ഇന്ത്യക്കാരെ പോക്കറ്റിലാക്കണം, അല്ലാതെ രക്ഷയില്ല!

നോക്കിയ അല്ലെങ്കിൽ സാംസംഗ്‌, പിന്നല്ലെങ്കിൽ ഐഫോൺ. പത്തു വർഷം മുൻപ് പുതിയ ഫോൺ വാങ്ങാൻ ആലോചിക്കുന്ന ഒരു ശരാശരി ഇന്ത്യാക്കാരന് തെരഞ്ഞെടുക്കാൻ കൈയിലെണ്ണാവുന്നത്ര ബ്രാൻഡുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്നാണെങ്കിലോ ഓരോ ദിവസവുമെന്നോണം പുതിയ സ്മാർട്ട്ഫോൺ കമ്പനികൾ എത്തിക്കൊണ്ടിരിക്കുകയാണ്. ചൈനക്കാരനാണ് ഇതിൽ മുൻപന്തിയിൽ.

സ്മാർട്ട്ഫോൺ ലോകത്തെ ചൈനീസ് കടന്നുകയറ്റം ഏറ്റവുമധികം തളർത്തിയത് ഐഫോണിനെയാണ്. ഐഫോണിനേക്കാൾ 30-40 ശതമാനം വിലക്കുറവാണ് അതേ സ്പെസിഫിക്കേഷനുകൾ ഉള്ള ചൈനീസ് ബ്രാൻഡുകൾക്ക്.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രീമിയം ഫോൺ എന്ന സ്ഥാനം ഐഫോണിൽ നിന്ന് ഈയിടെ ചൈനയുടെ വൺ പ്ലസ് തട്ടിയെടുത്തു.

2018-ൽ ഐഫോണിന്റെ ഇന്ത്യയിലെ വിൽപന നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി കണക്കുകൾ. 2018 ൽ വിറ്റുപോയ ഐഫോണുകളുടെ എണ്ണം തൊട്ടു മുൻപത്തെ വർഷത്തേതിന്റെ പകുതിയോളം മാത്രമാണ്. 2014 ന് ശേഷമുള്ള ഐഫോണിന്റെ ഏറ്റവും മോശം പ്രകടനമാണിത്. ഒക്ടോബർ-ഡിസംബർ പാദത്തിൽ ആപ്പിൾ 4 ലക്ഷം ഐഫോണുകൾ ഇന്ത്യയിൽ വിറ്റഴിച്ചപ്പോൾ, വൺപ്ലസ് വിറ്റത് 5 ലക്ഷം ഫോണുകളാണ്.

വിലയാണ് വില്ലനെന്ന് തിരിച്ചറിഞ്ഞ്‌ ആപ്പിൾ

വിലയാണ് ഐഫോണിന്റെ ജനപ്രിയത കുറച്ചത്. ആപ്പിളിന്റേത് പ്രീമിയം സെഗ്‌മെന്റിലുള്ള ഹൈ-സ്പെസിഫിക്കേഷൻ ഫോണുകളാണ്. അതുകൊണ്ടുതന്നെ വിലയും ഉയർന്നതാണ്. ഉയർന്ന ഇറക്കുമതി ചെലവും നാണയ വിനിമയ നിരക്കും കാരണം വില്പനക്കെത്തുമ്പോഴേക്കും സാധാരണക്കാർക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത വിലയായിരിക്കും ഫോണിന്.

വില്പന കുറഞ്ഞെങ്കിലും ഇന്ത്യ ആപ്പിളിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിപണിയാണെന്നാണ് സിഇഒ ടിം കുക്ക് അഭിപ്രായപ്പെട്ടത്. ഭാവിയിൽ ഇന്ത്യൻ വിപണിയിൽ കൂടുതൽ മെച്ചപ്പെടണം. സ്വന്തം സ്റ്റോറുകൾ തുറക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. തങ്ങളുടെ ഉല്പന്നത്തിന്മേലുള്ള തീരുവ കുറയ്ക്കണമെന്നും ആപ്പിൾ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഫോക്സ്കോണിന്റെ പ്രാദേശിക യൂണിറ്റുകളിൽ തങ്ങളുടെ പ്രീമിയം ഫോണുകൾ അസെംബിൾ ചെയ്യുക വഴി വിലകുറക്കാൻ ആപ്പിൾ ശ്രമിക്കുന്നുമുണ്ട്.

'ഇന്ത്യ-ഫസ്റ്റ്' തന്ത്രവുമായി സാംസംഗ്‌

ഷവോമിയുടെ ഇന്ത്യയിലെ കുതിപ്പിന് തടയിടാൻ സാംസംഗ്‌ തന്ത്രം മാറ്റി പയറ്റുകയാണ്. ഇന്ത്യയിലെ ചെറുപ്പക്കാരെ ആകർഷിക്കാൻ മൂന്ന് പുതിയ എം-സീരീസ് ഫോണുകളാണ് സാംസംഗ്‌ ഇറക്കുന്നത്. 2018-ലെ കഴിഞ്ഞ മൂന്ന് ത്രൈമാസ പാദങ്ങളിലും വിപണി വിഹിതത്തിൽ ഷവോമിയുടെ പിന്നിലായിരുന്നു സാംസംഗ്‌.

10,000- 20,000 രൂപ വില വരുന്ന ഈ ഫോണുകൾ ജനുവരി അവസാനം ഇന്ത്യയിൽ ലോഞ്ച് ചെയ്തതിന് ശേഷമേ, അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കുകയുള്ളൂ.

എന്തൊക്കെയായാലും ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയെ മാറ്റി നിർത്തി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ ഒരു കമ്പനിക്കുമാവില്ല. രാജ്യത്ത് ഇനിയും 350 ദശലക്ഷം പേർ സ്മാർട്ട്ഫോൺ ഇല്ലാത്തവവരാണ്. ഈ സാധ്യത കണ്ടില്ലെന്ന് നടിക്കാൻ ആർക്കാണ് കഴിയുക!

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it