Begin typing your search above and press return to search.
ആ പ്രശ്‌നത്തിനും പരിഹാരമാകുന്നു, ഇലക്ട്രിക് വാഹനങ്ങള്‍ ഇനി അഞ്ച് മിനുട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാം
ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ സജീവമാകാന്‍ തുടങ്ങിയിട്ടുണ്ട്, എന്നാല്‍ ചാര്‍ജിംഗിന് കൂടുതല്‍ സമയം വേണ്ടിവരുന്നതാണ് ഇലക്ട്രിക് വാഹനത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നത്. സമീപഭാവിയില്‍ ഇത് പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് പലരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നത്. എന്നാല്‍ ഇനി അഞ്ച് മിനുട്ടിനുള്ളില്‍ തന്നെ പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകുന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ചിരിക്കുകയാണ് ഇസ്രായേലില്‍നിന്നുള്ള സ്റ്റാര്‍ട്ട്അപ്പ് കമ്പനി.
പെട്രോളും ഡീസലും നിറയ്ക്കുന്ന സമയത്തിനുള്ളില്‍ വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകുമെന്നാണ് ഇസ്രായേല്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ സ്റ്റോര്‍ഡോട്ടിന്റെ അവകാശവാദം.
അള്‍ട്രാ-ഫാസ്റ്റ് റീചാര്‍ജ് സ്പെഷ്യലിസ്റ്റുകളായ സ്റ്റോര്‍ഡോട്ട് വേഗത്തില്‍ ചാര്‍ജിംഗ് ചെയ്യാനാകുന്ന ഫസ്റ്റ് ജനറേഷന്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതിനായി വികസിപ്പിച്ചെടുത്തിട്ടുള്ളത്.
'ആവശ്യത്തിന് ഊര്‍ജ്ജമില്ലാതെ റോഡുകളില്‍ കുടുങ്ങിപ്പോകുമെന്ന ഡ്രൈവര്‍മാരുടെ ഉത്കണ്ഠ ഞങ്ങള്‍ മാറ്റുകയാണ്' സ്റ്റോര്‍ ഡോട്ട് സ്ഥാപകന്‍ ഡോറോണ്‍ മിയേഴ്സ്ഡോര്‍ഫ് പറഞ്ഞു.
നിലവില്‍ ഒരു ഇലക്ട്രിക് കാര്‍ റീചാര്‍ജ് ചെയ്യുന്നതിന് മണിക്കൂറുകള്‍ ആവശ്യമായതിനാല്‍ ഇതിലൂടെ ഉപഭോക്താവിന്റെ സമയനഷ്ടം ഇല്ലാതാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ നൂറുകണക്കിന് വാഹനങ്ങളില്‍ ഈ സാങ്കേതിക വിദ്യ സ്‌റ്റോര്‍ഡോട്ട് പരീക്ഷിച്ചിട്ടുണ്ട്. ടെല്‍ അവീവിനടുത്തുള്ള ഹെര്‍സ്ലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റോര്‍ഡോട്ട് നാല് വമ്പന്മാരുമായി കൈകോര്‍ത്തിട്ടുണ്ട്. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഡെയ്മ്‌ലര്‍, യുകെയിലെ ബ്രിട്ടീഷ് പെട്രോളിയം, ഇലക്ട്രോണിക് ഭീമന്മാരായ സാംസങ്, ടിഡികെ എന്നിവരുമായാണ് സ്റ്റോര്‍ഡോട്ട് കൈകോര്‍ത്തിട്ടുള്ളത്.
2012 ല്‍ മിയേഴ്സ്ഡോര്‍ഫ് ആരംഭിച്ച കമ്പനി, ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് രംഗത്ത് ഗവേഷണം നടത്തുന്നതിന് മുമ്പ് ഫോണുകളിലും ഡ്രോണുകളിലും സ്‌കൂട്ടറുകളിലും ബാറ്ററി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
Next Story
Videos