ഓഫര്‍ വില്‍പ്പനയില്‍ വന്‍ കൊയ്ത്തു പ്രതീക്ഷിച്ച് ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്

രണ്ട് ഇ കൊമേഴ്‌സ് കമ്പനികളും ചേര്‍ന്ന് 600 മില്യണ്‍ ഡോളര്‍ വിറ്റുവരവുണ്ടാക്കുമെന്നു നിരീക്ഷകര്‍

-Ad-

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുന്‍നിര ഇ കൊമേഴ്‌സ് കമ്പനികളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും രാജ്യത്തു സംഘടിപ്പിച്ച വന്‍ ഓഫര്‍ വില്‍പ്പനയിലൂടെ പ്രതീക്ഷിക്കുന്ന വിറ്റുവരവ് 600 മില്യണ്‍ ഡോളര്‍. കോവിഡ് വന്നതിന്റെ പേരില്‍ വില്‍പ്പന കുറയുന്നതിന്റെ ലക്ഷണങ്ങളില്ലെന്നും കൂടാനാണ് സാധ്യതയെന്നും കമ്പനികള്‍ കരുതുന്നു. മുമ്പ് ഇത്തരം ചെറുകിട മെഗാ വില്‍പ്പനകളിലുണ്ടായതിലും ഓര്‍ഡറുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായതെന്ന് വെള്ളിയാഴ്ച സമാപിച്ച ആമസോണിന്റെ 48 മണിക്കൂര്‍ പ്രൈം ഡേ വില്‍പ്പന ചൂണ്ടിക്കാട്ടി കമ്പനി അവകാശപ്പെട്ടു. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട് സംഘടിപ്പിച്ച 5 ദിവസത്തെ ‘ബിഗ് സേവിംഗ് ഡെയ്സ്’ വില്‍പ്പന നാളെ വരെയാണ്.

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയ്സ്, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴത്തേത് പ്രബലമായ വില്‍പ്പന മേളകളല്ല.എങ്കിലും ഈ കമ്പനികള്‍ മൊത്തം 600 മില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് മേഖലയെ വിശകലനം ചെയ്യുന്ന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കള്‍ കടകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുന്നതിനാല്‍ ഇ കൊമേഴ്‌സ് ബിസിനസ് കൂടുക സ്വാഭാവികം.രണ്ട് ദിവസം കൊണ്ട് സ്മാര്‍ട്ട്ഫോണ്‍ ഹാന്‍ഡ്സെറ്റുകളുടെ ബമ്പര്‍ വില്‍പ്പനയ്ക്ക് ആമസോണ്‍ ഇന്ത്യ സാക്ഷ്യം വഹിച്ചു.ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും ഇലക്ട്രോണിക് വസ്തുക്കള്‍ക്ക് വലിയ ഡിമാന്‍ഡാണ് ലഭിക്കുന്നതെന്ന് ഫോറസ്റ്റര്‍ റിസര്‍ച്ചിലെ മുതിര്‍ന്ന പ്രവചന അനലിസ്റ്റ് സതീഷ് മീണ  പറയുന്നു.

കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് തങ്ങളുടെ ഓഫര്‍ പെരുമഴയായ പ്രൈം ഡേ ആമസോണ്‍ അവതരിപ്പിച്ചത്. നൂറുകണക്കിന് എക്‌സ്‌ക്ലൂസീവ് ഉത്പന്നങ്ങളും പുത്തന്‍ ഉത്പന്നങ്ങളും ക്യാഷ് ബാക്ക് ഓഫറുകള്‍, ഡിസ്‌കൗണ്ട് തുടങ്ങിയ ആനുകൂല്യങ്ങള്‍ സഹിതം പ്രൈം ഡേയില്‍ ഉള്‍പ്പെട്ടു. ഇത്തവണ വെര്‍ച്വല്‍ ഓപ്പറേഷന്‍ റൂം വഴിയാണ് ആമസോണിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ വീടുകളില്‍ നിന്ന് വില്പന ഏകോപിപ്പിച്ചു.

-Ad-

ഉത്പന്നങ്ങള്‍ പായ്ക്ക് ചെയ്യുന്നവര്‍, തരംതിരിക്കുന്നവര്‍, ഡെലിവറി നടത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോളും നടപ്പാക്കി.വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ടാണ് ആമസോണിന്റെ മുഖ്യ എതിരാളി. ദീപാവലി ഉള്‍പ്പെടെയുള്ള ആഘോഷ സീസണുകള്‍ വരുന്നതിനാലാണ് പ്രൈം ഡേ കൂടുതല്‍ നീട്ടി വയ്ക്കാത്തത്. അതുകൊണ്ട് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രൈം ഡേ ഓഫര്‍ പ്രഖ്യാപിച്ചു.

ധാരാളം ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രൈം ഡേയുമായി മുന്നോട്ട് പോകാന്‍ ആമസോണ്‍ തീരുമാനിച്ചിരിക്കുന്നതെന്നും ജീവിതം മുന്നോട്ട് പോയേ മതിയാകൂ എന്നും ആമസോണ്‍ ഇന്ത്യയുടെ തലവന്‍ അക്ഷയ് സാഹി പറഞ്ഞിരുന്നു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ഡെലിവറി ചെയ്യുന്നവരുടെയും സുരക്ഷയ്ക്കാണ് ആമസോണ്‍ ഇത്തവണ പ്രാധാന്യം നല്‍കുന്നതെന്നും സാഹി പറഞ്ഞു.

ആമസോണിന്റെ സ്ഥാപകനും ലോകത്തെ ഏറ്റവും ധനികനുമായ ജെഫ് ബെസോസിന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഏറെ നിര്‍ണായകമാണ്. യു.എസില്‍ സാധാരണ ജൂലൈയിലായിരുന്നു ആമസോണ്‍ പ്രൈം ഡേ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇത് നീട്ടി. പുതുക്കിയ തീയതി ഇതേവരെ അറിയിച്ചിട്ടില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here