
ചരക്ക്-സേവന നികുതി (ജി.എസ്.ടി/GST) വരുമാനത്തില്‍ ഓരോ മാസവും കാഴ്ചവയ്ക്കുന്ന മികവ് ഈമാസം തുടരാനാവില്ലെന്ന സൂചനയുമായി ഇ-വേ ബില്ലുകളില്‍ വന്‍ കുറവ്.
ഓരോ മാസവും രേഖപ്പെടുത്തുന്ന (ജനറേറ്റ് ചെയ്യപ്പെടുന്ന) ഇ-വേ ബില്ലുകള്‍ അടിസ്ഥാനമാക്കി, തൊട്ടടുത്ത മാസമാണ് ജി.എസ്.ടി പിരിച്ചെടുക്കുന്നത്.
കഴിഞ്ഞ മേയില്‍ 8.81 കോടി ഇ-വേ ബില്ലുകള്‍ ജനറേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതുപ്രകാരം തൊട്ടടുത്ത മാസമായ ജൂണില്‍ 1.61 ലക്ഷം കോടി രൂപയുടെ ജി.എസ്.ടിയും പിരിച്ചെടുത്തിരുന്നു.
എന്നാല്‍, ജൂണില്‍ ജനറേറ്റ് ചെയ്യപ്പെട്ടത് 8.60 കോടി ഇ-വേ ബില്ലുകളാണ്. അതായത്, ഇതടിസ്ഥാനമാക്കി ഈ മാസം നടക്കുന്ന ജി.എസ്.ടി പിരിവ് കുറവായിരിക്കും. ഓഗസ്റ്റ് ഒന്നിനാണ് ഈമാസത്തെ പിരിവിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ധനമന്ത്രാലയം പുറത്തുവിടുക.
എന്താണ് ഇ-വേ ബില്‍
50,000 രൂപയ്ക്കുമേലുള്ളതും ജി.എസ്.ടി ബാധകമായതുമായ ഉല്‍പന്ന/സേവനങ്ങളുടെ സംസ്ഥാനാന്തര നീക്കത്തിന് 2017ലെ സി.ജി.എസ്.ടി റൂള്‍സ് 138 പ്രകാരം അനിവാര്യമായ രേഖയാണ് ഇലക്ട്രോണിക് വേ ബില്‍ അഥവാ ഇ-വേ ബില്‍.
ഇ-വേ ബില്ലുകളുടെ എണ്ണം കൂടുന്നത് രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതിന്റെ തെളിവാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നത്.
ജി.എസ്.ടി വരുമാനം
ഇക്കഴിഞ്ഞ ഏപ്രിലില്‍ 1.87 ലക്ഷം കോടി രൂപയും മേയില്‍ 1.57 ലക്ഷം കോടി രൂപയും ജൂണില്‍ 1.61 ലക്ഷം കോടി രൂപയുമാണ് നടപ്പുവര്‍ഷം ഇതുവരെ ജി.എസ്.ടിയായി പിരിച്ചെടുത്തിട്ടുള്ളത്. ഏപ്രിലിലേത് എക്കാലത്തെയും ഉയര്‍ന്ന ജി.എസ്.ടി സമാഹരണമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine