ഇളവുകള്‍ അവസാനിപ്പിക്കുന്നു; ആശുപത്രി മുറിക്കുള്‍പ്പടെ ജിഎസ്ടി വന്നേക്കും

ചില മേഖലകളില്‍ ഇപ്പോള്‍ നല്‍കുന്ന ചരക്ക് സേവന നികുതി (GST) ഇളവുകള്‍ തുടരേണ്ടന്ന് നിര്‍ദ്ദേശിച്ച് മന്ത്രിമാര്‍. ജിഎസ്ടി നിരക്കുകള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. കൂടാതെ ഇലക്ട്രോണിക്‌സ് മാലിന്യങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള ഏതാനും വിഭാഗങ്ങളുടെ ജിഎസ്ടി ഉയര്‍ത്താനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

1000 രൂപയ്ക്ക് താഴെയുള്ള ഹോട്ടല്‍ റൂമുകള്‍ക്ക് 12 ശതമാനവും 5000 രൂപയ്ക്കും അതിന് മുകളിലും ദിവസ വാടകയുള്ള ആശുപത്രി മുറികള്‍ക്ക് 5 ശതമാനവും ജിഎസ്ടി ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. 1000 രൂപയ്ക്ക് താഴെയുള്ള ഹോട്ടല്‍ റൂമുകള്‍കക് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം വലിയൊരു വിഭാഗത്തെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരും. നിലവില്‍ 1000- 7500 രൂപയ്ക്കും ഇടയില്‍ വാടകയുള്ള മുറികള്‍ക്ക് 12 ശതമാനവും അതിനു മുകളിലുള്ളവയ്ക്ക് 18 ശതമാനവും ആണ് ജിഎസ്ടി ഈടാക്കുന്നത്.

സ്വകാര്യ ആശുപത്രികള്‍ രോഗികള്‍ക്ക് പ്രീമിയം സൗകര്യങ്ങള്‍ ഒരുക്കുന്ന പശ്ചാത്തലത്തിലാണ് ആശുപത്രി മുറികളെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാനുള്ള നടപടി. എന്നാല്‍ ഐസിയു റൂമുകള്‍ക്ക് ജിഎസ്ടി ബാധകമാകില്ല. ആശുപത്രികള്‍ നല്‍കുന്ന രക്ത ബാങ്ക് സേവനങ്ങളും ജിഎസ്ടിയുടെ പരിധിയില്‍ വന്നേക്കും.

ജിഎസ്ടി നെറ്റ്‌വര്‍ക്ക് (ജിഎസ്ടിഎന്‍) സര്‍ക്കാരിന് നല്‍കുന്ന സേവനങ്ങള്‍, ഉപഭോക്താക്കള്‍ക്ക് ആര്‍ബിഐ, സെബി, ഐആര്‍ഡിഎഐ എന്നിവ നല്‍കുന്ന സേവനങ്ങള്‍, ഫൂഡ് സേഫ്റ്റി അതോറിറ്റി (എഫ്എസ്എസ്എഐ) നല്‍കുന്ന സേവനങ്ങള്‍, കാലാവസ്ഥാ അധിഷ്ഠിത വിളകള്‍ ഉള്‍പ്പടെയുള്ളവയുടെ പുനര്‍ ഇന്‍ഷുറന്‍സ് എന്നിവയും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണം എന്നാണ് ആവശ്യം. അതുപോലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള ബിസിനസ് ക്ലാസ് യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് പിന്‍വലിക്കാനും മന്ത്രിമാരുടെ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ബിസിനസ് ക്ലാസ് യാത്രകള്‍ക്ക് 12% നിരക്കിലാണ് ജിഎസ്ടി ചുമത്തുന്നത്.

ഇലക്ട്രോണിക് മാലിന്യത്തിന് മേളുള്ള ജിഎസ്ടി 5 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കുക, പെട്രോളിയം- കല്‍ക്കരി- മീഥേന്‍ എന്നിവയുടെ പര്യവേക്ഷണവുമായി ബന്ധപ്പെട്ട ജിഎസ്ടി നിരക്കുകള്‍ ഉയര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും സംഘം മുന്നോട്ട് വെച്ചിട്ടുണ്ട്. ജൂണ്‍ 28-29 തീയതികളില്‍ ചണ്ഡീഗഢില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കും. അതേ സമയം ജിഎസ്ടി സ്ലാബുകള്‍ പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിമാരുടെ സംഘം കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles
Next Story
Videos
Share it