യൂറോപ്യന്‍ യൂണിയന് പിന്നാലെ ഒരേ മോഡല്‍ ചാര്‍ജര്‍ നയം നടപ്പാക്കാന്‍ ഇന്ത്യ

സ്മാര്‍ട്ട്‌ഫോണ്‍ (Smartphones), ടാബ്‌ലെറ്റ് (Tablet), ലാപ്‌ടോപ് (Laptop) അങ്ങനെ ഡിവൈസ് ഏതുമാകട്ടെ ഒരേ ചാര്‍ജര്‍ തന്നെ ഉപയോഗിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ സൗകര്യം ആയേനെ അല്ലെ. യൂറോപ്യന്‍ യൂണിയന് പിന്നാലെ ഇന്ത്യയും ഒരേ മോഡല്‍ ചാര്‍ജര്‍ നയം നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ്. വിഷയത്തില്‍ മേഖലയിലുള്ളവരോട് അഭിപ്രായം ആരാഞ്ഞ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം കത്തെഴുതി.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗ്ലാസ്ഗോയില്‍ നടന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ (CoP 26) പ്രധാനമന്ത്രി പ്രഖ്യാപിച്ച ലൈഫ് - ലൈഫ് സ്‌റ്റൈല്‍ ഫോര്‍ ദ എന്‍വയോണ്‍മെന്റ് എന്ന ആശയത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നീക്കം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലുമായി ബന്ധപ്പെട്ട നാഷണല്‍ ഡിറ്റര്‍മൈന്‍ഡ് കോണ്‍ട്രിബ്യൂഷന്‍ ഇന്ത്യ പുതുക്കിയിരുന്നു. അത് പ്രകാരം കാര്‍ബണ്‍ ബഹിര്‍ഗമനം പുറന്തള്ളല്‍ 2030-ഓടെ ജിഡിപിയുടെ 45% ആയി കുറയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ഒരേ മോഡല്‍ ചാര്‍ജര്‍ ഉപയോഗിക്കുന്നതിലൂടെ ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഓരോ തവണ പുതിയ ഡിവൈസുകള്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ പ്രത്യേകം ചാര്‍ജറും കേബിളുകളും വാങ്ങാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു. ഇത് ഒഴിവാക്കാവുന്ന ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റ് 17ന് നടക്കുന്ന യോഗത്തിലേക്ക് മന്ത്രാലയം വിവിധ സംഘടനകളെ ക്ഷണിച്ചിട്ടുണ്ട്.
സ്മാര്‍ട്ട്ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഡിവൈസുകളുടെയും ചാര്‍ജറുകള്‍ യുഎസ്ബി ടൈപ്-സി (type c charger) ആയിരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍(EU) നിലപാട് എടുത്തിരുന്നു. ടൈപ് സിയിലേക്ക് മറാന്‍ കമ്പനികള്‍ക്ക് രണ്ട് വര്‍ഷത്തെ സമയവും യൂറോപ്യന്‍ യൂണിയന്‍ നല്‍കിയിട്ടുണ്ട്. രാജ്യങ്ങള്‍ ഒരേ മോഡല്‍ ചാര്‍ജര്‍ നയം സ്വീകരിക്കുന്നത് ഏറ്റവും അധികം ബാധിക്കുക ഇപ്പോഴും സി -പോര്‍ട്ടിന് പകരം പ്രൊപ്രൈറ്ററി പോര്‍ട്ട് (ലൈറ്റിനിംഗ് പോര്‍ട്ട്) ഉപയോഗിക്കുന്ന ആപ്പിളിനെ ആയിരിക്കും.
2020 മുതല്‍ ആപ്പിള്‍ ഐഫോണിനൊപ്പം ചാര്‍ജര്‍ നല്‍കുന്നില്ല. ലൈറ്റിനിംഗ് കേബിള്‍ മാത്രമാണ് ഐഫോണിനൊപ്പം ലഭിക്കുക. നിലവില്‍ ആപ്പിള്‍ ഉപഭോക്താക്കല്‍ ചാര്‍ജര്‍ പ്രത്യേകം വാങ്ങുകയാണ് ചെയ്യുന്നത്. ആപ്പിളിനെ മാത്രമല്ല ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കാത്ത നത്തിംഗ് ഉള്‍പ്പടെയുള്ള കമ്പനികള്‍, വിവിധ തരത്തിലുള്ള ചാര്‍ജറുകള്‍ നല്‍കുന്ന ഗെയിം കണ്‍സോളുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടാബ്ലറ്റുകള്‍, ഹെഡ്ഫോണുകള്‍, ക്യാമറകള്‍ ഉള്‍പ്പടെയുള്ളവ പുറത്തിറക്കുന്ന എല്ലാ കമ്പനികളെയും തീരുമാനം ബാധിക്കും.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it