ചെന്നൈയില്‍ ഐഫോണ്‍ നിര്‍മിക്കാന്‍ തായ്‌വാന്‍ കമ്പനി

ആപ്പ്ള്‍ ഐ ഫോണുകളുടെ ഏറ്റവും വലിയ ഉല്‍പ്പാദകരിലൊന്നായ പെഗാട്രോണ്‍ കോര്‍പറേഷന്‍ ഇന്ത്യയില്‍ 1100 കോടിയോളം രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. തായ്‌വാനീസ് കമ്പനിയായ പെഗാട്രോണ്‍ ഇതിനായി ചെന്നൈയിലെ കാസ ഗ്രാനേഡ് ഇന്‍ഡസ്ട്രിയില്‍ പാര്‍ക്കില്‍ അഞ്ചു ലക്ഷം ചതുരശ്രയടിയിലുള്ള സൗകര്യം പാട്ടത്തിനെടുത്തതായാണ് റിപ്പോര്‍ട്ട്. കമ്പനിക്ക് കീഴിലുള്ള പെഗാട്രോണ്‍ ടെക്‌നോളജി ഇന്ത്യയുടെ കീഴിലായിരിക്കും കമ്പനി ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം നടത്തുക. മറ്റൊരു ഐഫോണ്‍ നിര്‍മാണ കമ്പനിയായ വിസ്‌ട്രോണിന്റെ ബാംഗളൂരിലെ ഫാക്റ്ററിയില്‍ നടന്ന അക്രമസംഭവങ്ങളും ചെന്നൈയില്‍ നിക്ഷേപം നടത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന വിവിധ ആനുകൂല്യങ്ങളും മികച്ച ഗതാഗത സൗകര്യങ്ങളും തീരുമാനത്തിന് ബലമേകി. മറ്റൊരു കമ്പനിയായ ഫോക്‌സ്‌കോണും തമിഴ്‌നാട് ആസ്ഥാനമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

2020 ല്‍ 66 ലക്ഷം ചതുരശ്രയടിയാണ് വിവിധ കമ്പനികള്‍ തമിഴ്‌നാട്ടില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇലക്ട്രോണിക്‌സ് മേഖലയിലെ പ്രമുഖ കമ്പനികളായ ബിവൈഡി, ഫ്‌ളക്‌സ്, ഫോക്‌സ്‌കോണ്‍, മോട്ടറോള, നോകിയ, സാംസംഗ് എന്നിവയ്‌ക്കെല്ലാം തമിഴ്‌നാട്ടില്‍ ഉല്‍പ്പാദന യൂണിറ്റുകളുണ്ട്. ടാറ്റ ഇലക്ട്രോണിക്‌സും തമിഴ്‌നാട്ടിലെ ഹൊസൂരില്‍ 676 ദശലക്ഷം ഡോളര്‍ മുടക്കി മൊബീല്‍ ഫോണ്‍ അനുബന്ധ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനായി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.


Related Articles
Next Story
Videos
Share it