Begin typing your search above and press return to search.
ഈയൊരൊറ്റ കാര്യം മതി ബംഗളൂരുവില്‍ ജോലി ചെയ്യാന്‍, ഗൂഗിള്‍ ജീവനക്കാരന്റെ അനുഭവം വൈറല്‍
ഇന്ത്യയുടെ ഐ.റ്റി തലസ്ഥാനമെന്നറിയപ്പെടുന്ന ബംഗളൂരുവിന് ജീവിതച്ചെലവ് കൂടിയ നഗരമെന്ന ഖ്യാതി കൂടിയുണ്ട്. അടുത്തിടെയുണ്ടായ ശുദ്ധജല ദൗര്‍ലഭ്യവും സ്ഥിരമുള്ള ഗതാഗത കുരുക്കും ഉണ്ടെങ്കിലും ബംഗളൂരുവില്‍ ജോലി ചെയ്യണമെന്നുള്ള ആഗ്രഹമുള്ളവരാണ് യുവതലമുറയിലെ പ്രഫഷണല്‍ ജോലിക്കാരില്‍ പലരും. അതിന് പല കാരണങ്ങളും ഓരോരുത്തര്‍ക്കുമുണ്ടാകും. എന്നാല്‍ ഓഫീസിലേക്കും തിരിച്ചും സൗജന്യമായി വാഹന സൗകര്യമുള്ളതാണ് ബംഗളൂരുവില്‍ ജോലി ചെയ്യുന്നതിലെ ഏറ്റവും വലിയ രസമെന്ന തരത്തില്‍ ഗൂഗിള്‍ ജീവനക്കാരന്റെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സൗജന്യമായുള്ള വാഹന സൗകര്യം ഓരോ മാസവും കുറേയധികം പണം ലാഭിക്കാനും സഹായിച്ചെന്ന് പ്രിയാന്‍ഷ് അഗര്‍വാള്‍ എന്ന ജീവനക്കാരന്‍ സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചു.
പോസ്റ്റിലെ വരികള്‍ ഇങ്ങനെയാണ് ' ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രക്ക് ഗൂഗിള്‍ എനിക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗളൂരുവില്‍ ജീവിക്കുന്നതിലെ ഏറ്റവും വലിയ ഹരം ഇത് തന്നെയാണ്. ഓഫീസില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് ഞാന്‍ താമസിക്കുന്നതെങ്കിലും ഒരിക്കലും ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് വേണ്ടി എനിക്ക് കാത്തിരിക്കേണ്ടി വന്നിട്ടില്ല. ഈ സംവിധാനം കുറേയധികം പണം ലാഭിക്കുന്നതിനും എന്നെ സഹായിച്ചു. മറ്റ് ചില കമ്പനികളും ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ ഞാന്‍ മുമ്പ് ജോലി ചെയ്തിരുന്ന കമ്പനികളില്‍ ഇതുണ്ടായിരുന്നില്ല. തികച്ചും പുതിയ അനുഭവമാണിത്'.
അതേസമയം, ഇദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തവര്‍ക്ക് പറയാനുള്ളത് വേറെ കഥകളാണ്. നിലവില്‍ ബംഗളൂരുവിലെ മിക്ക ഐ.റ്റി കമ്പനികളും ജീവനക്കാര്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്താറുണ്ടെന്നാണ് ഇവരുടെ അഭിപ്രായം. ഇനി കമ്പനി വണ്ടിയുണ്ടെങ്കിലും ബംഗളൂരു നഗരത്തിലെ ഗതാഗതകുരുക്കില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്നാണ് ചിലരുടെ ചോദ്യം. എന്തായാലും പ്രിയാന്‍ഷുവിന്റെ പോസ്റ്റ് സാമൂഹ്യ മാധ്യമത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിട്ടുണ്ട്.
Next Story
Videos