ജി.എസ്.ടി പ്രശ്‌നമയം; സര്‍ക്കാരിനെ വിമര്‍ശിച്ച് സി എ ജി റിപ്പോര്‍ട്ട്

പ്രാബല്യത്തില്‍ വന്ന് രണ്ടു വര്‍ഷമായിട്ടും ജി.എസ്.ടി പിരിച്ചെടുക്കല്‍ സംവിധാനം പ്രവര്‍ത്തന ക്ഷമതയുടെ കാര്യത്തില്‍ പ്രതീക്ഷിച്ചതിന്റെ അടുത്തു പോലും എത്തിയിട്ടില്ലെന്ന നിരീക്ഷണവുമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍.

പരോക്ഷനികുതിയുമായി ബന്ധപ്പെട്ട് നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള ഐ.ടി സമ്പ്രദായം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവും ഉള്‍പ്പെടുന്നുണ്ട് റിപ്പോര്‍ട്ടില്‍. വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐ ടി സി) ക്ലെയിമുകള്‍ക്ക് പോലും സാധ്യതയുള്ള സംവിധാനമാണ് ഇപ്പോഴുമുള്ളതെന്ന് സി എ ജി ആരോപിച്ചു.

റിട്ടേണ്‍ മെക്കാനിസത്തിന്റെ സങ്കീര്‍ണ്ണതയും വ്യാപകമായുള്ള സാങ്കേതിക തകരാറുകളും ഇന്‍വോയ്‌സിന്റെ പൊരുത്തപ്പെടുത്തല്‍ പ്രക്രിയക്കു തടസം സൃഷ്ടിക്കുന്നു. ഇത് ഐ ടി സി തട്ടിപ്പുകള്‍ക്ക് വഴിതെളിക്കുന്നുണ്ട്. മൊത്തത്തില്‍, വിഭാവനം ചെയ്ത തരത്തിലുള്ള ജി എസ് ടി പിരിവു സംവിധാനം പ്രവര്‍ത്തനക്ഷമമല്ല-സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകീകൃത നികുതിയെന്ന സ്വപ്‌നം സഫലമാകാന്‍ സമയമെടുക്കുമെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്. പുതിയ പരോക്ഷനികുതി ക്രമം 2017 ജൂലൈയിലാണു നടപ്പാക്കിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it