ഇന്ത്യയില്‍ 'വീട്' പണിയാന്‍ ആപ്പിള്‍; കോളടിച്ച് ജീവനക്കാര്‍


ഇന്ത്യയിലെ ഫാക്ടറി ജീവനക്കാര്‍ക്കായി താമസസൗകര്യങ്ങള്‍ ഒരുക്കാനുള്ള പദ്ധതിയുമായി യു.എസ് ഇലക്ട്രോണിക്സ് ബ്രാന്‍ഡായ ആപ്പിള്‍. ഇന്ത്യയില്‍ ഉല്‍പാദനം വര്‍ധിപ്പിച്ചതിന്റെ ഭാഗമായി കമ്പനി 1.5 ലക്ഷം തൊഴിലവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ക്കായി വീടൊരുക്കുന്നതെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലും വിയറ്റ്‌നാമിലുമുള്ള ജീവനക്കാര്‍ക്ക് കമ്പനി ഇത്തരത്തില്‍ വീടുകള്‍ പണിത് നല്‍കിയിട്ടുണ്ട്.

ജീവനക്കാര്‍ക്കായി 78,000 വീടുകള്‍

ഇന്ത്യയില്‍ ഫോക്സ്‌കോണ്‍, ടാറ്റ, സാല്‍കോംപ് എന്നിവയുള്‍പ്പെടെയുള്ള ആപ്പിളിന്റെ കരാര്‍ നിര്‍മ്മാതാക്കളും വിതരണക്കാരും ജീവനക്കാര്‍ക്കായി വീടുകള്‍ പണിതു നല്‍കും. പദ്ധതി പ്രകാരം 78,000 വീടുകള്‍ നിര്‍മ്മിക്കും. ഇതില്‍ ഏകദേശം 58,000 വീടുകള്‍ തമിഴ്നാടിന് ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോണ്‍ വിതരണക്കാര്‍ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂര്‍ ആസ്ഥാനമായുള്ള ഫോക്സ്‌കോണ്‍ ആണ്.

തമിഴ്നാട്ടിലെ സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രൊമോഷന്‍ കോര്‍പ്പറേഷനായിരിക്കും ഭൂരിഭാഗം വീടുകളുടെയും നിര്‍മാണം. ഒപ്പം ടാറ്റ ഗ്രൂപ്പും എസ്.പി.ആര്‍ ഇന്ത്യയും വീടുകള്‍ നിര്‍മിക്കുന്നുണ്ട്. ടാറ്റ ഇലക്ട്രോണിക്സ് 11,500 വീടുകളാണ് ഹൊസൂര്‍ പ്ലാന്റില്‍ ജീവനക്കാര്‍ക്കായി നിര്‍മ്മിക്കുക. ആപ്പിളിനായി പവര്‍ അഡാപ്റ്ററുകള്‍, എന്‍ക്ലോഷറുകള്‍, മാഗ്‌നറ്റിക്സ് എന്നിവ നിര്‍മ്മിക്കുന്ന സാല്‍കോംപിലെ ജീവനക്കാര്‍ക്കായി 3,969 വീടുകള്‍ ഒരുങ്ങും.

പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും വീടുകള്‍ നിര്‍മ്മിക്കുക. കേന്ദ്രത്തില്‍ നിന്ന് 10-15 ശതമാനം വരെ ധനസഹായം ലഭിക്കും. ബാക്കി സംസ്ഥാന സര്‍ക്കാരുകളും സംരംഭകരും നല്‍കും. 2025 മാർച്ചിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയേക്കുമെന്നാണ് സൂചന. ജീവനക്കാര്‍ക്കായി ഇത്രയും വലിയ എംപ്ലോയീസ് ഹൌസിംഗ് പ്രോജക്റ്റ് ഇന്ത്യയില്‍ ആദ്യമാണെന്ന് അധികൃതര്‍ പറയുന്നു. 2017ലാണ് ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം തുടങ്ങിയത്.

Related Articles
Next Story
Videos
Share it