കേരളത്തിന്റെ പുനർനിർമ്മാണം: ഇന്ത്യയൊട്ടാകെ  ജിഎസ്ടിക്കുമേൽ സെസ്

കേരളത്തിന്റെ പുനർനിമ്മാണത്തിനായി ഫണ്ട് സമാഹരിക്കാൻ ജിഎസ്ടിക്കുമേൽ താൽക്കാലിക സെസ് ഏർപ്പെടുത്തുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്.

നിർദേശം സെപ്റ്റംബർ 28 ന് ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ചർച്ച ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.

കേരളത്തിന് മാത്രമായി 10 ശതമാനം 'ഡിസാസ്റ്റർ സെസ്' ഏർപ്പെടുത്തുക എന്ന നിർദേശമാണ് തോമസ് ഐസക്ക് മുന്നോട്ട് വച്ചത്. എന്നാൽ കേരളത്തിന് മാത്രമായി സെസ് ഏർപ്പെടുത്താൻ സാധ്യമല്ലെന്ന് റവന്യു സെക്രട്ടറി അറിയിച്ചു.

തുടർന്ന് എല്ലാ സംസ്ഥാനങ്ങളിലും പുകയില ഉൾപ്പെടെ ചില ഉൽപന്നങ്ങൾക്ക് മാത്രം താത്കാലികമായി സെസ് ഏർപ്പെടുത്തുന്ന കാര്യം ജിഎസ്ടി കൗൺസിലുമായി ചർച്ച ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ജിഎസ്ടിയിൽ കേരളത്തിന് ലഭിക്കുന്ന നഷ്ടപരിഹാരത്തുകയിൽ ഇത്‌ തട്ടിക്കിഴിക്കില്ലെന്നും സംസ്ഥാനത്തിന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ ഇത്തരമൊരു സെസ് ഏർപ്പെടുത്തണമെങ്കിൽ ചട്ടങ്ങളിൽ ഭേദഗതി വേണ്ടിവരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സെസ് ഏർപ്പെടുത്തുന്നതിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ഉത്തരവ് വരുന്നതുവരെ കൗൺസിൽ കാത്തിരിക്കണമെന്നാണ് അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടത്.

കേരളത്തിന്റെ വായ്പാപരിധി ഉയർത്തുന്ന കാര്യം പരിഗണിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Next Story

Videos

Share it