അതിസമ്പന്നരില്‍ നിന്ന് അധിക നികുതി, ഉയര്‍ന്ന വരുമാനക്കാര്‍ക്ക് സെസ്; നിര്‍ദേശങ്ങള്‍

കോവിഡ് 19 ന്റെ പ്രതിസന്ധി മൂലം വന്നിട്ടുള്ള കടുത്ത സാമ്പത്തിക ആഘാതം കുറയ്ക്കാനുള്ള പുതിയ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) അസോസിയേഷനില്‍ നിന്നുള്ള ഒരു കൂട്ടം ആദായനികുതി ഉദ്യോഗസ്ഥര്‍. ഇവരുടെ നിര്‍ദേശമനുസരിച്ച് അതിസമ്പന്നരില്‍ നിന്ന് അധിക നികുതി ഈടാക്കണമെന്നും 10 ലക്ഷത്തിലധികം വരുമാനം നേടുന്നവരില്‍ നിന്ന് കോവിഡ്-റിലീഫ് സെസ് വാങ്ങണമെന്നുമാണ് പറയുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടിയിലധികം വരുമാനം നേടുന്നവര്‍ക്ക് നിലവിലെ 30% നികുതിയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ആദായനികുതി സ്ലാബായ 40% ആയി ഉയര്‍ത്തണമെന്നാണ് ഉദ്യോഗസ്ഥര്‍ മുന്നോട്ട് വെക്കുന്നത്. അഞ്ച് കോടി അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആസ്തി ഉള്ളവര്‍ക്കായി സ്വത്ത് നികുതി ഏര്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉയര്‍ന്ന വരുമാനക്കാരില്‍ നിന്നും സെസ് ഈടാക്കുന്നതിന്റെ കാരണവും ഇവര്‍ പറയുന്നു. 'ഉയര്‍ന്ന വരുമാനക്കാര്‍ പലരും ഇപ്പോഴും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നു. മാത്രമല്ല താല്‍ക്കാലിക സാമ്പത്തിക ആഘാതത്തെ നേരിടാന്‍ ഇവര്‍ക്ക് പണവുമുണ്ട്. അതുകൊണ്ട് തന്നെ പരിമിതവും ഹ്രസ്വവുമായ കാലയളവിലേക്ക് എങ്കിലും ഇവര്‍ക്ക് അധിക നികുതി ചുമത്തുന്നതാണ് നല്ലത്.'

ഇത് മൂന്നു മുതല്‍ ആറ് മാസത്തേയ്ക്ക് എങ്കിലും നടപ്പാക്കാനും നികുതി ഉദ്യോഗസ്ഥര്‍ പറയുന്നു. 50 ഐആര്‍എസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം റവന്യൂ സമാഹരണത്തെയും സാമ്പത്തിക പ്രചോദനത്തെയും കുറിച്ചുള്ള ശുപാര്‍ശകളോടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സില്‍ (സിബിഡിടി) സമര്‍പ്പിച്ച 'ഫോഴ്സ് 1.0 (ധനപരമായ ഓപ്ഷനുകളും കോവിഡ് -19 പകര്‍ച്ചവ്യാധിയോടുള്ള പ്രതികരണവും)' എന്ന പ്രബന്ധത്തിന്റെ ഭാഗമാണ് ഈ നിര്‍ദ്ദേശങ്ങള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it