മോദി 3.0 ആദ്യ ബജറ്റ്: ആദായ നികുതിയിൽ കാര്യമായ ആശ്വാസം പ്രതീക്ഷിച്ച് മധ്യ വർഗ്ഗം

കേന്ദ്ര ബജറ്റില്‍ ഇക്കുറി മധ്യവര്‍ഗക്കാരുടെ സമ്പാദ്യം ഉയര്‍ത്താനും ഉപഭോഗം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് 15 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവരുടെ ആദായ നികുതിയില്‍ കുറവു വരുത്തിയേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. എന്നാല്‍ എത്ര ലക്ഷം രൂപ വരെയാണ് പരിധിയെന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതുകൂടാതെ 10 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരുടെ നികുതി കുറയ്ക്കുന്നതും പരിഗണനയിലുണ്ടെന്ന് സൂചനയുണ്ട്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ജൂലൈ 22ന് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നികുതി സ്‌കീമില്‍ മാറ്റം
2020ല്‍ നടപ്പാക്കിയ നികുതി സ്‌കീമില്‍ ചിലപ്പോള്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയേക്കാം. ഈ സ്‌കീം പ്രകാരം 15 ലക്ഷം വരെയുള്ള വരുമാനത്തിന് 5 ശതമാനം മുതല്‍ 20 ശതമാനം വരെയാണ് നികുതി. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവും. വ്യക്തികളുടെ വരുമാനം മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് മടങ്ങ് വര്‍ധിച്ച് 15 ലക്ഷം രൂപയാകുമ്പോള്‍ ആദായ നികുതിയില്‍ ഉണ്ടാകുന്നത് ആറ് മടങ്ങ് വര്‍ധനയാണ്. നികുതി കുത്തനെ ഉയരുന്ന അവസ്ഥയാണ് പുതിയ നികുതി ഘടനയില്‍ ഉണ്ടാകുന്നത്.
ഇതുമൂലം പുതിയ നികുതി ഘടനയിലേക്ക് നികുതി ദായകര്‍ ഇനിയും വേണ്ടത്ര ആകൃഷ്ടരായിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാനായി ചില അധിക കിഴിവുകളും സര്‍ക്കാര്‍ നടപ്പാക്കിയേക്കാമെന്ന് കരുതുന്നുണ്ട്.
80സിയിൽ പരിഷ്‌കാരം
കൂടാതെ പഴയ നികുതി വ്യവസ്ഥയിലെ 80സി വകുപ്പ് പ്രകാരമുള്ള നികുതി കിഴിവ് 1.5 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമാക്കി മാറ്റിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. 2014ല്‍ ആദ്യ മോദിസര്‍ക്കാരിന്റെ കാലത്ത് അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായിരുന്നപ്പോഴാണ് ഇത് അവസാനമായി പരിഷ്‌കരിച്ചത്.
നിലവില്‍ പുതിയ നികുതി വ്യവസ്ഥയില്‍ 80സി പ്രകാരമുള്ള കിഴിവുകള്‍ ലഭ്യമല്ല. ഇത് പുതിയ നികുതി വ്യവസ്ഥയിലേക്ക് കൂടി വ്യാപിപ്പിച്ച് നികുതി ദായകരെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചേക്കുമെന്നും കരുതുന്നു.

പണപ്പെരുപ്പം ആശങ്ക

പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ആദായ നികുതിയില്‍ ഇളവ് നല്‍കി സാധാരണക്കാര്‍ക്ക് ആശ്വാസമേകാനുള്ള നടപടികള്‍ ബജറ്റില്‍ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ചെയന്‍മാന്‍ സഞ്ജീവ് പുരി അടക്കമുള്ളവര്‍ ഇത് ചൂണ്ടിക്കാട്ടുകയും ചെയ്തു.

മൊത്ത വില പണപ്പെരുപ്പം മേയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നെഗറ്റീവ് 3.61 ശതമാനത്തില്‍ നിന്ന് പോസിറ്റീവ് 2.61 ശതമാനമായി. തുടര്‍ച്ചയായ മൂന്നാം മാസമാണ് പണപ്പെരുപ്പം ഉയരുന്നത്. ഏപ്രിലില്‍ 1.26 ശതമാനമായിരുന്നു. റീറ്റെയ്ല്‍ പണപ്പെരുപ്പം മേയില്‍ 12 മാസത്തെ താഴ്ചയായ 4.75 ശതമാനത്തിലെത്തിയെങ്കിലും അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയാറായില്ല.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ജി.ഡി.പി വളര്‍ച്ച 8.2 ശതമാനമായിട്ടുണ്ട്. എന്നാല്‍ ഉപഭോഗം പകുതിയോളം മാത്രമാണ് വളര്‍ച്ച പ്രാപിച്ചത്.

ഉയരുന്ന പണപ്പെരുപ്പം, തൊഴിലില്ലായ്മ, കുറയുന്ന വരുമാനം എന്നിവ വോട്ടര്‍മാരില്‍ ആശങ്ക സൃഷ്ടിച്ചെന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് മധ്യ വര്‍ഗക്കാരുടെ സമ്പാദ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനായിരിക്കും പുതിയ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക എന്ന് പുതിയ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കുന്ന സമയത്ത് പ്രധാനമന്ത്രി മോദി വ്യക്തിമാക്കിയത്.

Related Articles
Next Story
Videos
Share it