ജിഎസ്ടി നിരക്കുകള്‍ വെട്ടിക്കുറച്ചത് ആശ്വാസമാകുന്നു

ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം. നവംബര്‍ 15 മുതല്‍ 211 ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും. 28 ശതമാനം ജിഎസ്ടി ഉണ്ടായിരുന്ന 178 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയിരിക്കുന്നു. ഇതു കൂടാതെ 33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി മുന്‍പുണ്ടായിരുന്നതില്‍ നിന്നു കുറയ്ക്കുകയും ചെയ്തു. നവംബര്‍ 10 ന് ഗുഹാവട്ടിയില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ആശ്വാസകരമായ നടപടിയുണ്ടായിരിക്കുന്നത്. എന്നാല്‍ നികുതി ഘടനയില്‍ വരുത്തിയ മാറ്റം കാരണം രാജ്യത്തിന്റെ വരുമാനത്തില്‍ 20,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

സുപ്രധാന മാറ്റങ്ങളും നേട്ടങ്ങളും

മൊത്തം 213 ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് കുറച്ചു. ഇതിലൂടെ വിപണിയില്‍ ഉല്‍പ്പന്ന വിലയില്‍ ഗണ്യമായ കുറവുണ്ടാകും.

13 ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് 18ല്‍ നിന്നും 12 ശതമാനമാക്കിയും മറ്റു ചില ഉല്‍പ്പന്നങ്ങളുടേത് 12ല്‍ നിന്നും അഞ്ച് ശതമാനമായും കുറച്ചു.

ഏസി റെസ്റ്റൊറന്റുകള്‍ക്ക് 18 ശതമാനവും നോണ്‍ ഏസി റെസ്റ്റൊറന്റുകള്‍ക്ക് 12 ശതമാനവുമായിരുന്ന ജിഎസ്ടിയെ ഏസി, നോണ്‍ ഏസി വ്യത്യാസമില്ലാതെ അഞ്ച് ശതമാനമാക്കി കുറച്ചു. ഹോട്ടല്‍ ഭക്ഷണത്തിനുണ്ടായിരുന്ന അമിതവില കുറയാന്‍ ഇതിടയാക്കും.

7500 രൂപയോ അതിലധികമോ വരുന്ന മുറികളുള്ള ഹോട്ടലുകളുടെ നികുതി 18 ശതമാനമാക്കി. 7500 രൂപയില്‍ താഴെ വാടക വരുന്ന മുറികളുള്ള ഹോട്ടലുകളുടെ നികുതി അഞ്ച് ശതമാനമാക്കി കുറച്ചു.

എം.ആര്‍.പി വിലയെക്കാള്‍ കൂടുതല്‍ തുക ഈടാക്കാന്‍ പാടില്ലെന്ന തീരുമാനം കൗണ്‍സിലെടുത്തു. ജിഎസ്ടിയുടെ പേരില്‍ ഉപഭോക്താക്കളെ പറ്റിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ടാക്‌സ് കോമ്പോസിഷന്‍ സ്‌കീമിന്റെ വരുമാന പരിധി ഒരു കോടിയില്‍ നിന്നും ഒന്നര കോടി രൂപയായി ഉയര്‍ത്തി. (ഇത് പിന്നീട് രണ്ട് കോടിയായി ഉയര്‍ത്തിയേക്കും) കൂടുതല്‍ വ്യാപാരികള്‍ക്ക് കോമ്പോസിഷന്‍ സ്‌കീം തെരഞ്ഞെടുക്കാന്‍ ഇത് അവസരമേകും.

28ല്‍ നിന്നും 18 ശതമാനത്തിലേക്ക് മാറിയ ഉല്‍പ്പന്നങ്ങള്‍

കാപ്പി, ആരോഗ്യപാനീയങ്ങള്‍, ചൂയിംങ് ഗം, ചോക്കലേറ്റ്, സൗന്ദര്യവര്‍ധകങ്ങള്‍, കണ്ണട, മെത്ത, ഷാമ്പൂ, ഡിയോഡറന്റ്, കസ്റ്റര്‍ഡ് പൗഡര്‍, ഷൂ പോളിഷ്, ഡിറ്റര്‍ജന്റ്, ബ്ലേഡ്, ഡെന്റല്‍ ഉല്‍പ്പന്നങ്ങള്‍, കുക്കര്‍, സ്റ്റൗ, റിസ്റ്റ്, വാച്ച്, ബാറ്ററി, വിഗ്, കത്തി, വാട്ടര്‍ ഹീറ്റര്‍, ഫാന്‍, ബള്‍ബ്, മുള ഫര്‍ണിച്ചര്‍, അച്ചടി മഷി, ഹാന്‍ഡ് ബാഗ്, തൊപ്പി തുടങ്ങിയവ.

12ല്‍ നിന്നും 5 ശതമാനമാക്കിയവ

കയര്‍, മീന്‍ വല, കൈത്തറി ,ചുരണ്ടിയ തേങ്ങ, ഇഡ്ഡലിമാവ്, ദോശ മാവ്, തുകല്‍

5 ശതമാനത്തില്‍ നിന്നും ഒഴിവാക്കിയവ

കാലിത്തീറ്റ, ഉണക്കമീന്‍, ചിരട്ട, പച്ചക്കറികള്‍

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it