വീടുവാങ്ങുന്നവര്‍ക്കുള്ള നികുതിയിളവിന് സെപ്തംബര്‍ 30 വരെ സമയം

താമസ ആവശ്യത്തിനായി വീട് വാങ്ങുന്നവര്‍ക്ക് നികുതിയിളവ് ലഭിക്കുന്നതിനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍.

കോവിഡ് 19 മഹാമാരിയുടെ രണ്ടാം വരവിനെ തുടര്‍ന്ന് ആനൂകൂല്യത്തിനുള്ള സമയപരിധി ജൂണ്‍ 30 ല്‍ നിന്ന് സെപ്തംബര്‍ 30 വരെ നീട്ടി നല്‍കിയിരിക്കുകയാണ്. ആദായ നികുതി വകുപ്പിന്റെ സെക്ഷന്‍ 54 മുതല്‍ സെക്ഷന്‍ 54 ജിബി വരെയുള്ള ആനുകൂല്യത്തിനായുള്ള സമയപരിധിയാണ് നീട്ടിയത്.
ഇതനുസരിച്ച് സെപ്തംബര്‍ 30 വരെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട നിക്ഷേപം, നിര്‍മാണം, വാങ്ങല്‍ ഇടപാടുകള്‍ക്ക് നികുതിയിളവ് ലഭിക്കും.
1962 ലെ ആദായ നികുതി നിയമ പ്രകാരം സെക്ഷന്‍ 54 ഉം സെക്ഷന്‍ 54 ജിബിയും ദീര്‍ഘകാല മൂലധന നേട്ടങ്ങളുടെ പുനര്‍നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് അനുവദിക്കുന്നു. സെക്ഷന്‍ 54 അനുസരിച്ച് റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള മൂലധനനേട്ടം മറ്റൊരു റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നതിനോ നിര്‍മിക്കുന്നതിനോ മുടക്കുകയാണെങ്കില്‍ നികുതിയിളവ് വ്യവസ്ഥ ചെയ്യുന്നു. 54 ജിബി പ്രകാരം റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി കൈമാറ്റം ചെയ്യുന്നതിലൂടെ ലഭിക്കുന്ന മൂലധന നേട്ടം യോഗ്യമായ കമ്പനിയുടെ ഓഹരികള്‍ക്കായി നിക്ഷേപിക്കുകയാണെങ്കില്‍ നികുതിയിളവ് വ്യവസ്ഥ ചെയ്യുന്നതാണ്.
റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള നേട്ടം രണ്ടു കോടി രൂപയില്‍ താഴെയാണെങ്കില്‍ അതുപയോഗിച്ച് വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യുന്ന രണ്ട് റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്കും നികുതിയിളവിന് അര്‍ഹതയുണ്ടെന്ന് 2019 കേന്ദ്ര ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു. നേരത്തേ ഇത് ഒരു വീടിന് മാത്രമായിരുന്നു ആനുകൂല്യം ഉണ്ടായിരുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it