
ഓരോ സാമ്പത്തിക വര്‍ഷവും നികുതി സമര്‍പ്പിക്കുമ്പോള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവുകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ചാരിറ്റിയുടെ നികുതി ആനുകൂല്യം ക്ലെയിം ചെയ്യുന്നതിനുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കി. അംഗീകൃത ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്കോ എന്‍.ജി.ഒ കള്‍ക്കോ ആണ് ചാരിറ്റി ഫണ്ട് നല്‍കുന്നതെങ്കില്‍ നികുതി ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യാം.
1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 ജി പ്രകാരമാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ആനുകൂല്യം ലഭിക്കുന്നത്. ഇപ്പോള്‍ ഈ വകുപ്പ് പ്രകാരം നികുതി ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുന്നതിനുള്ള നിയമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇനിമുതല്‍ ചാരിറ്റി നല്‍കിയാല്‍ അത് ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കി ഈ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.
ഇതിനെക്കുറിച്ച് വിശദമായി അറിയാം:
പുതിയ നിയമം
സെക്ഷന്‍ 80ജി യുടെ പുതിയ വ്യവസ്ഥ അനുസരിച്ച്, ചാരിറ്റി സര്‍ട്ടിഫിക്കറ്റ് സംഭാവനയുടെ തെളിവായി പരിഗണിക്കും. ഇത് ആദായ നികുതി പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. സംഭാവനകള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുന്നില്ല എങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 2020-21 സാമ്പത്തിക വര്‍ഷം വരെ സംഭാവന നല്‍കുന്ന സ്ഥാപനം നല്‍കുന്ന രസീതിന്റെ സഹായത്തോടെ നികുതി ആനുകൂല്യം ക്ലെയിം ചെയ്യാമായിരുന്നു. ഈ ചട്ടമാണ് സര്‍ക്കാര്‍ മാറ്റിയത്.
സംഭാവന സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ?
നികുതി ആനുകൂല്യങ്ങള്‍ ഓണ്‍ലൈനായി ക്ലെയിം ചെയ്യുന്നതുള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള നിയമങ്ങള്‍ ആദായനികുതി വകുപ്പ് പുതുക്കിയിട്ടുണ്ട്. മാത്രമല്ല, മറ്റ് ഇടപാടുകള്‍ പോലെ സെക്ഷന്‍ 80 ജി പ്രകാരം സംഭാവനകള്‍ക്ക് നികുതി-ആനുകൂല്യം ക്ലെയിം ചെയ്യുന്ന പ്രക്രിയയും ഇപ്പോള്‍ ഓണ്‍ലൈനായിട്ടുണ്ട്.
സ്ഥാപനങ്ങള്‍ തെളിവ് നല്‍കണം
ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ സ്ഥാപനങ്ങളുടെ നികുതി വിവരങ്ങളില്‍ കര്‍ശനമായി രേഖപ്പെടുത്തിയിരിക്കണം. ഇതിനായി ചാരിറ്റബിള്‍ സ്ഥാപനമോ എന്‍.ജി.ഒ യോ ഒരു സാമ്പത്തിക വര്‍ഷം ലഭിച്ച മുഴുവന്‍ സംഭാവനകളുടെയും പ്രസ്താവന ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടത് ആവശ്യമാണ്. ഇതിനുപുറമെ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതും ആവശ്യമാണ്.
മെയ് 31 ന് മുമ്പ് സംഭാവന പ്രസ്താവന സമര്‍പ്പിക്കണം
ചാരിറ്റി സ്വീകരിക്കുന്ന സ്ഥാപനമോ എന്‍ജിഒയോ ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ ഇലക്ട്രോണിക് ആയി സംഭാവന വിവരങ്ങള്‍ ഫയല്‍ ചെയ്യേണ്ടത് ആവശ്യമാണ്. എല്ലാ സാമ്പത്തിക വര്‍ഷവും മെയ് 31-ന് മുമ്പ് സംഭാവനയുടെ സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യേണ്ടത് ആവശ്യമാണ്.
ഒരു ഉദാഹരണത്തിലൂടെ ഇത് എളുപ്പത്തില്‍ മനസ്സിലാക്കാം:
2022 ഓഗസ്റ്റ് 1-ന് നിങ്ങള്‍ ഒരു അംഗീകൃത സ്ഥാപനത്തിന് ഒരു ലക്ഷം രൂപ സംഭാവന ചെയ്തുവെന്ന് കരുതുക. ഈ സംഭാവന 2022-23 സാമ്പത്തിക വര്‍ഷത്തിലാണ് ഫയല്‍ ചെയ്യുന്നത്. സംഭാവന സ്വീകരിക്കുന്ന കമ്പനി 2023 മെയ് 31-നകം ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ ഈ പ്രസ്താവന സമര്‍പ്പിച്ചിരിക്കണം.
2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍, സംഭാവന സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കണം. ആദായനികുതി വകുപ്പ് നിങ്ങള്‍ നല്‍കിയ വിവരങ്ങളും സ്ഥാപനം സമര്‍പ്പിച്ച സംഭാവനയുടെ പ്രസ്താവനയുമായി ഒത്തു നോക്കും. ഇത് പൊരുത്തപ്പെട്ടാല്‍ നിങ്ങളുടെ ക്ലെയിം അംഗീകൃതമാകും.
Read DhanamOnline in English
Subscribe to Dhanam Magazine