ഫെയ്‌സ്ബുക്കും വാട്‌സാപ്പും ട്വിറ്ററും നാളെ മുതല്‍ ഇന്ത്യയില്‍ ലഭ്യമാകില്ല? വാര്‍ത്തകളിലെ വാസ്തവമെന്താണ്

'ഫെയ്‌സ്ബുക്കും വാട്‌സാപ്പും ട്വിറ്ററും നാളെ മുതല്‍ ഇന്ത്യയില്‍ ലഭ്യമാകില്ല.' ഇതാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. ഈ വാര്‍ത്ത പങ്കുവച്ച് നിരവധി ദേശീയമാധ്യമങ്ങളടക്കമുള്ളവ രംഗത്തെത്തിയിട്ടുമുണ്ട്. സത്യമിതാണ്, കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫെയ്‌സ്‌സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ പോളിസികള്‍ മാറ്റിയില്ലെങ്കില്‍ നാളെ മുതല്‍ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല. നേരത്തെ തന്നെ ഇക്കാര്യത്തില്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇവര്‍ ഇന്ന് വരെ നിലപാട് മാറ്റിയല്ല. ഇങ്ങനെയെങ്കില്‍ ഇന്ത്യയില്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ നാളെ മുതല്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യന്‍ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ സമൂഹമാധ്യമ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്കും ഫെയ്‌സ്ബുക്കിന്റെ കീഴില്‍ വരുന്ന ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവയും ഇത്തരത്തില്‍ നിരോധനത്തിന്റെ ഭീഷണിയിലാണ്.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം
കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ പ്രശ്‌നപരിഹാരത്തിനും സുരക്ഷ ഉറപ്പാക്കാനുമായി ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിയമിക്കണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് സ്വയം നിയന്ത്രണ കോഡ് ഇല്ലെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. അതിനാല്‍, കമ്പനികള്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തുകയും ഉള്ളടക്കം നിയന്ത്രിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുകയും വേണം.
സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക, കണ്ടന്റുകള്‍ പരിശോധിക്കുക, വേണ്ടിവന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ പ്രതിനിധികളുടെ ചുമതലയായിരിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മാത്രമല്ല, ഒടിടികള്‍ക്കും ഇത് ബാധകമാണ്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം ഉള്‍പ്പെടെയുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ ഇന്ത്യ ആസ്ഥാനമായി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതുണ്ട്, അവര്‍ പരാതികള്‍ ശ്രദ്ധിക്കുകയും 15 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

അതേ സമയം ഈ പ്രശ്നത്തില്‍ ചില മാധ്യമങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ നിലപാട് പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഐടി നയത്തിലെ മാര്‍ഗനിര്‍ദേശങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഇക്കാര്യം അവർ പുനഃപരിശോധന നടത്തിയേക്കും. ഉപഭോക്താക്കളുടെഅഭിപ്രായ സ്വതന്ത്ര്യം ഉറപ്പുവരുത്തുമെന്നും ഫെയ്‌സ്ബുക്ക് പ്രതികരിച്ചു. ട്വിറ്റര്‍ പോലുള്ള ചില പ്ലാറ്റ്ഫോമുകള്‍ പ്രതികരിക്കാന്‍‍ തയ്യാറായില്ല എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്. സർക്കാർ ഇക്കാര്യത്തിൽ എന്ത് നടപടിയാകും സ്വീകരിക്കുക എന്നു വ്യക്തമാക്കിയിട്ടില്ല. ഈ ആപ്പുകൾ നിരോധിക്കുമോ എന്നതും അതിനാൽ വ്യക്തമല്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it