ഓണ്‍ലൈന്‍ തട്ടിപ്പ്: സംശയകരമായ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ ആര്‍.ബി.ഐ

രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തില്‍ സംശയാസ്പദമായ അക്കൗണ്ടുകള്‍ താത്കാലികമായി മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി റിസര്‍വ് ബാങ്ക്. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടനുണ്ടായേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

2021 മുതല്‍ ഇതുവരെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകാര്‍ക്ക് വിവിധ തട്ടിപ്പുകളിലൂടെ 1.26 ബില്യണ്‍ ഡോളറിനടത്ത് (10,000 കോടി രൂപയ്ക്ക് മുകളില്‍) തുക നഷ്ടമായെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഓരോ ദിവസവും 4,000ത്തോളം വ്യാജ അക്കൗണ്ടുകളാണ് രാജ്യത്ത് തുറക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴിയും പേമെന്റ് ആപ്ലിക്കേഷനുകള്‍ വഴിയും തട്ടിപ്പ് നടത്തുന്നവരില്‍ നിന്ന് ദിനംപ്രതി പതിനായിരക്കണക്കിന് ആളുകള്‍ക്ക് കോളുകള്‍ ലഭിക്കുന്നുമുണ്ട്.
ഫലപ്രാപ്തിയിൽ ആശങ്ക
പല ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ടെങ്കിലും തട്ടിപ്പുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണ്. ഇതിനെതിരെ പോരാടാനാണ് റിസര്‍വ് ബാങ്ക് ഏതെങ്കിലും തരത്തില്‍ തട്ടിപ്പ് നടത്തിയെന്ന് തെളിയുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നത്. എന്നാല്‍ ഇതെത്രത്തോളം ഫലപ്രദമാണെന്നതില്‍ സംശയം ഉയരുന്നുണ്ട്.
കാരണം പലപ്പോഴും തട്ടിപ്പ് നടന്നെന്ന് മനസിലാകുന്നവര്‍ പോലീസില്‍ പരാതി നല്‍കിയശേഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത്. നിമിഷം നേരം കൊണ്ടു തന്നെ അക്കൗണ്ടുകളില്‍ നിന്ന് പണം മാറ്റമെന്നുള്ളതാനാല്‍ പണം തിരിച്ചു കിട്ടാനുള്ള സാധ്യത കുറവാണ്. പോലീസ് ക്രൈം റിപ്പോര്‍ട്ട് നല്‍കാതെ അക്കൗണ്ട് മരവിപ്പാക്കാന്‍ സാധിക്കില്ല.
പണം തട്ടിയെടുത്തതുമായിബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടരലക്ഷത്തോളം അക്കൗണ്ടുകളാണ് സര്‍ക്കാര്‍ റദ്ദാക്കിയത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it