മെറ്റയുടെ ലോഗോ സക്കര്‍ബര്‍ഗ് കോപ്പിയടിച്ചതോ..? കേസുമായി ഡിഫിനിറ്റി

കേസുകളും കോപ്പിയടി ആരോപണങ്ങളും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് (Mark Zuckerberg) പുതുമയല്ല. ഫേസ്ബുക്കിന്റെ ആശയം തങ്ങളുടേതാണെന്ന് വാദിച്ച് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സഹപാഠികളായിരുന്ന കാമറൂണ്‍-ടെയ്‌ലര്‍ സഹോദരന്മാര്‍ നല്‍കിയ കേസ് ലോക പ്രശസ്തമാണ്. 65 മില്യണ്‍ ഡോളര്‍ നല്‍കിയാണ് അന്ന് ഫേസ്ബുക്ക് കേസ് ഒത്തുതീര്‍പ്പാക്കിയത്.

ഇപ്പോള്‍ ഫേസ്ബുക്ക് കമ്പനി പേരുമാറ്റി മെറ്റ ആയപ്പോഴും കോപ്പിയടി ആരോപണം ഉയരുകയാണ്. ഇത്തവണ മെറ്റ ഉപയോഗിക്കുന്ന ഇന്‍ഫിനിറ്റി ലോഗോയ്ക്കാണ് അവകാശികള്‍ എത്തിയിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്‌ചെയിന്‍ കമ്പനി ഡിഫിനിറ്റിയാണ് (Dfinity) കോപ്പിയടി ആരോണം ഉന്നയിക്കുന്നത്. 2017 മുതല്‍ ഇന്‍ഫിനിറ്റി ലോഗോ ഉപയോഗിക്കുന്ന സ്ഥാപമാണ് ഡിഫിനിറ്റി.

വിഷയത്തില്‍ യുഎസിലെ നോര്‍ത്ത് കാലിഫോര്‍ണിയ കോടതിയില്‍ ഡിഫിനിറ്റി കേസും ഫയല്‍ ചെയ്തു. മെറ്റയുടെ (Meta) ലോഗോയുമായി ഡിഫിനിറ്റിയുടേതിന് കാര്യമായ വ്യത്യാസമുണ്ട്. ഡിഫിനിറ്റി കൃത്യമായ ഇന്‍ഫിനിറ്റി ആകൃതി ഉപയോഗിക്കുമ്പോള്‍ ഒഴുക്കന്‍ രീതിയുള്ളതാണ് മെറ്റയുടെ ലോഗോ. മാത്രമല്ല ഡിഫിനിഫ്ഫി ലോഗോ പല നിറങ്ങള്‍ ചേര്‍ന്നതാണ്. ഫേസ്ബുക്കിന്റെ പ്രശസ്തമായ നീലനിറമാണ് മെറ്റയുടെ ലോഗോയ്ക്ക് നല്‍കിയിരിക്കുന്നത്.

മെറ്റ ഇന്‍ഫിനിറ്റി ലോഗോ ഉപയോഗിക്കാന്‍ തുടങ്ങിയ ശേഷം വരുമാനം ഇടിഞ്ഞു എന്നാണ് ഡിഫിനിറ്റിയുടെ ആരോപണം. ഇരു കമ്പനികളും ഓരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് കമ്പനികളെ പരസ്പരം മാറിപ്പോകുന്നു എന്നാണ് പരാതി. പലരും മെറ്റയുമായി ബന്ധപ്പെട്ട കമ്പനിയാണ് ഡിഫിനിറ്റി എന്ന് തെറ്റിദ്ധരിക്കുന്നതായും പരാതിയില്‍ പറയുന്നു.

ഇരു കമ്പനികളുടെയും ലോഗോയ്ക്ക് യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ് (USPTO) അംഗീകാരം നല്‍കിയതാണ്. 2021 നവംബര്‍ ഒന്നിനാണ് മെറ്റ എന്ന പേര് ഫേസ്ബുക്ക് (Facebook) സ്വീകരിച്ചതും പുതിയ ലോഗോ അവതരിപ്പിച്ചതും. വിഷയത്തില്‍ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles
Next Story
Videos
Share it