ഫെയ്‌സ്ബുക്കില്‍ വ്യാജന്മാരുടെ വിളയാട്ടം; കരുതിയിരിക്കാന്‍ വിദഗ്ധര്‍ പറയുന്ന വഴികളിതാ!

സമൂഹത്തിൽ അറിയപ്പെടുന്നവർ, ഉൾപ്പെടെയുള്ളവരുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടുന്ന വ്യാജന്മാരെ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുന്നു. ഇത്തരം പരാതികൾ ഉയർന്നുവന്നിട്ട് വർഷങ്ങളായെങ്കിലും ഇന്നും ഒരു പരിഹാരവും കാണാതെ തുടരുന്നു. ഫേസ്ബുക്ക് അടക്കം സോഷ്യൽ മീഡിയകൾ ഇതിനെതിരെ നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും വ്യാജന്മാരുടെ വിളയാട്ടത്തിന് യാതൊരു പരിഹാരവുമില്ല.

എന്താണ് വ്യാജന്മാരുടെ പൊതുവായ രീതി?

യഥാര്‍ത്ഥ പ്രൊഫൈല്‍ ഉടമയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ഫോട്ടോസ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് അതേ പേര് ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിക്കുന്നത്. ഇതിന് പുറമെ യഥാര്‍ത്ഥ അക്കൗണ്ടില്‍ നിന്നും ഉടമയുടെ സുഹൃത്തുക്കളുടെ ലിസ്റ്റും കൈക്കലാക്കുന്നു. ഇതിനുശേഷം ഉടമയുടെ ഫേസ്ബുക്ക് സുഹൃത്തുക്കളോട് മെസ്സേജ് അയച്ച്, ഓണ്‍ലൈന്‍ ആയി പണം അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടാണ് പണം തട്ടുന്നത്.ഇതിനിടയിൽ പുതിയ അക്കൗണ്ട് ആണെന്ന് ധരിപ്പിച്ചു ഫ്രണ്ട്സ് റിക്വസ്റ്റും അയക്കുന്നു.എഫ് ബി യുടെ മെസ്സഞ്ചറിൽ സുഹൃത്തെന്ന നിലയിൽ എത്തുന്നയാൾ പെട്ടെന്ന് ഒരു അത്യാവശ്യം എന്നുപറഞ്ഞ് ഒന്ന് രണ്ട് പതിനായിരങ്ങൾ ആവശ്യപ്പെടും. അക്കൗണ്ട് നമ്പറും നൽകും. ഗൂഗിൾ അക്കൗണ്ട് നമ്പർ ആണ് കൂടുതലും നൽകുന്നത്. ഒരേ സമയം ഒറിജിനൽ ആളുമായി ബന്ധപ്പെട്ട നിരവധി പേരോട് പണം ആവശ്യപ്പെടും. തന്റെ പ്രൊഫൈൽ രണ്ട് പ്രാവശ്യം ഇതേ രീതിയിൽ ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ചതായി കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ അനിൽകുമാർ വടവാതൂർ പറഞ്ഞു. തന്റെ ഫ്രണ്ട്സ് ലിസ്റ്റിലുള്ള പലരുമായും ചാറ്റ് ചെയ്തു. മലയാളത്തിൽ അങ്ങോട്ട് ചാറ്റ് ചെയ്യുമ്പോൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആണ് ഇവരുടെ ചോദ്യ ഉത്തരങ്ങൾ. തങ്ങളുടെ പല ഗ്രൂപ്പുകളിലും റിക്വസ്റ്റ് അയച്ചു പെട്ടെന്ന് ആ ഗ്രൂപ്പുകളിൽ അംഗമായി ഇതിലൂടെ ഇവർ മറ്റ് സുഹൃത്തുക്കളെ കൂടുതൽ വിശ്വസിപ്പിക്കാനും ശ്രമിക്കും.

എന്താണ് പരിഹാരം?

ചോദിക്കുന്നവർ ഒറിജിനൽ ആണെന്ന് വിശ്വസിച്ച്, പണം നൽകി അബദ്ധം പറ്റിയവർ ഏറെയാണന്ന്‌ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവന്‍സർ രതീഷ്.ആർ.മേനോൻ പറയുന്നു. സമൂഹത്തിൽ അറിയപ്പെടുന്നവരെയും ബിസിനസ്സുകാരെയൊക്കെയുമാണ് ഇവർ ടാർജറ്റ്‌ ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം കാര്യങ്ങളിൽ വളരെ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറയുന്നു. അക്കൗണ്ട് ഒറിജിനൽ ആണോ എന്ന് പരിശോധിക്കാതെ ആർക്കും പണം അയക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ സൗഹൃദ ലിസ്റ്റില്‍ ഇല്ലാത്തവര്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഫോട്ടോസ് ഡൗണ്‍ലോഡ് ചെയ്യാതിരിക്കുന്നതിനും നിങ്ങളുടെ സുഹൃത്തുക്കളുടെ ലിസ്റ്റ് കാണാതിരിക്കുന്നതിനും ഫേസ്ബുക്കിന്റെ പ്രൈവസി സെറ്റിംഗ്സ് ആവശ്യാനുസരണം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ നിങ്ങളുടെ സുഹൃത്തുക്കള്‍ ഫേസ്ബുക്ക് വഴി മെസ്സേജ് അയച്ച്, പണം ഓണ്‍ലൈന്‍ ആയി അയച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍, പണം അയച്ചു കൊടുക്കുന്നതിന് മുമ്പായി സുഹൃത്തിനെ നേരിട്ട് ബന്ധപ്പെട്ട് വിവരം ഉറപ്പു വരുത്തേണ്ടതാണ്.ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കുമ്പോഴും അക്കൗണ്ടിന്റെ സത്യാവസ്ഥ ഉറപ്പു വരുത്തേണ്ടതുണ്ട്. ഫേസ്ബുക്കില്‍ പരിചയമില്ലാത്ത ആരടെയെങ്കിലും ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയാല്‍ ആ വ്യക്തിയുടെ പ്രൊഫൈല്‍ തുറന്ന് എബൗട്ട് അസ് (About US) എന്ന വിഭാഗം പരിശോധിക്കുക. ആ വ്യക്തിയെ കുറിച്ച് അടിസ്ഥാനപരമായ യാതൊരു വിവരവും (പഠിച്ച സ്കൂള്‍, കോളേജ്) ഇല്ലെങ്കില്‍ ആ പ്രൊഫൈല്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് രതീഷ് പറഞ്ഞു.ഈയിടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന സോഷ്യൽ മീഡിയ റെഗുലേഷൻ, ഇത്തരം വ്യാജന്മാരെക്കൂടി ഉദ്ദേശിച്ചുള്ളതാണെന്ന് സൈബർ സുരക്ഷാ വിദഗ്ദൻ ആദർശ് നായർ അഭിപ്രായപ്പെട്ടു. 24മണിക്കൂറിനകം ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ഇതിന് വേണ്ടി ഒരു ഓഫീസറെ നിയമിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു സാമൂഹിക മാധ്യമങ്ങൾ ഒരു ഓഫീസറെ നിയമിക്കുകയും ചെയ്തിരുന്നു. എങ്കിലും സ്വയം സുരക്ഷകൾ ഒരുക്കുക എന്നുള്ളത് തന്നെയാണ് ആദ്യം ചെയ്യേണ്ടത്. ഫോണിലൂടെയെങ്കിലും വാസ്തവം തിരിച്ചറിഞ്ഞതിനുശേഷം മാത്രമേ ആരും പണം അയക്കാവൂവെന്ന് അദ്ദേഹം പറഞ്ഞു.

ആവശ്യം വന്നാല്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ എങ്ങനെ ലോക്ക് ചെയ്യാം?

ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ഫേസ്ബുക്ക് സുഹൃത്തല്ലാത്ത ഒരാള്‍ക്ക് നിങ്ങളുടെ അക്കൗണ്ടിന്റെ പരിമിതമായ വിവരങ്ങള്‍ മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ. നിങ്ങളുടെ മൊബൈലില്‍ പ്രൊഫൈൽ സെറ്റിംഗ്സിൽ ലോക്ക് പ്രൊഫൈൽ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് പ്രൊഫൈല്‍ ലോക്ക് ചെയ്യാവുന്നതാണ്. കൂടാതെ, ഫേസ്ബുക്കിലെ പ്രൈവസി ചെക്ക്‌ അപ്പ്, പ്രൈവസി സെറ്റിംഗ്സ്, ടൈം ലൈൻ റിവ്യൂ, ടാഗ് റിവ്യൂ, പ്രൊഫൈൽ പിക്ചർ ഗാർഡ്, ടു സ്റ്റെപ് വെരിഫിക്കേഷൻ തുടങ്ങിയ വിവിധ ഓപ്ഷനുകളും ആവശ്യാനുസരണം ഉപയോഗപ്പെടുത്താവുന്നതാണ്.

തട്ടിപ്പ് സന്ദേശം ലഭിച്ചാൽ എന്താണ് ചെയ്യേണ്ടത്?

ആർക്കെങ്കിലും തട്ടിപ്പു സന്ദേശങ്ങൾ ലഭിച്ചാൽ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ളവരെല്ലാം കരുതിയിരിക്കണമെന്ന് തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിലെ ഡിവൈഎസ്പി ടി.ശ്യാംലാൽ പറഞ്ഞു. സന്ദേശം ലഭിച്ചയുടൻ വിവരം എത്രയും വേഗം സുഹൃത്തുക്കളെ അറിയിക്കണം. ഒരാൾ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാൽ ആ വ്യാജ പ്രൊഫൈലിൽ പോയി റിപ്പോർട്ട്‌ ഓപ്ഷൻ എടുത്ത് ഫേസ്ബുക്കിനെ അറിയിച്ചു ഡിലീറ്റ് ചെയ്യിപ്പിക്കാൻ കഴിയും. ഒറിജിനൽ ആളിന്റെ കൂടുതൽ സുഹൃത്തുക്കൾ അങ്ങനെ റിപ്പോർട്ട്‌ ചെയ്താൽ പെട്ടെന്ന് തന്നെ ഫേസ്ബുക് ഈ അക്കൗണ്ട് അപ്രത്യക്ഷമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ സേവനങ്ങൾ ചെയ്യാൻ അറിയാത്ത ഒരാൾ എന്തു ചെയ്യണം?

ആവശ്യമെങ്കിൽ പൊതുജനങ്ങൾക്ക് ഇതിനുവേണ്ട എല്ലാ സഹായവും ഓരോ ജില്ലയിലെയും സൈബർ സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുമെന്ന് ഇടുക്കി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ലിജോ പറഞ്ഞു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it