എല്‍ സാല്‍വദോറിന്റെ പാതയില്‍; ഇനി ഹോണ്ടുറാസിലും ബിറ്റ് കോയിന്‍ ഉപയോഗിക്കാം നിയമപരമായി തന്നെ
വടക്കേ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസ്, സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ ബിറ്റ്‌കോയിന്‍ ഉപയോഗിക്കാന്‍ നിയമപരമായി അംഗീകാരം നല്‍കി. എല്‍ സാല്‍വദോറിന് ശേഷം ബിറ്റ്‌കോയിന് ലീഗല്‍ ടെന്‍ഡര്‍ നല്‍കുന്ന ആദ്യ രാജ്യമാണ് ഹോണ്ടുറാസ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഹോണ്ടുറാസിന്റെ അയല്‍ രാജ്യമായ എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിനെ ലീഗല്‍ ടെന്‍ഡറായി അംഗീകരിച്ചത്.
ഏതെങ്കിലും ഒരു ക്രിപ്‌റ്റോ കറന്‍സിയെ ലീഗല്‍ ടെന്‍ഡറായി അംഗീകരിച്ച ആദ്യ രാജ്യവും എല്‍ സാല്‍വദോര്‍ ആണ്. ഒരു കറന്‍സിയെ നിയമപരമായി ഇടപാടുകള്‍ നടത്താന്‍ അംഗീകരിക്കുന്നതിനെ ആണ് ലീഗല്‍ ടെന്‍ഡര്‍ എന്ന് പറയുന്നത്. വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് 2020ല്‍ നിലവില്‍ വന്ന ഹോണ്ടുറാസ് പ്രോസ്പര എന്ന സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലാണ്, ബിറ്റ്‌കോയിന്‍ ഉപയോഗിക്കാന്‍ അനുമതി.
നേരത്തെ ഹോണ്ടുറാസ് മൊത്തത്തില്‍ ബിറ്റ്‌കോയിന്‍ നിയമപരമാക്കുമെന്ന രീതിയല്‍ വാര്‍ത്തകള്‍ വന്നിരുന്നു. പ്രാദേശിക സര്‍ക്കാരുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ബിറ്റ്‌കോയിന്‍ ബോണ്ടുകള്‍ പുറത്തിറക്കാനും സ്‌പെഷ്യല്‍ ഇക്കണോമിക്ക് സോണില്‍ അനുമതി ഉണ്ടാവും. റോട്ടന്‍ ദ്വീപിന്റെ ഭാഗങ്ങളും അറ്റ്‌ലാന്റിക് തീരത്തുള്ള ലാ സീബ നഗരവും ഉല്‍ക്കൊള്ളുന്നതാണ് ഹോണ്ടുറാസ് പ്രോസ്‌പെറ.