ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ നിരക്ക് ഏകീകരണം ഉണ്ടാകുമോ?
അടുത്ത മാസം ഒമ്പതിന് നടക്കാനിരിക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ നികുതി നിരക്ക് ഏകീകരണം ഉള്‍പ്പടെയുള്ള സുപ്രധാന തീരുമാനങ്ങളുണ്ടായേക്കും. ടാക്‌സ് സ്ലാബുകളുടെ എണ്ണം കുറക്കുന്നതുമായും ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള മേഖലകളിലെ നികുതി കുറക്കുന്നതുമായും ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളാണ് യോഗത്തില്‍ പ്രതീക്ഷിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായ നികുതി നഷ്ടം പരിഹരിക്കുന്നതിനായി കൊണ്ടു വന്ന കോംപന്‍സേഷന്‍ സെസ് നിര്‍ത്തലാക്കുന്ന കാര്യവും കൗണ്‍സിലിന്റെ സജീവ പരിഗണനയിലുണ്ട്. ഹൈബ്രിഡ് വാഹനങ്ങള്‍, ഗെയ്മിങ് എന്നീ മേഖലയില്‍ നികുതി മാറ്റങ്ങള്‍ക്ക് സാധ്യത തെളിയുന്നുണ്ട്. ഇന്‍വെര്‍ട്ടഡ് നികുതി ബാധകമായ പേപ്പര്‍, വാഷിംഗ് മെഷീന്‍, സോളാര്‍ ഗ്ലാസ്, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയവുടെ നികുതിയില്‍ വരുത്താവുന്ന മാറ്റങ്ങളും പ്രധാന ചര്‍ച്ചയാകും. പെട്രോള്‍, ഡീസല്‍ വിലനിര്‍ണ്ണയത്തില്‍ ജി.എസ്.ടി കൗണ്‍സിലിന്റെ നിയന്ത്രണം കൊണ്ടുവരുന്നതും ചര്‍ച്ച ചെയ്യുമെന്നാണ് സൂചനകള്‍.
പ്രതീക്ഷയോടെ ഗെയ്മിങ് മേഖല
ഗെയ്മിങ് വ്യവസായം നേരിടുന്ന പ്രധാന വെല്ലുവിളിയായ ഉയര്‍ന്ന നികുതി നിരക്ക് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്കെത്തുമെന്നാണ് സൂചന. 28 ശതമാനമാണ് ഇപ്പോഴത്തെ നികുതി നിരക്ക്. നേരത്തെ ഇത് 18 ശതമാനമായിരുന്നു. നികുതി ഉയര്‍ത്തിയതോടെ പിടിച്ചു നി്ല്‍ക്കാനാകുന്നില്ലെന്ന് ഗെയ്മിങ് കമ്പനികള്‍ പരാതിപ്പെടുന്നുണ്ട്. കാസിനോകള്‍, കുതിരപ്പന്തയം എന്നീ മേഖലകളിലും ഈ പ്രതിസന്ധിയുണ്ട്. ഉയര്‍ന്ന നികുതി സംബന്ധിച്ച് സുപ്രീംകോടതിയില്‍ ഉള്‍പ്പടെ ഏതാനും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. നികുതി നിരക്കുകള്‍ കുറക്കുന്ന കാര്യം സജീവമായി പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്.
ഇന്‍ഷുറന്‍സില്‍ ഇളവുകള്‍
ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവക്കുള്ള നികുതി ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യണമെന്ന ആവശ്യവും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. ആശുപത്രി മുറികള്‍ക്ക് 5,000 രൂപക്ക് മുകളില്‍ നികുതി ഈടാക്കുന്നുണ്ട്. ഇത് മൂലം ഇടത്തരക്കാരായ ആളുകള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നത് കുറയുന്നുണ്ടെന്ന് ഈ മേഖലയിലെ സേവനദാതാക്കള്‍ പറയുന്നു. 2047 ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യത്തിലെത്താന്‍ നികുതി ഇളവുകള്‍ പ്രധാനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
ടാക്‌സ് സ്ലാബുകളുടെ ഏകീകരണം
നിലവില്‍ അഞ്ചു ശതമാനം മുതല്‍ 28 ശതമാനം വരെയുള്ള നാല് ടാക്‌സ് സ്ലാബുകളില്‍ യുക്തിസഹമായ രീതിയിലുള്ള മാറ്റം ഉണ്ടായേക്കുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. സ്ലാബുകളുടെ എണ്ണം മൂന്നായി കുറക്കുന്നത് നികുതി ഘടനയെ എളുപ്പമാക്കുമെന്ന നിര്‍ദേശം നേരത്തെ ഉയര്‍ന്നിരുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിടുന്നതിലും ലാഭവിഹിതത്തിലും നികുതി സ്ലാബുകളുടെ എണ്ണം കുറക്കുന്നത് ഗുണം ചെയ്യുമെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാല്‍ ഇത് പണപ്പെരുപ്പത്തെ ബാധിക്കുമെന്ന ആശങ്കയാണ് സര്‍ക്കാരിനുള്ളത്. നികുതി നിരക്ക് ഏകീകരണത്തിനായുള്ള പ്രത്യേക കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.
വിദേശ ബ്രാഞ്ചുകളിലെ ഇടപാടുകള്‍
കമ്പനികളുടെ വിദേശ ബ്രാഞ്ച് ഓഫീസുകളുമായുള്ള ഇടപാടുകളിലെ നികുതി സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന ആവശ്യവും ജി.എസ്.ടി കൗണ്‍സിലിന് മുന്നിലുണ്ട്. എയര്‍ലൈന്‍, ഐ.ടി, ഷിപ്പിംഗ് കമ്പനികളെയാണ് ഈ പ്രശ്നം കൂടുതലായി ബാധിക്കുന്നത്. വിദേശ ഓഫീസുകളുമായി നടത്തുന്ന സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേക ജി.എസ്.ടി ഈടാക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത്തരം കമ്പനികള്‍ക്ക് അടുത്തിടെ വന്‍തുകക്ക് നോട്ടീസ് നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു. വിദേശത്ത് ഓഫീസുകളുള്ള ഇന്ത്യന്‍ കമ്പനികളെയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളെയും ബാധിക്കുന്ന വിഷയമാണിത്.
പ്രതീക്ഷയോടെ റിയല്‍ എസ്റ്റേറ്റ് മേഖലയും
നിലവിലുള്ള റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളുടെ പുനര്‍ വികസനത്തിനുള്ള നികുതി ഉള്‍പ്പടെ ഈ മേഖലയില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള തീരുമാനങ്ങളും അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. പദ്ധതികളുടെ അവകാശങ്ങള്‍ കൈമാറുമ്പോള്‍ ഈടാക്കുന്ന നികുതി, സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുക്കുമ്പോള്‍ ഈടാക്കാവുന്ന നികുതി തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്.