ആദായ നികുതി സ്‌കീം ഏതെന്ന് വേഗം തീരുമാനിക്കൂ, അല്ലെങ്കില്‍ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറ്റപ്പെടും

ആദായ നികുതി കണക്കാക്കുന്നതിന് തൊഴിലാളികള്‍ ഏത് നികുതി വ്യവസ്ഥയാണ് തുടരാന്‍ ആഗ്രഹിക്കുന്നതെന്ന വിവരങ്ങള്‍ തൊഴിലുടമകള്‍ ഉടന്‍ തന്നെ ശേഖരിക്കണമെന്ന് ആദായ നികുതി വകുപ്പ്. നിലവില്‍ രണ്ട് തരം നികുതി വ്യവസ്ഥകളാണുള്ളത്. നികുതി ദായകര്‍ പഴയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുകയാണെങ്കില്‍ അവര്‍ക്ക് ഇളവും കിഴിവും ലഭിക്കും. അതല്ലെങ്കില്‍ കുറഞ്ഞ നികുതി നിരക്കുകള്‍ ഉള്ള പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറാം.

തെരഞ്ഞെടുത്ത നികുതി വ്യവസ്ഥയെ കുറിച്ച് ജീവനക്കാരന്‍ തൊഴിലുടമയെ ആദ്യമേ അറിയിച്ചില്ലെങ്കില്‍ 2023-24 ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി വ്യവസ്ഥയുടെ 115 BAC വകുപ്പ് പ്രകാരം തൊഴിലുടമയ്ക്ക് ശമ്പളത്തില്‍ നിന്ന് ടിഡിഎസ് കുറയ്ക്കാവുന്നതാണെന്നും ആദായ നികുതി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ശമ്പളക്കാരായ നികുതി ദായകരെ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നതിനു വേണ്ടിയാണ് പഴയ ഇളവ് രഹിത നികുതി വ്യവസ്ഥയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

1. ടിഡിഎസ് കുറയ്ക്കാതിരിക്കുകയോ അല്ലെങ്കില്‍ ഭാഗികമായി മാത്രം കുറയ്ക്കുകയോ ചെയ്താല്‍ തൊഴിലുടമയെ ഒരു അസസ്സി-ഇന്‍-ഡിഫോള്‍ട്ടായി കണക്കാക്കുമെന്നതിനാല്‍ ജീവനക്കാരില്‍ നിന്ന് അവര്‍ തെരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥയെക്കുറിച്ച് രേഖാമൂലം എഴുതി വാങ്ങാന്‍ തൊഴിലുടമ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇത് തൊഴിലുടമയുടെ വീഴ്ചയായി കണക്കാക്കി പലിശയും പിഴയും ഈടാക്കുന്നതിലേക്ക് നയിക്കും.

2. ഓരോ ജീവനക്കാരന്റെയും മുന്‍ വര്‍ഷങ്ങളില്‍ ക്ലെയിം ചെയ്ത കിഴിവുകള്‍ ശ്രദ്ധാപൂര്‍വം പരിഗണിച്ച ശേഷം നികുതി കിഴിവുകള്‍ നടത്തിയില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വ്യതിയാനത്തിന് കാരണമാകും.

3. മുന്‍ വര്‍ഷങ്ങളില്‍ ക്ലെയിം ചെയ്ത നികുതി കിഴിവുകള്‍ പുതിയ നികുതി വ്യവസ്ഥയില്‍ ലഭ്യമാണോ എന്നും വിലയിരുത്തേണ്ടതാണ്. പുതിയ വ്യവസ്ഥ തിരഞ്ഞെടുക്കുന്ന ജീവനക്കാര്‍ക്ക് താഴെ പറയുന്ന കിഴിവുകള്‍ ലഭിക്കുന്നതല്ല.

-എല്‍ഐസി/മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം

-പ്രോവിഡന്റ് ഫണ്ടിലേക്കുള്ള അടവ്

-ഭവന വായ്പാ തിരിച്ചടവ്

-വീട്ടുവാടക ബത്തയിലുള്ള കഴിവ്

-ടാക്സ് സേവര്‍ മ്യൂച്വല്‍ഫണ്ടിലുള്ള നിക്ഷേപം

4. പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന ജീവനക്കാര്‍ തങ്ങളുടെ ഓപ്ഷന്‍ അറിയിച്ചുകൊണ്ട് ജൂലൈ 31-നുള്ളില്‍ തന്നെ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

സര്‍ക്കുലര്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

https://dhanamonline.com/pdf_upload/circular-no-4-2023-1696560.pdf


Related Articles

Next Story

Videos

Share it