ജിഎസ്ടി നിങ്ങളുടെ വീട്ടുചെലവുകൾ കുറച്ചോ?

ജിഎസ്ടി നടപ്പാക്കിയതിന് ശേഷം പ്രതിമാസം 320 രൂപയെങ്കിലും ഓരോ കുടുംബവും ലാഭിക്കുന്നുണ്ടെന്ന് ധനമന്ത്രാലയം നടത്തിയ പഠനം. ഭക്ഷ്യ വസ്തുക്കളും പാനീയങ്ങളുമുൾപ്പെടെ ദിവസേന ഉപയോഗമുള്ള 83 സാധനങ്ങളുടെ നികുതി ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം കുറഞ്ഞിട്ടുണ്ടെന്നുള്ളതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ധനമന്ത്രാലയത്തിന്റെ വിശകലനം ഇങ്ങനെ: വീട്ടുസാധങ്ങൾക്കായി മാസം 8,400 രൂപ ചെലവിടുന്ന ഒരു കുടുംബത്തിനെ ആധാരമാക്കിയാണ് ലാഭം കണക്കുകൂട്ടിയിരിക്കുന്നത്. ധാന്യ വർഗ്ഗങ്ങൾ, പഞ്ചസാര, ഭക്ഷ്യ എണ്ണ, ചോക്കലേറ്റ്, സൗന്ദര്യ വർധക വസ്തുക്കൾ, വാഷിംഗ് പൗഡർ, മധുര പലഹാരങ്ങൾ തുടങ്ങി 10 ഉത്പന്നങ്ങൾ അവർ വാങ്ങുന്നു എന്നിരിക്കട്ടെ. ജിഎസ്ടി നടപ്പാക്കുന്നതിന് മുൻപേ 8400 രൂപ മുടക്കി ഈ സാധനങ്ങൾ വാങ്ങുമ്പോൾ 830 രൂപ നികുതി നൽകേണ്ടിവന്നിരുന്നു. എന്നാലിപ്പോൾ 510 രൂപയേ നികുതി നൽകേണ്ടി വരുന്നുള്ളൂ.

ഗോതമ്പും അരിയും നികുതിയിൽ നിന്ന് ഒഴിവാക്കിയത് ഇതിന് സഹായകമായെന്നും ധനമന്ത്രാലയത്തിന്റെ പഠനം ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ 2.5 ശതമാനം വരെ ഇവയ്ക്ക് നികുതി നൽകണമായിരുന്നു. പാലിന് 6 ശതമാനം നികുതി നല്കിയിരുന്നിടത്ത് ഇപ്പോൾ 5 ശതമാനം നൽകിയാൽ മതി. മുൻപ് 21 ശതമാനം നികുതി നൽകേണ്ടിയിരുന്ന മധുരപലഹാരങ്ങൾക്ക് ഇപ്പോൾ 18 ശതമാനമാണ് നികുതി. വാഷിംഗ്‌ പൗഡറിന് 28 ശതമാനം നികുതി ഈടാക്കിയ സ്ഥാനത്ത് ഇപ്പോൾ 18 ശതമാണമേയുള്ളൂ.

ലോക്കൽ സർക്കിൾസ് 215 ജില്ലകളിൽ നടത്തിയ സർവെ അനുസരിച്ച് ഇന്ത്യയിൽ പത്തിൽ രണ്ട് പേർ മാത്രമാണ് ജിഎസ്ടിക്ക് ശേഷം വീട്ടുചെലവ് കുറഞ്ഞതായി കണക്കാക്കുന്നത്. 63 ശതമാനം പേരും ചെലവ് കൂടി എന്നാണ് റിപ്പോർട്ട് ചെയ്തത്.

Related Articles

Next Story

Videos

Share it