ജി.എസ്.ടി ആംനസ്റ്റി; ഇന്നു മുതല്‍ പുതിയ ഘടന, ഇളവുകള്‍ കുറയും

സംസ്ഥാന ജി.എസ്.ടി വകുപ്പില്‍ നികുതി കുടിശിക നിവാരണത്തിനായി നടപ്പാക്കുന്ന ആംനസ്റ്റി പദ്ധതിക്ക് ഇന്ന് മുതല്‍ പുതിയ ഘടന. ഓഗസ്റ്റ് 1 ന് ആരംഭിച്ച പദ്ധതിയില്‍ ആദ്യത്തെ 60 ദിവസം നല്‍കിയിരുന്ന ഇളവുകള്‍ ശനിയാഴ്ച അവസാനിച്ചു. ഇന്ന് മുതല്‍ ഇളവുകളില്‍ കുറവു വരുത്തിയുള്ള സ്ലാബുകള്‍ പ്രാബല്യത്തിലായി. ആദ്യ രണ്ട് മാസം നല്‍കിയിരുന്ന ഇളവുകളേക്കാള്‍ രണ്ട് ശതമാനം കൂടിയ നിരക്കുകളാണ് പുതിയ സ്ലാബുകളില്‍ ഉള്ളത്. ഒക്ടോബര്‍ മാസത്തേക്കാണ് പുതിയ സ്ലാബുകള്‍. നവംബറില്‍ ഇളവുകള്‍ കുറച്ചു കൊണ്ടുള്ള പുതിയ സ്ലാബുകളാണ് വരുന്നത്. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് ആംനസ്റ്റ് തുടരുന്നത്.

പുതിയ ഘടന ഇങ്ങനെ

50,000 രൂപ വരെയുള്ള കുടിശിക എഴുതി തള്ളുന്നത് ഉള്‍പ്പടെയുള്ള വലിയ ഇളവുകളുമായാണ് ഓഗസ്റ്റ് ഒന്നിന് ആംനെസ്റ്റി തുടങ്ങിയത്. 50.000 രൂപയില്‍ കൂടുതലുള്ള കുടിശിക തുകകളെ മൂന്നു സ്ലാബുകളാക്കി തിരിച്ചാണ് ഇളവ് നല്‍കുന്നത്. 50,001 രൂപ മുതല്‍ പത്തു ലക്ഷം വരെ കുടിശികയുള്ളവര്‍ തുകയുടെ 30 ശതമാനമാണ് അടക്കേണ്ടിയിരുന്നത്. ഇന്ന് മുതല്‍ ഇത് 32 ശതമാനമായി ഉയര്‍ത്തി. പത്തു ലക്ഷം മുതല്‍ ഒരു കോടി വരെ കുടിശികയുള്ളവര്‍ 40 ശതമാനത്തിന് പകരം 42 ശതമാനം തുക അടക്കണം. ഒരു കോടി രൂപക്ക് മുകളില്‍ അടക്കാനുള്ളവര്‍ 80 ശതമാനത്തിന് പകരം 82 ശതമാനവും അടക്കണം. നിയമ നടപടികള്‍ നേരിടുന്ന ഫയലുകളില്‍ 10 ശതമാനം കൂടുതല്‍ ഇളവുകളുണ്ട്.

നവംബര്‍ ഒന്നു മുതല്‍ സ്ലാബുകളില്‍ മാറ്റം വരും. എല്ലാ സ്ലാബുകളിലും രണ്ട് ശതമാനം തുക കൂടുതല്‍ അടക്കേണ്ടി വരും. രാജ്യത്ത് ജി.എസ്.ടി സംവിധാനം നിലവില്‍ വന്ന 2017 ജൂലൈ ഒന്നിന് മുമ്പുള്ള ഫയലുകളിലെ കുടിശികയാണ് പരിഗണിക്കുന്നത്. അമ്പതിനായിരത്തോളം ഫയലുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഒട്ടേറെ പേര്‍ ആദ്യഘട്ടത്തില്‍ ആംനസ്റ്റി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

Related Articles
Next Story
Videos
Share it