സോഷ്യൽ മീഡിയ, OTT പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം വരുന്നു

സോഷ്യൽ മീഡിയ ഇടനിലക്കാരുടെയും ഓവർ-ദി-ടോപ്പ് (OTT) പ്ലാറ്റ്ഫോമുകളിലെയും ഉള്ളടക്കങ്ങൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ. ഇതിനായി പുതിയ നിയമങ്ങൾ കൊണ്ടുവരാൻ ഐ ടി മന്ത്രാലയം ശ്രമം തുടങ്ങി.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സോഷ്യൽ മീഡിയ ഇടനിലക്കാർക്കായി പുതിയ നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കാൻ തയ്യാറെടുക്കുന്നുണ്ടെങ്കിലും, മതിയായ ചർച്ചകളോ കൂടിയാലോചനകളോ നടക്കാത്തതിനാൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ഇൻറർനെറ്റ് കമ്പനികളും പബ്ലിക് പോളിസി ഗ്രൂപ്പുകളുമുൾപ്പെടെയുള്ളവർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിക്കുന്നത് ഐ ടി മന്ത്രാലയം ഒരാഴ്ച വൈകിച്ചതിനും, പ്രതികരിക്കാനുള്ള സമയം 72 മണിക്കൂറിൽ നിന്ന് 32 മണിക്കൂറാക്കി വെട്ടിച്ചുരുക്കിയതിനുമെതിരെ ബന്ധപ്പെട്ട വൃത്തങ്ങൾ രംഗത്തുവന്നിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടനിലക്കാരായ ഫേസ്ബുക്ക്, ട്വിറ്റർ, ഓവർ ദി ടോപ് പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നിവയ്ക്ക് ഉള്ളടക്കത്തിൽ കൂടുതൽ ഉത്തരവാദിത്വം ഉണ്ടാക്കുന്നതിന് ചില വിഭാഗങ്ങളിൽ മാറ്റം വരുത്താനാണ് ശ്രമിക്കുന്നതെന്ന് ഐ.ടി മന്ത്രാലയം വ്യക്തമാക്കുന്നു.

സോഷ്യൽ മീഡിയ ഇടനിലക്കാരുടെയും സ്ട്രീമിങ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെയും ഉള്ളടക്കം നിരീക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതിനുമായി കേന്ദ്രസർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നുണ്ടെന്ന് ഫെബ്രുവരി 12 ന് ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ അറിയിച്ചിരുന്നു.

ഐ ടി മന്ത്രാലയം പുതിയ പദ്ധതി തയാറാക്കിയിരുന്നുവെങ്കിലും, എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉറപ്പാക്കാൻ കമ്പനികളെ നിർബന്ധമാക്കുന്നതും, പ്രതികരണ സമയം 36 മണിക്കൂറായി തീർക്കുന്നതും പോലെയുള്ള മാറ്റങ്ങൾ ബുദ്ധിമുട്ടേറിയതാണെന്ന് ഐ ടി മന്ത്രാലയത്തിലെയും മറ്റു വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

സമീപകാലത്തുണ്ടായ ട്വിറ്റർ വിവാദങ്ങളാണ് ഇത്തരത്തിൽ ഒരു നടപടിയിലേക്ക് നയിച്ചത്. എല്ലാ പഴുതുകളും അടച്ച് മുന്നോട്ടുപോകാനാണ് മന്ത്രാലയത്തിൻ്റെ ശ്രമം. ഉള്ളടക്കം നിരീക്ഷിക്കാൻ ഇതിനകം തന്നെ വലിയ ടീമുകൾ ഉണ്ടായിരിക്കുമെന്ന് ചില കമ്പനികൾ അഭിപ്രായപ്പെട്ടു.അഭിപ്രായ പ്രകടനത്തിനായുള്ള 72 മണിക്കൂർ പകുതിയായി ചുരുക്കിയത് അപകടകരമായ തീരുമാനമാണെന്നാണ് യോഗത്തിൽ പങ്കെടുത്തവരുടെ വിലയിരുത്തൽ.

നിയമവിരുദ്ധമായ ഉള്ളടക്കം ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പങ്കിടുന്നത് മുൻകൂട്ടി കണ്ടെത്താനും തടയാനും ഐ ടി നിയമത്തിലെ നിയമത്തിലെ സെക്ഷൻ 79 ഭേദഗതി ചെയ്യുക എന്നതാണ് മറ്റൊരു പ്രധാന മാറ്റം.

"എൻക്രിപ്റ്റ് സന്ദേശങ്ങളുടെ ഉള്ളടക്കം കണ്ടെത്താനുള്ള നീക്കം, പൗരന്മാരുടെ സ്വകാര്യതയ്ക്കും അവകാശങ്ങൾക്കുമെതിരെയുള്ള വെല്ലുവിളിയാണ്. ഈ വ്യവസ്ഥ വിവര സ്വകാര്യതയുടെ ലംഘനമാണ്. ഇത് സുപ്രീം കോടതി മൗലികാവകാശമായി അംഗീകരിച്ചിട്ടുണ്ട്," സോഫ്റ്റ്വെയർ ഫ്രീഡം ലോ സെൻറിൻ്റെ ലീഗൽ ഡയറക്ടർ പ്രശാന്ത് സുഗതൻ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it