പേറ്റന്റ് വാരിയെടുക്കാന്‍ അംബാനി; അപേക്ഷ ഫയല്‍ ചെയ്യുന്നത് ആഴ്ചയില്‍ 100 എന്ന കണക്കില്‍
കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ തണലില്‍ ബിസിനസ് സാമ്രാജ്യം കൂടുതല്‍ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് മുകേഷ് അംബാനി. ഇന്ത്യയിലും പുറത്തും തുടങ്ങാനായി ലക്ഷ്യമിടുന്ന പുതിയ കമ്പനികള്‍ക്കായി 3,000 പേറ്റന്റുകള്‍ക്കാണ് റിയലന്‍സ് ഇന്‍ഡസ്ട്രീസ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ അമേരിക്ക, കാനഡ, യൂറോപ്പ്, എസ്റ്റോണിയ, ദക്ഷിണ കൊറിയ, തെക്കേ അമേരിക്ക തുടങ്ങി നിരവധി രാജ്യങ്ങളിലും പേറ്റന്റുകള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ നൂറെണ്ണം എന്ന കണക്കിലാണ് റിലയന്‍സിന്റെ പേറ്റന്റ് അപേക്ഷകള്‍ വിവിധ രാജ്യങ്ങളില്‍ ഫയല്‍ ചെയ്യുന്നത്.
എല്ലാം ഐ.ടി ബിസിനസ്
ഐ.ടിയുമായി ബന്ധപ്പെട്ട പേറ്റന്റുകള്‍ക്കാണ് റിലയന്‍സ് കൂടുതലും ശ്രമിക്കുന്നത്. ഈ മേഖലയില്‍ നൂതനാശയങ്ങള്‍ക്ക് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലെ വര്‍ധിച്ച പിന്തുണയാണ് കമ്പനിക്ക് പ്രചോദനമാകുന്നത്. നാരോ ബാൻഡ് ഇന്റര്‍നെറ്റ്, എ.ഐ ലാര്‍ജ് ലാംഗ്വേജ് മോഡല്‍, എ.ഐ ഡീപ്പ് ലേണിംഗ്, ബിഗ് ഡാറ്റ, ക്വാണ്ടം എ.എ, 5 ജി, 6 ജി നെറ്റ് വര്‍ക്ക് തുടങ്ങി ഏറ്റവും പുതിയ സാങ്കേതിക വിദ്യകളിലാണ് റിലയന്‍സ് ശ്രദ്ധയൂന്നുന്നത്. 2023 മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് റിലയന്‍സ് ജിയോ 331 പുതിയ പേറ്റന്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
സമീപ ഭാവിയില്‍ 6 ജി കണക്ടിവിറ്റിയിലേക്കുള്ള കാല്‍വെപ്പാണ് മുകേഷ് അംബാനി നടത്തുന്നതെന്നാണ് സൂചനകള്‍. 5 ജി, 6 ജി മേഖലകളിലായി 350 പേറ്റന്റുകള്‍ക്കാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ലോകത്ത് 6 ജി പേറ്റന്റുകളില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. ചൈന, യു.എസ്, ദക്ഷിണ കൊറിയ എന്നിവരാണ് ആദ്യ സ്ഥാനങ്ങളില്‍.
ഗവേഷണത്തിന് 11,000 കോടി രൂപ
വിവിധ മേഖലകളിൽ ബിസിനസ് വളര്‍ത്തുന്നതിനുള്ള ഗവേഷണത്തിനായി 11,000 കോടി രൂപ വകയിരുത്തിയതായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക മീറ്റിംഗില്‍ വെളിപ്പെടുത്തിയിരുന്നു. ടെക്‌നോളജി മേഖലയില്‍ സ്വന്തം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് കമ്പനിയുടെ രീതി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബയോ എനര്‍ജി, സോളാര്‍ എനര്‍ജി, ഹൈ വാല്യൂ കെമിക്കല്‍സ് എന്നീ മേഖലകളിലാണ് കമ്പനി ശ്രദ്ധ ചെലുത്തിയിരുന്നത്. ഈ രംഗത്ത് 2,555 പേറ്റന്റുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം അപേക്ഷ നല്‍കിയത്. ഈ വര്‍ഷം റിലയന്‍സിന്റെ ശ്രദ്ധ നിര്‍മിത ബുദ്ധിയിലേക്കും അനുബന്ധ മേഖലയിലേക്കുമാണ്. പുത്തന്‍ ടെക്‌നോളജി കൊണ്ടു വരുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിവിധ രാജ്യങ്ങളിലെ യുണിവേഴ്സിറ്റികളുമായി സഹകരണമുണ്ടാക്കി വരികയാണ്. ഫിന്‍ലാന്റിലെ ഔലു സര്‍വ്വകലാശാലയുമായി ഹോളോഗ്രാഫിക് ബീം ഫോര്‍മിംഗ്, 3ഡി കണക്ടഡ് ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, മൈക്രോ ഇലക്ടോണിക്‌സ് തുടങ്ങിയ മേഖലകളില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഐ.ഐ.ടികളുമായും സഹകരണമുണ്ട്.