Begin typing your search above and press return to search.
ബൈജൂസില്‍ വീണ്ടും പ്രതിസന്ധി; ഏഴുമാസം മുമ്പ് ചേര്‍ന്ന മലയാളി സി.ഇ.ഒയും രാജിവച്ചു
സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടുഴലുന്ന ബൈജൂസിന് വീണ്ടും തിരിച്ചടിയായി ഇന്ത്യാ വിഭാഗം സി.ഇ.ഒ അര്‍ജുന്‍ മോഹന്‍ രാജിവച്ചു. ചുമതലയേറ്റ് ഏഴ് മാസമാകുമ്പോഴാണ് അപ്രതീക്ഷിത നടപടി. നിക്ഷേപകരുമായി നിരന്തര പ്രശ്‌നങ്ങളിലായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് കനത്ത പ്രതിസന്ധിയാണ് ഉന്നതതലത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് സൃഷ്ടിക്കുന്നത്.
വരവും പോക്കും
കമ്പനിയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു അര്‍ജുനെ നിയമിച്ചത്. ഇതിനു മുന്‍പ് ബൈജൂസിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ പദവി വഹിച്ചിരുന്ന അര്‍ജുന്‍ മോഹന്‍ 2020ല്‍ കമ്പനിയില്‍ നിന്ന് രാജിവച്ച് സംരംഭകനായ റോണി സ്‌ക്ര്യൂവാലയുടെ യൂണികോണ്‍ കമ്പനിയായ അപ്‌ഗ്രേഡിന്റെ സി.ഇ.ഒ ആയി ചുമതലയേറ്റിരുന്നു. അതിനു ശേഷം ബൈജുസിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് മൃണാള്‍ മോഹിത് രാജിവച്ചപ്പോഴാണ് വീണ്ടും തിരിച്ചത്തിയത്. ബൈജൂസിന്റെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ് അര്‍ജുന്‍.
ബൈജൂസിന്റെ രക്ഷയ്ക്കായി പല പുതിയ തീരുമാനങ്ങളും അര്‍ജുന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കിയിരുന്നെങ്കിലും കമ്പനി ദിനംപ്രതി പുതിയ പ്രതിസന്ധികള്‍ നേരിടുന്ന അവസ്ഥയിലായിരുന്നു. കമ്പനിയുടെ ഉപദേശക റോളില്‍ തുടര്‍ന്നും അര്‍ജുന്‍ മോഹന്റെ സേവനമുണ്ടാകും.
ബൈജൂസിന്റെ ഉപകമ്പനിയായ ആകാശിന്റെ മേല്‍നോട്ടം കൂടി അര്‍ജുന്‍ നിര്‍വഹിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിയേഴ്‌സണ്‍ ഇന്ത്യ എം.ഡി കഴിഞ്ഞാഴ്ച ആ പദവിലേക്ക് എത്തിയിരുന്നു. ബൈജൂസില്‍ ബിസിനസ് കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ആകാശിലും റോള്‍ ഇല്ലാതായതോടെയാണ് അര്‍ജുന്‍ പിന്‍വാങ്ങുന്നത്.
ബൈജു രവീന്ദ്രന്‍ നേരിട്ട് നോക്കും
അര്‍ജുന്‍ പടിയിറങ്ങുന്നതോടെ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിന്റെ ഇന്ത്യ ബിസിനസിന്റെ മേല്‍നോട്ടം ബൈജു രവീന്ദ്രന്‍ നേരിട്ട് നിര്‍വഹിക്കുമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള സൂചനയെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലേക്ക് ബൈജു രവീന്ദ്രന്‍ തിരിച്ചു വരുന്നത്.
ദൈനംദിന പ്രവര്‍ത്തനങ്ങളിലേക്കുള്ള ബൈജുവിന്റെ തിരിച്ചുവരവിന് നിലവില്‍ വലിയ പ്രാധാന്യവുമുണ്ട്. മാത്രമല്ല നിക്ഷേപകരുടെ മനോവീര്യമുയർത്താനും ഇത് സഹായിക്കും. നിലവില്‍ നിക്ഷേപകരില്‍ നിന്ന് വലിയ എതിര്‍പ്പ് ബൈജു രവീന്ദ്രന് നേരിടേണ്ടി വരുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബൈജു രവീന്ദ്രനെ കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനായി ഒരുകൂട്ടം നിക്ഷേപകര്‍ അസാധാരണപൊതുയോഗം നടത്തുകയും എതിരായി വോട്ടിടുകയും ചെയ്തിരുന്നു. എന്നാല്‍ അസാധാരണ പൊതുയോഗത്തിന്റെ നടപടികള്‍ നടപ്പാക്കുന്നതിനതിരെ ബൈജൂസ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി.
ബൈജൂസിന്റെ പ്രതിസന്ധികള്‍ക്ക് കാരണം ബൈജുവിന്റെ മിസ്മാനേജ്‌മെന്റാണെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്. ഇതിനിടെ ബൈജൂസ് നിരവധി തവണ ജീവനക്കാരെ പിരിച്ചു വിടുകയും ബംഗളൂരുവിലേതുള്‍പ്പെടെയുള്ള പല ഓഫീസ് കെട്ടിടങ്ങള്‍ ഒഴിയുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് മാത്രം 500 ഓളം പേരെയാണ് പിരിച്ചുവിട്ടത്. ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി ശമ്പളം കൃത്യസമയത്ത് കൊടുക്കാനാകാത്തതും പ്രതിസന്ധിയാകുന്നുണ്ട്.
മൂന്നു ഡിവിഷനായി പ്രവര്‍ത്തനം
ബൈജൂസിന്റെ പ്രവര്‍ത്തനങ്ങള്‍ മൂന്നായി തിരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ദി ലേണിംഗ് ആപ്പ്, ഓണ്‍ലൈന്‍ ക്ലാസസ് ആന്‍ഡ് ട്യൂഷണന്‍ സെന്റര്‍, ടെസ്റ്റ് പ്രിപ് (Test-prep) എന്നിങ്ങനെ മൂന്നു വിഭാഗങ്ങള്‍ക്കുമായി പ്രത്യേകം മേധാവികളുമുണ്ടാകും. കമ്പനിയുടെ ലാഭക്ഷമത ഉയര്‍ത്താനായി ഓരോ വിഭാഗവും സ്വതന്ത്രമായി പ്രവര്‍ത്തനം നടത്താനാണ് ഉദ്ദേശിക്കുന്നത്.
Next Story
Videos