയോഗത്തിലിരിക്കുന്ന 15 വര്‍ഷത്തിലധികം പ്രായമുള്ള വാഹനങ്ങള്‍ ഒഴിവാക്കും. സര്‍ക്കാര്‍ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യാനുള്ള പുതിയ നയം 2022 ഏപ്രില്‍ ഒന്നിന് നിലവില്‍ വരും.

റോഡ് നികുതിയുടെ 10 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലാകും ഗ്രീന്‍ ടാക്‌സ്. ഉയര്‍ന്ന തോതില്‍ മലിനീകരണമുള്ള നഗരങ്ങളില്‍ ഒരു വാഹനം വീണ്ടും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ റോഡ് നികുതിയുടെ 50 ശതമാനത്തിന് മുകളിലുള്ള തുക ഗ്രീന്‍ ടാക്‌സ് ആയി ഈടാക്കും.

വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിനും വാഹനത്തിന്റെ തരത്തിനും അനുസരിച്ച് ടാക്‌സിന്റെ സ്ലാബിന് വ്യത്യാസം ഉണ്ടാകും. ഹൈബ്രിഡ്, ഇലക്ട്രിക്, സിഎന്‍ജി, എത്തനോള്‍, എല്‍പിജി വാഹനങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ട്രാക്ടര്‍, കൊയ്ത്ത് യന്ത്രം, ടില്ലര്‍ തുടങ്ങിയവയ്ക്ക് നികുതി ഉണ്ടാകില്ല.

രാജ്യത്തെ മൊത്തമുള്ള വാഹനങ്ങളുടെ അഞ്ച് ശതമാനമാണ് മൊത്തം മലിനീകരണത്തിന്റെ 65 മുതല്‍ 70 ശതമാനം വരെ ഉണ്ടാക്കുന്നത്. സമാനമായി, 2000-ത്തിന് മുമ്പ് നിര്‍മ്മിച്ച വാഹനങ്ങള്‍ നിരത്തില്‍ ഒരു ശതമാനമേ ഉള്ളൂവെങ്കിലും മലിനീകരണത്തിന്റെ 15 ശതമാനം പങ്ക് അവയാണ് വഹിക്കുന്നത്. പഴയ വാഹനങ്ങള്‍ പുതിയ വാഹനങ്ങളേക്കാള്‍ 10 മുതല്‍ 25 ഇരട്ടി വരെ മലിനീകരണം ഉണ്ടാക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it