ജിഎസ്ടി കൗണ്‍സില്‍ യോഗം 18 ന് ; തയ്യാറെടുപ്പുമായി സംസ്ഥാനങ്ങള്‍

ഡിസംബര്‍ 18 ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകണമെന്ന നിലപാടുമായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നീക്കം തുടങ്ങി. നഷ്ടപരിഹാരത്തിന്റെ കാലതാമസം, അപര്യാപ്തത, നഷ്ടപരിഹാരം അവസാനിപ്പിക്കുന്നതിനുള്ള കട്ട് ഓഫ് തീയതി തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും താല്‍പ്പര്യങ്ങള്‍ രണ്ടു ദിശയിലാണെന്നത് വ്യക്തം.ഒട്ടേറെ വസ്തുക്കളുടെ നിരക്ക് ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കവും ചോദ്യം ചെയ്യപ്പെടുമെന്നാണ് സൂചന.

കേരളത്തിന് ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലെ ജിഎസ്ടി നഷ്ട പരിഹാരമായി 1600 കോടിയുള്‍പ്പെടെ 3000 കോടി രൂപയാണ് ലഭിക്കാനുള്ളത്. 28 ശതമാനമാണ് റവന്യു വിടവ് ഉണ്ടായിട്ടുള്ളത്. ജിഎസ്ടി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) ആക്റ്റ് 2017 വകുപ്പ് 7(2) അനുസരിച്ച് ഓരോ രണ്ടു മാസം കൂടുമ്പോഴും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട് എന്ന് ഡോ. തോമസ് ഐസക്ക് ധനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

നഷ്ടപരിഹാരം സമയത്ത് നല്‍കാതിരിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കമായി വ്യാഖ്യാനിക്കപ്പെടാം. ഭരണഘടനാപരമായി ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്ന് തോമസ് ഐസക് വ്യക്തമാക്കി.ജിഎസ്ടി വിഹിതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആവശ്യമായി വന്നാല്‍ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.തര്‍ക്കപരിഹാരത്തിന് ജിഎസ്ടി കൗണ്‍സിലുമായി ബന്ധപ്പെട്ട സംവിധാനമുണ്ടാകണം.നിരക്കുകള്‍ ഉയര്‍ത്തുന്നത് വിവേക പൂര്‍വമായിരിക്കണമെന്ന നിലപാടാണ് കേരളത്തിന്റേത്.

നഷ്ടപരിഹാരം അവസാനിപ്പിക്കുന്നതിനുള്ള കട്ട് ഓഫ് ഇയര്‍ 2021-22 എന്നത് 2026-2027 വരെ ദീര്‍ഘിപ്പിക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാദല്‍ നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ വിഷയം ജിഎസ്ടി കൗണ്‍സിലിലും ചര്‍ച്ചയായേക്കും. നീതി ആയോഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം പറഞ്ഞതായും നഷ്ടപരിഹാരത്തിന്റെ കാലതാമസവും അപര്യാപ്തതയും കാരണം ഛത്തീസ്ഗഡ് ഒരു ഉല്‍പാദന സംസ്ഥാനമെന്ന നിലയില്‍ ദുരിതമനുഭവിക്കുകയാണെന്നും ഭുപേഷ് ബാദല്‍ റായ്പൂരില്‍ വ്യക്തമാക്കി. കേരളം, പഞ്ചാബ്, ഡല്‍ഹി, മധ്യപ്രദേശ്, പുതുച്ചേരി അടക്കമുളള സംസ്ഥാനങ്ങള്‍ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക തീര്‍പ്പാക്കണമെന്ന ആവശ്യവും യോഗത്തിന് മുന്നില്‍ വയ്ക്കും.

പുതുച്ചേരിക്ക് 52 ശതമാനത്തോളം നഷ്ടമുണ്ടായിട്ടുണ്ടെന്ന് സംസ്ഥാന ധനമന്ത്രി ഫറൂഖ് ഷാജഹാന്‍ ചൂണ്ടിക്കാട്ടി. പഞ്ചാബിനാകട്ടേ ജിഎസ്ടി നിലവില്‍ വരുന്നതിനു മുമ്പേയുള്ള നിരവധി വര്‍ഷങ്ങളില്‍ എഫ്‌സിഐ മുഖാന്തിരം ഏറ്റെടുത്തിട്ടുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് നികുതിയിനത്തില്‍ ലഭിക്കേണ്ട വിഹിതം ലഭിച്ചിട്ടില്ലായെന്ന് പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദലും പരാതിപ്പെട്ടു. 50000 കോടി രൂപ ഇതുവരെയായി സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാര കുടിശികയായിക്കഴിഞ്ഞു. ഈ വിഷയങ്ങള്‍ കേന്ദ്ര മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കാമെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ നിലപാട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it