53 കോടി ഫേസ്ബുക്ക് യൂസര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു
ഫേസ്ബുക്കില്‍ വീണ്ടും വന്‍തോതില്‍ ഡാറ്റാ ചോര്‍ച്ച നടന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. 53.30 കോടി ഫേസ്ബുക്ക് യൂസര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് സൈബര്‍ ക്രൈം ഇന്റലിജന്‍സ് സ്ഥാപനമായ ഹഡ്‌സണ്‍ റോക്കിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ അലോണ്‍ ഗാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
106 രാജ്യങ്ങളിലെ 533 ദശലക്ഷം ഫേസ്ബുക്ക് യൂസര്‍മാരുടെ ഡാറ്റ ചോര്‍ന്നതില്‍ ഏറ്റവുമധികം അമേരിക്കയിലാണ്. യു എസിലെ 3.2 കോടി യൂസര്‍മാരുടെ വ്യക്തിവിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ 61 ലക്ഷം ഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.
ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ ഫോണ്‍ നമ്പറുകള്‍, ഫേസ്ബുക്ക് ഐ ഡി, ഫുള്‍ നെയിം, ലൊക്കേഷന്‍, മുമ്പത്തെ ലൊക്കേഷന്‍, ഡേറ്റ് ഓഫ് ബെര്‍ത്ത്, ഇ മെയില്‍ അഡ്രസ്, എക്കൗണ്ട് ഉണ്ടാക്കിയ ദിവസം, റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ്, ബയോഡാറ്റ എന്നീ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് അലോണ്‍ ഗാല്‍ വെളിപ്പെടുത്തുന്നത്. ഹാക്കര്‍ ഫോറങ്ങളില്‍ ഈ വിവരങ്ങള്‍ ലഭ്യമാണെന്ന് ഗാല്‍ കണ്ടെത്തി.
മാര്‍ക്കറ്റിംഗ്, ഹാക്കിംഗ്, സ്‌കാമിംഗ്, സോഷ്യല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയെടുത്ത വ്യക്തിവിവരങ്ങള്‍ ദുരുപയോഗപ്പെടുത്താനിടയുണ്ടെന്ന് ഗാല്‍ മുന്നറിയിപ്പ് നല്‍കുന്നു. ബാങ്ക് എക്കൗണ്ടുകളില്‍ നിന്നും പണം ചോര്‍ത്തുന്ന ഫിഷിംഗ് മാഫിയ ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ചാലുണ്ടാകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും.
ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഡാറ്റാ ചോര്‍ച്ചക്ക് പിന്നാലെയാണ് പുതിയ ഡാറ്റാ മോഷണം സംബന്ധിച്ച വിവരങ്ങള്‍ അലോണ്‍ ഗാല്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഫേസ്ബുക്കില്‍ ഡാറ്റാ ചോര്‍ച്ച നടന്നതായി ജനുരിയില്‍ ഗാല്‍ തന്നെയാണ് കണ്ടെത്തിയത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ ഹാക്കര്‍ ഫോറങ്ങളില്‍ ചെറിയ വിലക്ക് വില്‍പന നടത്തുന്നതിന്റെ വിവരങ്ങള്‍ അദ്ദേഹം പുറത്തുകൊണ്ടുവന്നു. എന്നാല്‍ ഇത് വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
വീണ്ടും വ്യാപകമായ ഡാറ്റാ ചോര്‍ച്ചയുണ്ടായതോടെ ഫേസ്ബുക്കിന്റെ ഭാഗത്തു നിന്നുള്ള ഗുരുതരമായ സുരക്ഷാ വീഴ്ച ലോകമാകെ ചര്‍ച്ച ചെയ്യുകയാണ്. ഇത് 2019ലെ ഡാറ്റാ ചോര്‍ച്ചയാണെന്നും അത് പരിഹരിച്ചതാണെന്നും ഫേസ്ബുക്ക് പ്രതികരിച്ചുവെങ്കിലും അതിന് തെളിവ് ഹാജരാക്കാന്‍ അവര്‍ക്ക് സാധിക്കാതിരുന്നതിനാല്‍ പുതിയ വെളിപ്പെടുത്തല്‍ കൂടുതല്‍ ഗൗരവതരമെന്നാണ് ടെക്‌നോളജി മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.
2019ലെ ഡാറ്റാ മോഷണം കണ്ടെത്തി പരിഹരിച്ചതായി ഫേസ്ബുക്ക് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വ്യക്തിഗത വിവരങ്ങള്‍ നഷ്ടമായ യൂസര്‍മാരെ ഇക്കാര്യം അറിയിക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫേസ്ബുക്കിലെ വ്യക്തിഗത വിവരങ്ങള്‍ അടിക്കടി ചോരുന്ന സാഹചര്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് പുതിയ പരിരക്ഷാ സംവിധാനം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്ന് വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച മൊബി ക്വിക് ഡിജിറ്റല്‍ വാലറ്റ് ആപ്പ് ഉപയോഗിക്കുന്ന കോടിക്കണക്കിന് ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡാറ്റാ മോഷണം കൈകാര്യം ചെയ്യുന്നതിന് പര്യാപ്തമായ ശക്തമായ സൈബര്‍ നിയമനിര്‍മാണത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് ഇന്ത്യാ ടുഡെ ടെക് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം യൂസര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന ക്രൗഡ് ഫണ്ടഡ് വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെക്യൂരിറ്റി അനലിസ്റ്റായ ട്രോയ് ഹണ്ട് നടത്തുന്ന HaveIBeenPwned.com പോലുള്ള സൈറ്റുകളില്‍ കയറി സ്വന്തം ഇ മെയില്‍ ടൈപ്പ് ചെയ്ത് കൊടുത്താല്‍ വിവരചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും.