ജിഎസ്ടി നെറ്റ്‌വര്‍ക്ക് തകരാര്‍ 20 ശതമാനത്തിലധികം വ്യാപാരികള്‍ക്ക് ഫയലിംഗ് ചെയ്യാനായില്ല

ജിഎസ്ടിആര്‍ 1 റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞപ്പോള്‍ 20 ശതമാനത്തിലധികം വ്യാപാരികള്‍ക്കും ഫയലിംഗ് ചെയ്യാനായില്ല. ഇത്രയും ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി സര്‍വറിനില്ല എന്നതാണ് പ്രധാന പ്രശ്‌നം.
ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത വ്യാപാരികള്‍ക്ക് മേല്‍ ഇന്നു മുതല്‍ വൈകുന്ന ഓരോ ദിവസത്തിനും 50 രൂപ നിരക്കില്‍ ഫൈന്‍ ഈടാക്കും. ജിഎസ്ടിആര്‍ 3 ബി മുടങ്ങിയാല്‍ മാത്രമായിരുന്നു ഇതു വരെ പിഴ അടയ്ക്കേണ്ടിയിരുന്നത്. സര്‍ക്കാരിന് നല്ലൊരു തുക ഇതു വഴി വരുമാനമായി ലഭിക്കും. പിഴ ഈടാക്കാനായി മനപൂര്‍വം ഇത്തരം സാഹചര്യം സൃഷ്ടിക്കുകയാണെന്ന പരാതിയും വ്യാപാരികളുടെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്.

2017 ജൂലൈ മുതല്‍ 2019 ഡിസംബര്‍ വരെയുള്ള കുടിശിക ഉള്‍പ്പെടെയുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതിയായിരുന്നു ഇന്നലെ. സെര്‍വറിന് ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതല്‍ ആളുകള്‍ ലോഗിന്‍ ചെയ്തതോടെ ജിഎസ്ടി നെറ്റ് വര്‍ക്കിന്റെ പേജ് പോലും തുറക്കാനാകാത്ത സ്ഥിതിയായിരുന്നു ഇന്നലെ ഉണ്ടായത്.

റിട്ടേണ്‍ ഫയല്‍ ചെയ്യാനായി വിവരങ്ങള്‍ അപ്ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുമ്പോള്‍ നല്‍കേണ്ട ഒടിപി ലഭിക്കാത്ത പ്രശ്നം നേരത്തേ മുതലുണ്ടായിരുന്നെന്ന് വ്യാപാരികള്‍ പറയുന്നു. 10 മിനിറ്റ് മാത്രമാണ് ഒടിപിയുടെ കാലാവധി. അതിനാല്‍ ഒടിപി വൈകി ലഭിക്കുന്നതു കൊണ്ട് പ്രയോജനമില്ല.

ആശങ്കയടങ്ങാതെ വ്യാപാരികള്‍

സാമ്പത്തിക പ്രതിസന്ധിയും കച്ചവട മാന്ദ്യവും പ്രതിസന്ധിയിലാക്കിയിരിക്കുന്ന സമയത്താണ് ജിഎസ്ടി പിഴ കൂടി വ്യാപാരികള്‍ക്കു മേല്‍ വരുന്നത്. ഇന്‍പുട്ട് ടാക്സ് കണക്കാക്കുന്നതിലെ പ്രശ്നങ്ങളും വ്യാപാരികളെ ബാധിച്ചിട്ടുണ്ട്. സപ്ലയര്‍മാര്‍ അപ്ലോഡ് ചെയ്ത ബില്ലുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുക. അപ് ലോഡ് ചെയ്യപ്പെട്ട നികുതിയുടെ 20 ശതമാനത്തിനു കൂടി മാത്രമേ ഇന്‍പുട്ടിന് യോഗ്യതയുള്ളു. മൊത്തം പര്‍ച്ചേസിന്റെ ഇന്‍പുട്ട് എടുത്തിരുന്ന വ്യാപാരികള്‍ക്ക് ഇത് തിരിച്ചടിയാണ്. അതായത് 100 രൂപയുടെ സാധനം വിറ്റാല്‍ നേരത്തെ 100 രൂപയ്ക്കും ഇന്‍പുട്ട് കിട്ടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 48 രൂപ മാത്രമാണ് ലഭിക്കുന്നത്. 52 രൂപയുടെ നഷ്ടം വ്യാപാരികള്‍ക്ക് സംഭവിക്കുന്നു. ഇപ്പോള്‍ തന്നെ പ്രവര്‍ത്തന മൂലധനമില്ലാതെ കഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് ഇത് ഏല്‍പ്പിക്കുന്ന പ്രഹരം വലുതാണ്. അതിനൊപ്പമാണ് ജിഎസ്ടി പിഴയുടെ അധിക ബാധ്യത കൂടി വന്നുചേരുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it