വാട്‌സാപ്പ് ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കി കമ്പനികള്‍? ശരിക്കും വാട്‌സാപ്പിലൂടെ വിവരങ്ങള്‍ ചോരുമോ?

ടാറ്റ സ്റ്റീല്‍ അടക്കമുള്ള ഇന്ത്യയിലെ വമ്പന്‍ കമ്പനികളില്‍ പലരും വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം വരുത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. പ്രൈവസി പോളിസി പുതുക്കാനുള്ള കര്‍ശന നിര്‍ദേശവുമായി വാട്‌സാപ്പ് രംഗത്ത് വന്നതിനു പിന്നാലെയാണ് ഈ സുരക്ഷാ നടപടി കമ്പനികള്‍ സ്വീകരിക്കാനൊരുങ്ങുന്നത്. പ്രൈവസി പരിഷ്‌കാരങ്ങള്‍ ഫെബ്രുവരി എട്ടിനകം പൂര്‍ണമായും നടപ്പിലാക്കാനാണ് വാട്‌സാപ്പ് ഒരുങ്ങുന്നത്.

നിലവില്‍ ഔദ്യോഗിക ബിസിനസ് ആശയവിനിമയം നടത്തുമ്പോള്‍ നിരവധി കമ്പനികള്‍ സോഷ്യല്‍ മീഡിയ സന്ദേശമയയ്ക്കല്‍ ആപ്ലിക്കേഷനായ വാട്‌സാപ്പ് ഒഴിവാക്കാന്‍ ആണ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പലരും ഇത് പോളിസി ആയി ഉള്‍പ്പെടുത്താനും ആലോചിക്കുന്നു. ഇതിനായി കുറച്ച് കമ്പനികള്‍ അവരുടെ ജീവനക്കാര്‍ക്ക് ആന്തരിക സന്ദേശങ്ങളും അയച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
ഫെബ്രുവരി 8 മുതല്‍ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ആളുകള്‍ക്ക് അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വാട്ട്സാപ്പ് അതിന്റെ ആപ്ലിക്കേഷനിലെ ഒരു സന്ദേശത്തില്‍ അറിയിച്ചു. എഗ്രീ ചെയ്ത് അംഗീകരിക്കാത്ത അക്കൗണ്ടുകാര്‍ക്ക് ഇപ്പോഴും ഈ സന്ദേശം തുടരുന്നുമുണ്ട്. വാട്‌സാപ്പില്‍ ''പ്രധാനപ്പെട്ട കോര്‍പ്പറേറ്റ് കാര്യങ്ങള്‍'' പോസ്റ്റുചെയ്യരുതെന്ന് ടാറ്റാ സ്റ്റീല്‍ ജീവനക്കാര്‍ക്ക് ഒരു ഇമെയില്‍ അയച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
'പുതിയ നയമനുസരിച്ച്, ഈ പ്ലാറ്റ്ഫോമുകള്‍ക്കിടയില്‍ ഡാറ്റ കൈമാറ്റം ചെയ്യാനും പങ്കിടാനും വാട്സാപ്പ് ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമുമായി സംയോജിപ്പിക്കും. ഔദ്യോഗിക ആശയവിനിമയത്തിനായി മൈക്രോസോഫ്റ്റ് ഓഫീസ് 365 ഫെസിലിറ്റീസ്, ടീം എന്നിവ ഉപയോഗിക്കാന്‍ ഞങ്ങള്‍ ഉപദേശിക്കുന്നു,'' ടാറ്റാ സ്റ്റീലിലെ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, നെറ്റ്വര്‍ക്ക്, സൈബര്‍ സുരക്ഷ എന്നിവയുടെ ചീഫ്, മൃണാള്‍ കാന്തി പാല്‍ അയച്ച ഇമെയില്‍ സന്ദേശം ഇടി റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ.
അതേസമയം, വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ വ്യാപാരി സംഘം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് കത്ത് നല്‍കി. ഫേസ്ബുക്കില്‍ വിവരങ്ങള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ട പുതിയ മാറ്റം പിന്‍വലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ വാട്‌സാപ്പ് നിരോധിക്കണമെന്ന് അഖിലേന്ത്യാ വ്യാപാരികളുടെ കോണ്‍ഫെഡറേഷന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
ആശങ്കകള്‍ മുറുകുമ്പോള്‍ ഫേസ്ബുക്കിലെ വാട്്സാപ്പ് ഹെഡ് വില്‍ കാത്കാര്‍ട്ട് ഒരു ട്വീറ്റില്‍ തങ്ങളുടെ നയം വ്യക്തമാക്കിയിട്ടുണ്ട്.
'ലോകമെമ്പാടുമുള്ള രണ്ട് ബില്യണ്‍ ആളുകള്‍ക്ക് വ്യക്തിഗത ആശയവിനിമയം നല്‍കുന്നതിന് തങ്ങള്‍ എല്ലാവരും എത്രമാത്രം പ്രതിബദ്ധതയുള്ളവരാണെന്ന് പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ ആദ്യം മുതല്‍ അവസാനം വരെ (എന്‍ഡ് ടു എന്‍ഡ്) എന്‍ക്രിപ്ഷന്‍ വഴി പരിരക്ഷിക്കപ്പെടുന്നുണ്ട്. അത് മാറ്റാനും കഴിയില്ല. മെസേജുകള്‍ സുരക്ഷിതമായിരിക്കും. ''

വാട്‌സാപ്പ് കൊണ്ടുവന്നിരിക്കുന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് കമ്പനി പറയുന്ന കാര്യങ്ങള്‍:

ആപ്പിലൂടെ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങള്‍ പ്രധാന കമ്പനിയായ ഫെയ്സ്ബുക്കുമായി പങ്കുവെക്കാനുള്ള ശ്രമങ്ങള്‍ നേരത്തെതന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് വ്യക്തിഗത സന്ദേശങ്ങള്‍ അല്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വ്യക്തികത വിവരങ്ങള്‍ പങ്കുവയ്ക്കണോ വേണ്ടയോ എന്ന സന്ദേശമാണ് നല്‍കിവരുന്നത് എങ്കിലും പ്രാഥമിക ഡാറ്റ നിര്‍ബന്ധമായും പങ്കുവെക്കണമെന്ന് വ്യവസ്ഥ ചെയ്യുകയുമാണ് പുതിയ പോളിസി പരിഷ്‌കാരത്തില്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ ഫെയ്‌സ്ബുക്ക് പറയുന്നത് നിലവില്‍ ഉള്ളതുപോലെ തന്നെ എന്റ് ടു എന്റ് എന്‍ക്രിപ്റ്റഡ് ആയിരിക്കും ചാറ്റുകള്‍ എന്നാണ്. അതായത്, മൂന്നാമതൊരാള്‍ക്ക് അത് കാണാന്‍ സാധിക്കില്ല എന്നു തന്നെ. ഫെയ്‌സ്ബുക്കുമായി വിവരം പങ്കുവയ്ക്കുന്ന രീതിയില്‍ മാറ്റം വരില്ലെന്നും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള വ്യക്തികളുടെ സ്വകാര്യ ആശയവിനിമയത്തെ ഒരിക്കലും ബാധിക്കില്ലെന്നും വാട്‌സാപ്പ് പുതിയ മാറ്റത്തെക്കുറിച്ച് പറയുന്നു.
ഫോണ്‍ നമ്പര്‍, പണമിടപാടുകളുടെ വിവരങ്ങള്‍ (ഇന്ത്യയില്‍ ഇപ്പോള്‍ വാട്‌സാപ്പ് ഉപയോഗിച്ച് പണമിടപാട് നടത്താം), സേവനങ്ങളുടെ വിവരങ്ങള്‍, ഉപയോഗിക്കുന്ന മൊബൈലിന്റെ വിവരങ്ങള്‍, ഐപി അഡ്രസ് തുടങ്ങിയവയാണ് ഫെയ്‌സ്ബുക്കുമായി വാട്‌സാപ്പ് പങ്കുവയ്ക്കുന്നത്.
നാം അയക്കുന്ന മെസേജ് മറ്റൊരാള്‍ക്ക് ലഭിച്ച് കഴിഞ്ഞാല്‍ ആ നിമിഷം തന്നെ കമ്പനി സെര്‍വറുകളില്‍ നിന്ന് അത് ഡിലീറ്റ് ചെയ്യും. ഡെലിവര്‍ ചെയ്യാത്ത മെസേജുകള്‍ മാത്രമേ സൂക്ഷിച്ചു വയ്ക്കൂ എന്നാണ് കമ്പനി ഉറപ്പു നല്‍കുന്നത്. 30 ദിവസങ്ങള്‍ക്ക് ശേഷവും മെസേജ് ഡെലിവര്‍ ആയില്ലെങ്കില്‍ അത് സെര്‍വറുകളില്‍ നിന്ന് നീക്കം ചെയ്യും. അതിനാലാണ് ഡിസപ്പിയറിംഗ് മോഡ് പോലും വാട്‌സാപ്പ് രംഗത്ത് കൊണ്ടുവന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it