നികുതിയിളവിനായി നിക്ഷേപം: ഒഴിവാക്കാം ഈ 5 അബദ്ധങ്ങള്‍

ഇനിയുള്ള നാളുകള്‍ നികുതി ഇളവ് തേടിയുള്ള നെട്ടോട്ടത്തിലാകും മിക്കയാളുകളും. പുതിയ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കാന്‍ മാര്‍ഗങ്ങള്‍ തേടിയുള്ള ഓട്ടം. എന്നിട്ടോ, ഒടുവില്‍ വലിയ അബദ്ധങ്ങളില്‍ ചെന്നു ചാടുകയും ചെയ്യും. നികുതിയിളവ് വേണ്ടത്ര ലഭിക്കില്ലെന്നു മാത്രമല്ല, നിക്ഷേപത്തില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ലഭിക്കാതെ പോകുകയും ചെയ്യും. 'അറിഞ്ഞിരുന്നാല്‍ ഫലം കുറഞ്ഞിരിക്കും' എന്നാണല്ലോ. സാധാരണയായി നിക്ഷേപകര്‍ വരുത്തുന്ന അഞ്ച് അബദ്ധങ്ങളാണ് ചുവടെ.

നിക്ഷേപം വൈകുന്നു

ഒരാചാരം പോലെ, എല്ലാ സാമ്പത്തിക വര്‍ഷത്തിന്റെയും അവസാനം നടത്തേണ്ടതാണ് നികുതിയിളവിനുള്ള നിക്ഷേപങ്ങളെന്ന് ധരിച്ചുവശായിരിക്കുകയാണ് പലരും. അതിനായി തിടുക്കത്തില്‍ വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. വന്‍ തുക ഒറ്റയടിക്ക് നിക്ഷേപിക്കുന്നതിലൂടെ ആ മാസത്തെ ബജറ്റ് തന്നെ താളം തെറ്റുന്നു. വര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ ചെറിയ തുക നിക്ഷേപിച്ചു തുടങ്ങുകയാണ് പരിഹാരം. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലും പ്രതിവര്‍ഷം 12 ട്രാന്‍സാക്ഷന്‍ വരെ അനുവദനീയമാണ്.

തെറ്റായ നിക്ഷേപ രീതി

നികുതിയിളവിനായി എന്തു ചെയ്യണമെന്ന ചോദ്യവുമായി ബാങ്കുകളെയോ മറ്റോ സമീപിക്കുമ്പോള്‍ അവര്‍ അവര്‍ക്ക് ഗുണകരമായ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ഉദാഹരണത്തിന് എന്‍ഡോവ്‌മെന്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍. ഇതില്‍ നിന്ന് ഇടനിലക്കാര്‍ക്ക് വലിയ കമ്മീഷന്‍ ലഭിക്കും. നിങ്ങള്‍ അടയ്ക്കുന്ന ആദ്യ പ്രീമിയത്തിന്റെ 30-35 ശതമാനം അവര്‍ക്കുള്ള കമ്മീഷനാണ്.

തുടര്‍ന്നുള്ള തവണകളിലും അഞ്ചു ശതമാനം കമ്മീഷന്‍ ലഭിക്കും. കാലാവധി തീരും വരെ നിക്ഷേപം തുടരുകയാണെങ്കില്‍ നിക്ഷേപകന് ആറോ ഏഴോ ശതമാനം റിട്ടേണ്‍ ലഭിക്കും. ഇത് ദീര്‍ഘകാല പദ്ധതിയാണെന്ന് പലര്‍ക്കുമറിയില്ല. അഞ്ചു വര്‍ഷം മാത്രം നിക്ഷേപിക്കുകയും തുടര്‍ന്ന് തുക പിന്‍വലിക്കുകയും ചെയ്യുകയാണെങ്കില്‍ അടച്ച തുക പോലും ലഭിക്കില്ല എന്ന് അറിയുക. മറിച്ച് നികുതിയിളവ് ലഭിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍, പിപിഎഫ്, ഇന്‍ഷുറന്‍സ് ടേം പ്ലാന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന നിക്ഷേപ മാര്‍ഗങ്ങള്‍ മുന്നിലുണ്ടെന്ന് ഓര്‍ക്കുക.

നിക്ഷേപം ഒന്നില്‍ തന്നെ

അഞ്ചു വര്‍ഷം മുതലുള്ള സ്ഥിര നിക്ഷേപമോ നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റുകളില്‍ നിക്ഷേപിക്കുകയോ ആണ് സാധാരണ കണ്ടു വരുന്ന മറ്റൊരു നിക്ഷേപ രീതി. എന്നാല്‍ ഇവയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി നല്‍കേണ്ടി വരും. മാത്രമല്ല പലിശ നിരക്കു കുറവാണ്. ചിലപ്പോള്‍ പണപ്പെരുപ്പ നിരക്കിനേക്കാള്‍ കുറഞ്ഞ വളര്‍ച്ച മാത്രമേ ഇത്തരം നിക്ഷേപങ്ങളില്‍ ഉണ്ടാവുകയുള്ളൂ എന്നു മനസിലാക്കി വൈവിധ്യമാര്‍ന്ന നിക്ഷേപ രീതികള്‍ അവലംബിക്കുക.

80 സിയ്ക്ക് അപ്പുറം നോട്ടമില്ല

സെക്ഷന്‍ 80 സി പ്രകാരം ലഭിക്കുന്ന നികുതിയിളവ് മാത്രമേ ഒരാള്‍ക്ക് ലഭിക്കൂവെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയുടെ പലിശ, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം, ചികിത്സാ ചെലവുകള്‍ തുടങ്ങിയവയ്ക്കും ഇളവുകള്‍ ലഭിക്കുമെന്ന് മനസിലാക്കുക. മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവന, സയന്റിഫിക് റിസര്‍ച്ച്, ഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കിയ തുക എന്നിവയ്ക്കും ഇളവുകള്‍ ലഭിക്കാന്‍ വകുപ്പുണ്ട്.

യോജിക്കാത്ത പോര്‍ട്ട്‌ഫോളിയോ

നിങ്ങളുടെ നിക്ഷേപ പദ്ധതികള്‍ ടാക്‌സ് സേവിംഗ് നിക്ഷേപങ്ങളില്ലാതെ പൂര്‍ത്തിയാകുകയില്ല. ടാക്‌സ് സേവിംഗ് നിക്ഷേപങ്ങളില്ലാതായാല്‍ നിങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ തന്നെ അസന്തുലിതമാകും. നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ ഓഹരി നിക്ഷേപം കൊണ്ട് നിറഞ്ഞിരിക്കുകയാണെങ്കില്‍ നിശ്ചിത വരുമാനം ഉറപ്പു തരുന്ന പിപിഎഫ് പോലുള്ള നിക്ഷേപങ്ങളും ഉണ്ടായിരിക്കണം.

ടാക്‌സ് സേവിംഗ് മ്യൂച്വല്‍ ഫണ്ടുകളും പരിഗണിക്കാം. നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോക്ക് അനുയോജ്യമായ ഇക്വിറ്റി-ഡെറ്റ് അനുപാതം നിങ്ങള്‍ തന്നെ കണ്ടെത്തണം. നിങ്ങളുടെ വയസ്സ്, റിസ്‌ക് ഏറ്റെടുക്കാനുള്ള സന്നദ്ധത, സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവയെയെല്ലാം പരിഗണിച്ചാണ് അനുപാതം നിശ്ചയിക്കേണ്ടത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it