ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ഇ-വേ ബില്ലും ഇല്ല

രണ്ടു മാസം തുടർച്ചയായി ജിഎസ്ടി റിട്ടേൺ ഫയലിംഗ് മുടക്കുന്നവരെ ചരക്കുനീക്കത്തിനുള്ള ഇ-വേ ബിൽ ജനറേറ്റ് ചെയ്യുന്നതിൽ നിന്നും വിലക്കും. 2019 ജൂൺ 21 മുതലാണ് ഈ വ്യവസ്ഥ നിലവിൽ വരികയെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

ജിഎസ്ടി കോംപോസിഷൻ സ്കീമിന് കീഴിലുള്ള ബിസിനസുകൾ, തുടർച്ചയായി രണ്ടു തവണ ജിഎസ്ടി ഫയലിംഗ് മുടക്കിയാൽ (അതായത് 6 മാസം) അവർക്ക് ഇ-വേ ബിൽ ജനറേറ്റ് ചെയ്യാനുള്ള അനുമതി ലഭിക്കില്ല.

ജിഎസ്ടി നിയമമനുസരിച്ച് പ്രതിമാസ റിട്ടേൺ ഫയൽ ചെയ്യുന്ന എല്ലാ ബിസിനസുകളും തുടർന്നുള്ള മാസത്തിന്റെ ഇരുപതാമത്തെ ദിവസത്തിനുള്ളിൽ റിട്ടേൺ ഫയൽ ചെയ്തിരിക്കണം. അതേസമയം കോംപോസിഷൻ സ്കീം തെരഞ്ഞെടുത്തിരിക്കുന്ന ബിസിനസുകൾ മൂന്നുമാസം കൂടുമ്പോൾ തുടർന്നുവരുന്ന മാസത്തിന്റെ 18 മത്തെ ദിവസത്തിനുള്ളിൽ റിട്ടേൺ സമർപ്പിക്കണം.

നികുതി വെട്ടിപ്പ് തടയാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. 2018 ഏപ്രിൽ-ഡിസംബർ കാലയളവിൽ 15,278 കോടി രൂപയുടെ 3,626 നികുതി വെട്ടിപ്പ് കേസുകളാണ് രേഖപ്പെടുത്തിയത്.

50,000 രൂപയ്ക്കു മുകളിൽ വിലയുള്ള ചരക്കുകൾ ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിനാണ് ഇ-വേ ബിൽ സംവിധാനം കൊണ്ടുവന്നത്. 2018 ഏപ്രിൽ ഒന്നുമുതലാണ് ഇത് നടപ്പിലാക്കിയത്. ഏപ്രിൽ 15 മുതൽ ഘട്ടം ഘട്ടമായി അന്തർ സംസ്ഥാന ചരക്കുനീക്കത്തിനും ഈ സംവിധാനം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it