
രാജ്യത്തെ സോഷ്യല്‍മീഡിയ നിയന്ത്രണങ്ങള്‍ക്ക് ഇപ്പോള്‍ തുടരുന്ന രീതിയുമായി മുന്നോട്ടുപോകും, സോഷ്യല്‍ മീഡിയയ്ക്ക് റെഗുലേറ്ററെ നിയമിക്കാനുള്ള നിര്‍ദ്ദേശമില്ലെന്ന് സര്‍ക്കാര്‍ ബുധനാഴ്ച ലോക്‌സഭയില്‍ പറഞ്ഞു. ഐടി, കമ്യൂണിക്കേഷന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് എഴുതി നല്‍കിയ മറുപടിയിലാണ് ഉടന്‍ അത്തരമൊരു തീരുമാനത്തിന് സാധ്യതയില്ലെന്ന് വ്യക്തമാക്കയത്.
എന്നാല്‍ അപകീര്‍ത്തിപ്പെടുത്താനും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനും അതിക്രമങ്ങള്‍ വ്യാപിപ്പിക്കാനും സ്ത്രീകളോടുള്ള അതിക്രമത്തിനും സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറയുന്നു. ശക്തമായ പരാതി പരിഹാര സംവിധാനം വികസിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ശരിയായ സാമൂഹ്യ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ അതിനെ നിയന്ത്രിക്കാനുള്ള ഒരു സംവിധാനം ഇപ്പോള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ ഐടി ആക്ടില്‍ ( Technology Act, 2000. Section 79 ) പെടുത്തി മോശമായ ഉള്ളടക്കങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതും മറ്റും സര്‍ക്കാര്‍ തുടരും.
ഇടനിലക്കാര്‍ക്ക് ഈ വകുപ്പ് ബാധ്യതയില്‍ നിന്ന് ഇളവ് നല്‍കുന്നു, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (2) മായി ബന്ധപ്പെട്ട നിയമവിരുദ്ധമായ ഉള്ളടക്കം അപ്രാപ്തമാക്കുകയും നീക്കം ചെയ്യുകയും ചെയ്യേണ്ടതുണ്ടെങ്കില്‍, ഉചിതമായ സര്‍ക്കാര്‍ ഏജന്‍സിയെ അറിയിക്കാം.
ഇത്തരത്തില്‍ രാജ്യത്തിന്റെ അഖണ്ഡത, പ്രതിരോധം, ആഭ്യന്തര സമാധാനം, മറ്റ് രാജ്യങ്ങളുമായ സൗഹൃദം ഇവയെ പ്രതികൂലമായി ബാധിക്കുന്ന നീക്കങ്ങള്‍ ശ്രദ്ധിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ നടപടി ശക്തമായിരിക്കും.
2020 ല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും 9849 കണ്ടന്റുകള്‍ ഇത്തരത്തില്‍ നീക്കം ചെയ്തിട്ടുണ്ട്. ഇതില്‍ യുആര്‍എല്ലുകള്‍, അക്കൗണ്ടുകള്‍, വെബ് പേജുകള്‍ എല്ലാം ഉള്‍പ്പെടുന്നു- മന്ത്രി അറിയിച്ചു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) മുന്നോട്ടുവയ്ക്കുന്ന അഭിപ്രായ സ്വതന്ത്ര്യം എന്ന മൂല്യത്തിന് സര്‍ക്കാര്‍ പ്രത്യേക പ്രധാന്യമാണ് നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും സര്‍ക്കാര്‍ സ്വഗതം ചെയ്യുന്നു. പക്ഷെ ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന അതിര്‍വരുമ്പുകളില്‍ നിന്നാകണമെന്നും വിശദമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine