ബി2ബി, ബി2ഇ ഇടപാടുകൾക്ക് ഇ-വേ ബില്ലിന് ഒപ്പം ഇ-ഇൻവോയ്‌സ്‌ മാർച്ച് 1 മുതൽ നിർബന്ധം

ബി2ബി, ബി2ഇ (Business 2 Employee) ഇടപാടുകൾക്ക് ഇ-വേ ബില്ലിനൊപ്പം ഇ-ഇൻവോയിസ് മാർച്ച് 1 മുതൽ നിർബന്ധമാക്കി. ഇത് സംബന്ധിച്ച അറിയിപ്പ് ജി.എസ്.ടി പോർട്ടൽ കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററാണ് പുറത്തിറക്കിയത്. ബി2ബി ബിസിനസിനും കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്കുമാണ് പുതിയ നിയമം ബാധകമാകുന്നത്.

നിലവിലെ സി.ജി.എസ്.ടി നിയമം 2017 പ്രകാരം 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള ഉത്പന്നങ്ങൾ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടു പോകുന്നതിന് ഇ-വേ ബില്ല് നിർബന്ധമാണ്. 2020 മുതൽ ഇ-ഇൻവോയ്‌സുകൾ നിർബന്ധമാക്കിയിരുന്നു.

തുടക്കത്തിൽ 500 കോടി രൂപയിൽ അധികം വാർഷിക വിറ്റുവരവ് ഉള്ള വ്യാപാര സ്ഥാപനങ്ങൾക്കാണ് ഇ ഇൻവോയ്‌സ്‌ ബാധകമായിരുന്നത്. ഘട്ടം ഘട്ടമായി ഈ നിയമം 5 കോടി രൂപ വാർഷിക വിറ്റുവരവ് ഉള്ള കമ്പനികൾക്കും ബാധകമാക്കി.

മാർച്ച് 1 മുതൽ 5 കോടി രൂപയിൽ അധികം വാർഷിക വിറ്റുവരവ് ഉള്ള കമ്പനികൾക്ക് ഇ-വേ ബില്ലിന് ഒപ്പം ഇ- ഇൻവോയ്‌സ്‌ നിർബന്ധമാക്കി. ഇൻവോയ്‌സും, ഇ-വേ ബില്ലുകളിൽ വിവരങ്ങൾ നൽകുന്നതിൽ പൊരുത്തക്കേട് ഉണ്ടാകുന്ന ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ നിയമം നടപ്പാക്കുന്നത്.

എന്നാൽ ബി2സി ഇടപാടുകൾക്ക് പഴയത് പോലെ തന്നെ ഇ-വേ ബിൽ തയ്യാറാക്കിയാൽ മതിയാകുമെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

Related Articles
Next Story
Videos
Share it