Begin typing your search above and press return to search.
ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ; ദേശീയനയവുമായി കേന്ദ്രം
ഇ- ഗവേണന്‍സ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള ദേശീയ നയം പുറത്തിറക്കി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം. ക്രിപ്‌റ്റോ കറന്‍സികളുടെ അടിസ്ഥാന സാങ്കേതികവിദ്യയാണ് ബ്ലോക്ക്‌ചെയിന്‍. ബ്ലോക്ക്‌ചെയിന്‍ അധിഷ്ടിത പ്ലാറ്റ്‌ഫോമുകള്‍, സാങ്കേതികവിദ്യയിലെ വികസനവും ഗവേഷണവും തുടങ്ങിയവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ സാധിക്കുന്ന 44 പ്രധാന മേഖലകളെയും മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇ-വോട്ടിങ്, ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളില്‍ ബ്ലോക്ക്‌ടെക്ക്‌നോളജിയുടെ സാധ്യത ഉപയോഗപ്പെടുത്താനും മന്ത്രാലയം ആവശ്യപ്പെട്ടു. ചൈന, യുഎഇ, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകളെപ്പറ്റിയും മന്ത്രാലയം പരാമര്‍ശിച്ചിട്ടുണ്ട്. നേരത്തെ ഡിജിറ്റല്‍ കറന്‍യുടെ കാര്യത്തിലും മറ്റ് രാജ്യങ്ങളുടെ മാതൃകകള്‍ പരിഗണിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
എന്താണ് ബ്ലോക്ക്‌ചെയിന്‍
ക്രിപ്‌റ്റോകറന്‍സികളുമായി ബന്ധപ്പെട്ടാണ് പലരും ബ്ലോക്ക്‌ചെയിന്‍ എന്ന വാക്ക് കേട്ടിരിക്കുക. ഡാറ്റ സംഭരിച്ചുവെക്കുന്ന ഒരു സാങ്കേതികവിദ്യ തന്നെയാണ് ബ്ലോക്ക്‌ചെയിനും. എന്നാല്‍ ഡാറ്റ സൂക്ഷിച്ച് വെക്കുന്ന രീതിക്ക് വ്യത്യാസമുണ്ട്. ഒരോ ബ്ലോക്കുകളായാണ് ഡാറ്റ സൂക്ഷിക്കുന്നത്. ഒരോ ബ്ലോക്കുകളും പരസ്പരം ബന്ധിപ്പിക്കും. ബ്ലോക്ക്‌ചെയിനില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ അത് മായ്ച്ചുകളയുടെ ബുദ്ധിമുട്ടേറിയ കാര്യമാണ്.
ഡാറ്റ സൂക്ഷിക്കുന്നത് ഒരാളായിരിക്കില്ല. ഒരു ശൃംഖലയില്‍ ഉള്‍പ്പെട്ട എല്ലാവരും ആയിരിക്കും. ക്രിപ്‌റ്റോ കറന്‍സികളെ സംബന്ധിച്ചിടത്തോളം ഇടപാടുകളുടെ രേഖകളാണ് ബ്ലോക്ക്‌ചെയിനില്‍ സൂക്ഷിക്കുന്നത്. ബ്ലോക്ക്‌ചെയിനില്‍ ഉള്‍ക്കൊള്ളിക്കുന്ന വിവരങ്ങളില്‍ കൃത്രിമം നടത്താന്‍ സാധിക്കില്ല. ഈ സാങ്കേതിതവിദ്യ ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ സുരക്ഷിതമായി സര്‍ക്കാരുകള്‍ക്ക് സേവനങ്ങള്‍ നല്‍കാം എന്നതാണ് പ്രത്യേകത.
Next Story
Videos