മരിച്ചുപോയ വ്യക്തിയുടെ ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യണം; ഇല്ലെങ്കില്‍ അനന്തരാവകാശി കുടുങ്ങും

ജൂലൈ 31 ആണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന്റെ അവസാന തീയതി. ഇക്കഴിഞ്ഞ അസസ്‌മെന്റ് വര്‍ഷത്തില്‍ മരിച്ചു പോയവര്‍ നല്‍കേണ്ടിയിരുന്ന ആദായ നികുതി റിട്ടേണിന് എന്ത് സംഭവിക്കും. ഒരു വ്യക്തി മരിച്ചുപോയി എന്നതുകൊണ്ട് അദ്ദേഹം നല്‍കേണ്ട ആദായനികുതി ബാധ്യത ഇല്ലാതാകുന്നില്ല. അതു നല്‍കാന്‍ അനന്തരാവകാശി ബാധ്യസ്ഥരാണ്. അനന്തരാവകാശി ഈ റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ല എങ്കില്‍ അത് വലിയ ബാധ്യതയായി മാറാനുള്ള സാധ്യതയുണ്ട്.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 159 ലാണ് വ്യക്തി മരിച്ചാല്‍ ആദായ നികുതി അനന്തരാവകാശിയോ വിൽ പാത്രത്തിൽ കാണിച്ചിട്ടുള്ള അവകാശിയോ നല്‍കണമെന്നത് വ്യക്തമാക്കിയിട്ടുള്ളത്.

ഇപ്രകാരം നികുതി ബാധ്യത തീര്‍ത്തിട്ടില്ലായെങ്കില്‍ മരണപ്പെട്ട വ്യക്തിയില്‍ നിന്നും അനന്തരാവകാശിക്ക് കൈമാറിയിട്ടുള്ളതോ കൈവശം വന്നു ചേര്‍ന്നതോ ആയ ആസ്തിയില്‍നിന്ന് ആ തുക ഈടാക്കാനുള്ള അധികാരം നികുതി വകുപ്പിന് ഉണ്ട്.

റീഫണ്ടും അനനന്തരാവകാശിക്ക്

മരിച്ച വ്യക്തിയുടെ പേരില്‍ ആദായനികുതി വകുപ്പില്‍ നിന്ന് റീഫണ്ട് ലഭിക്കാന്‍ ഉണ്ടെങ്കില്‍ അതു ലഭിക്കാന്‍ അനന്തരാവകാശികള്‍ക്ക് അര്‍ഹത ഉണ്ട്.

മരിച്ച വ്യക്തിയുടെ ആളുടെ പേരില്‍ ആദായനികുതി ബാധ്യത ഉണ്ടെങ്കിലോ ഇന്‍കംടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കിലോ ലീഗല്‍ റെപ്രസെന്ററ്റീവ് ആയി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു കാര്യങ്ങള്‍ ചെയ്യാം. ഇതിനായി അനന്തരാവകാശികളില്‍ ഒരാള്‍ നിയമപരമായ പ്രതിനിധിയായി രജിസ്റ്റര്‍ ചെയ്യണം.

ഇന്‍കംടാക്സ് ലോഗിനില്‍ 'Authorised Partners' ല്‍ 'Register As Representative Assessee' എന്ന മെനുവില്‍ ക്ലിക് ചെയ്യുക.

'Lets Get Started' ക്ലിക് ചെയ്തു 'Create New Request' ക്ലിക് ചെയ്യുക.

'Category of Assessee' എന്നുള്ളതില്‍ 'Deceased Legal Heir' ക്ലിക് ചെയ്യുക.

മരിച്ചുപോയ ആളുടെ പാന്‍നമ്പറും മരണപ്പെട്ട ദിവസവും കൊടുക്കുക.

'Reason for Registration' എന്നതില്‍ 'Others' ക്ലിക് ചെയ്യുക.

Number of Legal Heirs ല്‍ എത്ര അനന്തരാവകാശികള്‍ ഉണ്ട് എന്ന് രേഖപ്പെടുത്തുക. തുടര്‍ന്ന് ഓരോരുത്തരുടെയും പേര്, ആധാര്‍/ പാന്‍/ പാസ്‌പോര്‍ട്ട്/ ഇലക് ഷന്‍ ഐഡി കാര്‍ഡ് ഇവയില്‍ ഏതെങ്കിലും നമ്പര്‍ കൊടുക്കുക.

മരിച്ചയാളുടെ പാന്‍കാര്‍ഡ്, ഡെത്ത് സര്‍ട്ടിഫിക്കറ്റ് എന്നിവ പിഡിഎഫ് ആയി അറ്റാച്ച് ചെയ്യുക.

അനന്തരാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.

എന്തൊക്കെ രേഖകള്‍ വേണം?

1. കോടതിയില്‍നിന്നോ തഹസില്‍ദാര്‍ മുഖാന്തിരമോ 'വില്‍ പത്രം' അഥവാ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, വില്ലേജ്/ പഞ്ചായത്തില്‍നിന്നു ലഭിക്കുന്ന ഫാമിലി മെമ്പര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് (Family Membership Certificate) രജിസ്റ്റര്‍ ചെയ്തിട്ടുള്ള 'വില്‍' ഗവണ്‍മെന്റില്‍ നിന്നു ലഭിക്കുന്ന ഫാമിലി പെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റ് (Family Pension Certificate) ബാങ്കില്‍ നിന്നു ലഭിക്കുന്ന നോമിനേഷന്‍ സര്‍ട്ടിഫിക്കറ്റ്( Nomination Certificate) എന്നിവയില്‍ ഏതെങ്കിലും.

2. എല്ലാ അനന്തരാവകാശികളും ഒപ്പു വച്ചിട്ടുള്ള ഒരു 'ഇന്‍ഡെംമ്‌നിറ്റി ബോണ്ട്'( Indemnity Bond) നോട്ടറൈസ് (The purpose of notarisation is to certify genuineness and proper execution of documents in order to prevent fraud) ചെയ്തു സമര്‍പ്പിക്കണം. അതിന്റെ ഫോര്‍മാറ്റ് ഇന്‍കം ടാക്സ് ലോഗിനില്‍ കയറി 'ഓതറൈസ്ഡ് പാര്‍ട്‌ണേഴ്‌സ്' (Authorised Partners) ല്‍ 'Register As Representative Assessee' എന്ന മെനുവില്‍ 'Lets Get Started' എന്നതിന് താഴെ വലതുവശത്തായി 'Instructions' ല്‍ 'Things you should know before proceeding' എന്നത് ക്ലിക് ചെയ്താല്‍ കാണാം.

3. എല്ലാ രേഖകളും വിവരങ്ങളും കൊടുത്തു കഴിഞ്ഞാല്‍ ഇന്‍കം ടാക്സ് ഓഫീസര്‍ അപേക്ഷ പരിശോധിച്ച് അംഗീകരിക്കും. അതിനുശേഷം അനന്തരാവകാശി ആയി റജിസ്റ്റര്‍ ചെയ്ത ആള്‍ക്ക് മരണപ്പെട്ട ആളുടെ ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാം.

ഇത്രയും നിങ്ങള്‍ക്ക് സ്വയം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അനന്തരാവകാശിക്ക് മുകളില്‍ ഒന്നാമത് പറഞ്ഞിട്ടുള്ള രേഖകളുമായി ഇന്‍കം ടാക്‌സ് ഓഫീസിലോ അതുമല്ലെങ്കില്‍ ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാരെ ബന്ധപ്പെട്ടോ ചെയ്യണം.

Related Articles

Next Story

Videos

Share it