വിപണിമാന്ദ്യം, ജി.എസ്.ടി വെട്ടിപ്പ്; ധനക്കമ്മി ലക്ഷ്യം പരിധി വിടും ?

സമ്പദ്വ്യവസ്ഥയിലെ മാന്ദ്യത്തിനു പുറമേ ജി.എസ്.ടി വെട്ടിപ്പും നരേന്ദ്ര മോദി സര്‍ക്കാരിന്റെ നികുതി ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള യത്‌നത്തില്‍ കടമ്പകളായിമാറുമെന്നു വിദഗ്ധര്‍. ജി.എസ്.ടി മുഖേനയുള്ള വരുമാനലക്ഷ്യം പ്രതീക്ഷിച്ചതിലും ഏറെ താഴുമെന്നു വ്യക്തം.

ഉപഭോഗ നികുതി ഒഴിവാക്കപ്പെടുന്ന നികുതി വ്യവസ്ഥയാണ് ജി.എസ്.ടി യിലൂടെ ഉദ്ദേശിച്ചതെങ്കിലും വ്യാജ ബില്ലിംഗ്, നികുതി വെട്ടിപ്പ്, വ്യാജ ഇന്‍വോയ്‌സിംഗ് എന്നിവയുമായി ബന്ധപ്പെട്ട നിരവധി കേസുകളാണുണ്ടായിട്ടുള്ളതെന്ന് ടാക്‌സ് കണ്‍സള്‍ട്ടന്‍സി, ഓഡിറ്റിംഗ് സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് എല്‍എല്‍പി അഭിപ്രായപ്പെട്ടു.'ഈ ദുരവസ്ഥ പെട്ടെന്നൊന്നും മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല,'- പിഡബ്ല്യുസി ഇന്ത്യയിലെ പ്രതിക് ജെയിന്‍ പറഞ്ഞു.

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനം ലക്ഷ്യമിട്ടിരുന്നതിലും 1.7 ട്രില്യണ്‍ രൂപ (24 ബില്യണ്‍ ഡോളര്‍) കുറഞ്ഞു. തുടര്‍ച്ചയായി പ്രതിമാസ ലക്ഷ്യത്തിന് ഏറെ പിന്നിലായിരുന്നു ജി.എസ്.ടി വരുമാനം. ഈ പ്രവണതയ്ക്കു തീവ്രതയേറുന്നതായാണ് ആശങ്ക.

ജിഡിപിയുടെ 3.3 ശതമാനമാകണം ധനക്കമ്മിയെന്ന ലക്ഷ്യത്തെ അപകടത്തിലാക്കുന്ന കണക്കുകളാണു ലഭ്യമാകുന്നതെന്നു നിരീക്ഷകര്‍ പറയുന്നു. വരുമാന നഷ്ടം കൂടുമ്പോള്‍ അടിസ്ഥാന സൗകര്യ കാര്യങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ക്കുമായി ചെലവഴിക്കാനുള്ള സര്‍ക്കാരിന്റെ കഴിവ് പരിമിതപ്പെടുക സ്വാഭാവികം.

ജി.ഡി.പി വളര്‍ച്ച രണ്ട് ശതമാനം വരെ ഉയര്‍ത്താന്‍ ജി.എസ്.ടി സഹായിക്കുമെന്ന് ധനമന്ത്രാലയം പ്രതീക്ഷിച്ചു. ഉപഭോഗം പുനരുജ്ജീവിപ്പിക്കുന്നതിന് ജി.എസ്.ടി നിരക്ക് കുറച്ചെങ്കിലും, സാമ്പത്തിക വികാസം മന്ദഗതിയിലായി, മാര്‍ച്ച് അവസാനിച്ച പാദത്തില്‍ 5.8 ശതമാനത്തിലേക്കു താഴ്ന്നു.

കുക്കികള്‍ മുതല്‍ കാറുകള്‍ വരെയുള്ള എല്ലാറ്റിന്റെയും ആവശ്യം വര്‍ധിച്ചുകൊണ്ടിരുന്ന സമ്പദ്വ്യവസ്ഥയിലേക്കാണ് മെല്ലെ മാന്ദ്യം കടന്നുവന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ ഏകദേശം 60 ശതമാനം സംഭാവന ചെയ്യുന്ന മേഖലയാണിത്. സാമ്പത്തിക വളര്‍ച്ച അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണു നീങ്ങുന്നത്.ചരക്ക് സേവന നികുതി റിട്ടേണുകളുടെ എണ്ണം കുറഞ്ഞതിനെപ്പറ്റിയുള്ള കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഇതിനിടെ കനത്ത ആശങ്കയുണയര്‍ത്തുന്നു.

'മെച്ചപ്പെട്ട ഐ.ടി പ്ലാറ്റ്ഫോം ഉള്ളതും കൂടുതല്‍ ഏകതാനവുമായ വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ജി.എസ്.ടി സമ്പ്രദായം കുറ്റമറ്റതാകാന്‍ കൂടുതല്‍ സമയമെടുക്കും.'-ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി പ്രൊഫസര്‍ സച്ചിദാനന്ദ മുഖര്‍ജി പറഞ്ഞു.

Related Articles

Next Story

Videos

Share it