ഓണ്‍ലൈന്‍ ഉള്ളടക്കത്തിന് നിയമത്തിലൂടെ നിയന്ത്രണം ആവശ്യം: സക്കര്‍ബര്‍ഗ്

ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ ഹാനികരമാകാതിരിക്കാന്‍ നിയമാധിഷ്ഠിതമായ നിയന്ത്രണം ആവശ്യമാണെന്ന് ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. അതേസമയം, അമിതമായ നിയന്ത്രണം വ്യക്തിഗത ആവിഷ്‌കാരത്തെ തടസ്സപ്പെടുത്തുമെന്ന് ചൈനയെ ഉദാഹരണമായി എടുത്തുകാട്ടി അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മാധ്യമങ്ങള്‍ക്കും ടെലികോം കമ്പനികള്‍ക്കും ഇടയിലായി സോഷ്യല്‍ മീഡിയയെ കാണണമെന്ന് ജര്‍മനിയില്‍ നടന്ന മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കവേ ഫെയ്സ്ബുക്ക് മേധാവി അഭിപ്രായപ്പെട്ടു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ ഭീമന്മാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കവേയാണ് നിയന്ത്രണത്തെ പിന്തുണയ്ക്കുന്നതായി അദ്ദേഹം തുറന്നുപറഞ്ഞത്.

ടെലികോം, മീഡിയ കമ്പനികള്‍ക്കായി നിലവിലുള്ള നിയമങ്ങളുടെ മിശ്രിതമായിരിക്കണം സോഷ്യല്‍ മീഡിയക്കായുള്ള നിര്‍ദ്ദിഷ്ട നിയമം.
അത്തരം നിയന്ത്രണത്തിന്റെ അഭാവത്തില്‍ സോഷ്യല്‍ മീഡിയയെ സന്തുലിതമാക്കാനാകില്ല- അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ഉള്ളടക്ക നിലവാരം കാത്തുസൂക്ഷിക്കാന്‍ ഫെയ്സ്ബുക്ക് ഇടപെടലുകള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ വിവരങ്ങളുടെയും തെറ്റിദ്ധാരണ പടര്‍ത്തുന്ന സന്ദേശങ്ങളുടെയും പ്രചാരണം ഓണ്‍ലൈനില്‍ വ്യാപകമാവുന്നതിനെ തുടര്‍ന്ന് ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ വലിയ വിമര്‍ശനം നേരിടുന്നുണ്ട്. പല രാജ്യങ്ങളും ഓണ്‍ലൈന്‍ കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ വ്യാജവാര്‍ത്തകളെയും ഉള്ളടക്കങ്ങളെയും നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.

പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കവും സുരക്ഷയും അവലോകനം ചെയ്യുന്ന 35,000 പേരുടെ ഒരു ടീം ഫേസ്ബുക്കിനുണ്ടെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ, പ്രതിദിനം ഒരു ദശലക്ഷത്തിലധികം വ്യാജ അക്കൗണ്ടുകളാണ് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it