ജിയോയ്ക്ക് നാല് മാസത്തിനിടെ നഷ്ടമായത് 1.64 കോടി വരിക്കാരെ, നേട്ടം ലഭിച്ചത് ബി.എസ്.എൻ.എല്ലിന്, എയര്‍ടെല്‍, വി.ഐ യ്ക്കും തിരിച്ചടി

ഒക്ടോബറിൽ 37.6 ലക്ഷം ഉപയോക്താക്കളാണ് റിലയൻസ് ജിയോ ഉപേക്ഷിച്ചത്. സ്വകാര്യ മേഖലയിലെ ടെലികോം കമ്പനികൾ ജൂലൈയിൽ ഏർപ്പെടുത്തിയ താരിഫ് വർദ്ധനയാണ് ഉപയോക്താക്കള്‍ ജിയോ ഉപേക്ഷിക്കുന്നതിനുളള കാരണം.
സെപ്തംബർ, ഓഗസ്റ്റ് മാസങ്ങളിൽ യഥാക്രമം 79.6 ലക്ഷം, 40.1 ലക്ഷം ഉപയോക്താക്കളാണ് ജിയോ ഉപേക്ഷിച്ചത്. ജൂലൈയിൽ 7.6 ലക്ഷം ഉപയോക്താക്കളും ജിയോ വിട്ടിരുന്നു.
അതേസമയം ഭാരതി എയർടെൽ മൂന്ന് മാസത്തെ തകർച്ചയ്ക്ക് ശേഷം ഒക്ടോബറില്‍ 19.2 ലക്ഷം ഉപയോക്താക്കളെ ചേർത്തു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വോഡഫോൺ ഐഡിയയ്ക്ക് (വി.ഐ) ഒക്ടോബറിൽ 19.7 ലക്ഷം ഉപയോക്താക്കളെ നഷ്‌ടപ്പെട്ടു. ഇത് വോഡഫോൺ ഐഡിയയുടെ കഴിഞ്ഞ നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
കഴിഞ്ഞ നാല് മാസത്തിനുള്ളിൽ 1.64 കോടി ഉപയോക്താക്കളെയാണ് ജിയോയ്ക്ക് നഷ്‌ടമായത്. 2024 ൽ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെല്ലിന് 55.2 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്.
സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്നുളള ഉപയോക്താക്കളുടെ കൊഴിഞ്ഞു പോക്ക് നേട്ടമായത് സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്റർ ബിഎസ്എൻഎല്ലിനാണ്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ യഥാക്രമം 29 ലക്ഷം, 25.3 ലക്ഷം, 8.4 ലക്ഷം ഉപയോക്താക്കളാണ് ബിഎസ്എൻഎല്ലില്‍ ചേര്‍ന്നത്. ഒക്ടോബറിൽ 5.1 ലക്ഷം ഉപയോക്താക്കളും ബിഎസ്എൻഎല്ലില്‍ എത്തി.
ബിഎസ്എൻഎൽ താരിഫുകൾ മാറ്റമില്ലാതെ നിലനിര്‍ത്തിയതിനാൽ എൻട്രി ലെവൽ പ്ലാനുകൾ ഉപയോഗിക്കുന്ന നിരവധി വരിക്കാരാണ് ബി.എസ്.എന്‍.എല്ലിലേക്ക് മാറിയത്. അടുത്ത വർഷം പകുതിയോടെ 1 ലക്ഷം ടവറുകളുമായി 4ജി നെറ്റ്‌വർക്ക് രാജ്യവ്യാപകമായി പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Related Articles
Next Story
Videos
Share it